Malayalam
സുരേഷ് ഗോപിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയമനം; ശോഭാസുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞു
സുരേഷ് ഗോപിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയമനം; ശോഭാസുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞു
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലായിരുന്നു കേരള ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ തന്നെ സംസ്ഥാനത്ത് എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ഉള്‍പ്പടെ അഞ്ചോളം മണ്ഡലങ്ങള്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം സജീവമാണെങ്കിലും മറുവശത്ത് പാര്‍ട്ടിയിലെ ഭിന്നതയും അതിശക്തമായി തുടരുകയാണ്. സന്ദീപ് വാര്യറെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ അനുകൂലിക്കുന്നവര്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തുറന്ന പോരിലാണ്.
ഇതോടൊപ്പം തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ മാത്രം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാര്‍ട്ടിയില്‍ പുകയുന്നത്. ശോഭാ സുരേന്ദ്രന്, ഡോ. കെ എസ് രാധാകൃഷ്ണന് എന്നിവരെക്കൂടി സുരേഷ് ഗോപിക്കൊപ്പം കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുപേരെയും തഴയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ ചുമതലകള്‍ നല്‍കുന്നതാണ് ഉചിതം, ദളിത് വിഭാഗത്തില്‍ നിന്നുള്ള പി സുധീര്‍ കോര്‍കമ്മിറ്റിയിലുള്ളതിനാല്‍ കെ രാധാകൃഷ്ണനും വേണ്ടതില്ലെന്നായിരുന്നു ഒഴിവാക്കാനുള്ള കാരണങ്ങള്‍. ബി ജെ പിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് കോര്‍കമ്മിറ്റി. അംഗങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണനയും ലഭിക്കും. എന്നാല്‍ സംസ്ഥാനത്ത് ഇവര്‍ വീണ്ടും സജീവമാവുന്നതില്‍ താല്പര്യമില്ലാത്ത ചില നേതാക്കളുടെ ഇടപെടലാണ് ഇവരെ ഒഴിവാക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
സുരേഷ് ഗോപിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയമനമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തൊട്ടാല്‍ പൊള്ളുമെന്ന അറിയുമെന്നതിനാല്‍ അതിനാരും തുനിഞ്ഞതുമില്ല. ശോഭ സുരേന്ദ്രന്റെ കാര്യമാണ് തീര്‍ത്തും മോശമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. പ്രമുഖ നേതാക്കളോട് ഇടഞ്ഞ് നില്ക്കുന്ന ശോഭ സുരേന്ദ്രന് സംസ്ഥാന നേതൃത്വത്തില്‍ വീണ്ടും സജീവമാവാനുള്ള അവസരമായിരുന്നു കോര്‍കമ്മിറ്റിയിലേക്കുള്ള കടന്ന് വരവ്.
എന്നാല്‍ നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയവര്‍ തന്നെയാണ് ഇത്തവണയും ശോഭയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍. സംസ്ഥാനത്ത് നിന്നും വലിയ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനൊടുവിലായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് ലഭിച്ചത്. പാര്‍ട്ടി അംഗത്വ പ്രചരണ സമയത്ത് ദക്ഷിണേന്ത്യന്‍ മേഖലയിലെ സഹകണ്വീനറായിരുന്ന ശോഭ സുരേന്ദ്രന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അവര്‍ക്ക് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്നു.
എന്നാല്‍ എപി അബ്ദുള്ളക്കുട്ടിയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ശോഭയെ സംസ്ഥാനത്തിന് വേണമെന്ന് പറഞ്ഞ് പാലം വലിച്ചതും ഇന്ന് ദേശിയ തലത്തില്‍ ഉപയോഗപ്പെടുത്താമെന്ന് പറഞ്ഞ അതേ നേതാക്കളാണ്. സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനും ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ട്. എം.ടി. രമേശിനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും മറുവിഭാഗം പഴയ മെഡിക്കല്‍ കോഴക്കേസിലെ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരാനുമുള്ള സാധ്യതകളുമുണ്ട്.
