Tamil
അഡ്വാൻസ് ബുക്കിങിൽ റെക്കോർഡ് നേട്ടവുമായി സൂര്യയുടെ കങ്കുവ
അഡ്വാൻസ് ബുക്കിങിൽ റെക്കോർഡ് നേട്ടവുമായി സൂര്യയുടെ കങ്കുവ
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം.
സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വിവരമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ വൻ അഡ്വാൻസ് ബുക്കിങ്ങാണ് കങ്കുവയ്ക്ക് ലഭിച്ചത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് അഡ്വാൻസ് ബുക്കിങിലെ ഈ നേട്ടം എന്നത് എടുത്ത് പറയണം.
കേരളത്തിൽ നിന്ന് മാത്രം ഒരുകോടിയാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്. നാല് മണിക്കൂർ കൊണ്ടാണ് ചിത്രം ഇത്രയധികം ബുക്കിങ് നേടിയത്. കേരളത്തിൽ മാത്രം 550 സ്‌ക്രീനുകളിൽ കങ്കുവ പ്രദർശത്തിനെത്തും. 250 കോടിയിലധികം ബജറ്റിൽ പത്ത് ഭാഷകളിലായാണ് കങ്കുവ പ്രദർശനത്തിനെത്തുന്നത്.
ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമയാകും കങ്കുവ. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയിൽ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.