Malayalam
എന്റെ മകള്‍ പോയ ദുഃഖം കഴിഞ്ഞാല്‍ ഏറ്റവും വലിയ ദുരന്തമാണ് ആ സിനിമ, രഞ്ജിത്ത് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
എന്റെ മകള്‍ പോയ ദുഃഖം കഴിഞ്ഞാല്‍ ഏറ്റവും വലിയ ദുരന്തമാണ് ആ സിനിമ, രഞ്ജിത്ത് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും അദ്ദേഹം ഒരുപോലെ സജീവമാണ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡന്‍. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ദുരന്തമായ ഒരു സിനിമയെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. എന്തോ തലയിലെഴുത്ത് കാരണമാണ് അങ്ങനെ സംഭവിച്ചത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.
‘രണ്ടാം ഭാവം എന്ന സിനിമ എനിക്ക് ഓര്‍മ്മിക്കാന്‍ ഇഷ്ടമല്ല. ജീവിതത്തില്‍ എന്റെ മകള്‍ പോയ ദുഃഖം കഴിഞ്ഞാല്‍ ഏറ്റവും വലിയ ദുരന്തമാണ് ആ സിനിമ. ലാല്‍ ജോസിന്റെയും എന്റെയും ഏറ്റവും മികച്ച സിനിമയാണ് അത് എന്നാണ് ഞാന്‍ വിശ്വാസിക്കുന്നത്. അതിലൊന്നും ഒരു പിഴവും പറ്റിയിട്ടില്ല. എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത്. രണ്ടാംഭാവം കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് രഞ്ജിത്താണ്.
എടാ ഡാഷ് മോനേ, അമ്മ ഓതിത്തന്ന ഹരിനാമ ജപം പഠിച്ചിട്ട് കൊല്ലാന്‍ നീ മറന്നു പോയി എന്നൊക്കെ പറഞ്ഞാല്‍ ആരാണ് കേട്ടിരിക്കുക. ആ തോക്ക് എടുത്ത് തിലകന്റെ കയ്യില്‍ കൊടുക്കുകയല്ല. അവന്റെ ദേഹത്തു മുഴുവന്‍ ബുള്ളറ്റ് നിറയ്ക്കണമായിരുന്നു. അതാ തിയേറ്ററില്‍ നിന്നു ജനം മോഹിച്ചത്. അതുകൊണ്ടാ പടം പൊട്ടിയത്, എന്നാണ് രഞ്ജിത്ത് എന്നെ വിളിച്ച് പറഞ്ഞത്.
ഞാനിത് ലാല്‍ ജോസിനോട് സൂചിപ്പിച്ചു. ചേട്ടാ, ജോഷിയുടെയും ഷാജി കൈലാസിന്റെയും പടത്തില്‍ അഭിനയിക്കുന്നത് വെച്ച് എന്റെ പടത്തെ അസസ് ചെയ്യല്ലേ എന്നായിരുന്നു ലാല്‍ ജോസിന്റെ മറുപടി. രഞ്ജിത്തിന്റെ ആ അഭിപ്രായം ഭയങ്കര പെയിന്‍ഫുള്ളായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് സമയമെടുത്തു.’ എന്നാണ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.
