News
ആ കഥാപാത്രം താന്‍ നിരസിക്കാനൊരുങ്ങിയതായിരുന്നു; പക്ഷെ ചെയ്യാമെന്ന് സമ്മതിച്ചത് ആ ഒരു കാരണത്താല്‍; റോളക്സിനെ കുറിച്ച് സൂര്യ
ആ കഥാപാത്രം താന്‍ നിരസിക്കാനൊരുങ്ങിയതായിരുന്നു; പക്ഷെ ചെയ്യാമെന്ന് സമ്മതിച്ചത് ആ ഒരു കാരണത്താല്‍; റോളക്സിനെ കുറിച്ച് സൂര്യ
ലോകേഷ് കനകരാജ്-കമല്ഹസന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു വിക്രം. കമല്‍ ഹാസന്, ഫഹദ് ഫാസില്‍, വിജയ് സേതുപതി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു.
സിനിമയുടെ ക്ളൈമാക്സില് അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. റോളക്സ് എന്ന അതിഗംഭീര കഥാപാത്രമായാണ് താരം എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആ കഥാപാത്രം താന്‍ നിരസിക്കാനൊരുങ്ങിയതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയര്‍ അവാര്‍ഡ്സ് 2022 സൗത്ത് അവാര്‍ഡ് നിശയിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
അവാര്‍ഡ് ധാന ചടങ്ങില്‍ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം സൂര്യ നേടിയിരുന്നു. പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെ ആരാധകര്‍ റോളക്സ് എന്ന് ഉച്ചത്തില്‍ വിളിക്കാന്‍ ആരംഭിച്ചു. ഇതിനിടെ പരിപാടിയുടെ അവതാരകന് റോളക്സിന്റെ തിരിച്ചുവരവുണ്ടാകുമോ എന്ന് ചോദിച്ചപ്പോഴാണ് താരം മനസുതുറന്നത്.
സംവിധായകന് ലോകേഷ് കനകരാജ് ഈ ഓഫറുമായി എത്തിയപ്പോള്‍ തനിക്ക് താത്പര്യം ഇല്ലായിരുന്നു എന്നും താന്‍ ആദ്യം നോ പറയാന്‍ ഒരുങ്ങിയതാണ് എന്നുമാണ് സൂര്യ പറഞ്ഞത്. കമല്‍ ഹാസന് വേണ്ടി മാത്രമാണ് താന്‍ റോളക്സിനെ അവതരിപ്പിക്കാന്‍ തയ്യാറായതെന്ന് സൂര്യ പറഞ്ഞു.
താനിന്ന് എന്തുതന്നെയായാലും, ജീവിതത്തില്‍ എന്തു ചെയ്താലും, കമല്‍ സാര്‍ എപ്പോഴും തന്റെ പ്രചോദനം തന്നെയായിരിക്കുമെന്ന് സൂര്യ പറഞ്ഞു. അദ്ദേഹം വിളിച്ച് കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ വേണ്ടെന്നുവയ്ക്കാന്‍ ആകുമായിരുന്നില്ല. അവസാന നിമിഷമെടുത്തൊരു തീരുമാനമായിരുന്നു അത്.
റോളെക്സിന്റെ വേഷത്തില്‍ ഇനിയും എത്തുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം നല്‍കുമെന്നായിരുന്നു സൂര്യയുടെ മറുപടി. കഥാപാത്രം തന്നെ തേടിയെത്തിയാല്‍ സ്വീകരിക്കുമെന്നും സൂര്യ പറഞ്ഞു. ലോകേഷ് കനകരാജ് തന്നെ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന വിക്രം 2 വില്‍ സൂര്യ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് നടനും ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
