സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന വാദം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഈ വേളയിൽ ഇതിനോട് യോജിക്കുന്നില്ലെന്ന് പറയുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയാണ് ഇടുക്കി ഗോൾഡ്. എന്നാൽ ഇത്തരം സംഭവം ഉണ്ടായതിനാൽ ആണല്ലോ അതിൽ നിന്നും ആ സിനിമ ഉണ്ടായത്.
ഇതൊന്നും നമുക്ക് ആനന്തം കണ്ടെത്താനുള്ളതല്ല, മറിച്ച് ഇതിൽ നിന്നൊരു പാഠം പഠിക്കാനുള്ളതാണ് ഇത്തരം സിനിമകൾ. മനസിലാക്കാനുള്ളതാണ് സിനിമ.
ഓരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമെന്ന കുടുംബത്തിലേക്കാണ്. അവർ ഒരിക്കലും പാഴായി പോകരുത്. പൊലിഞ്ഞ് പോകരുത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ടും വിമർശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.