Malayalam
ക്ഷേമ പെന്ഷന് നിര്‍ത്തലാക്കി; നിര്‍ധനനായ ഭിന്നശേഷിക്കാരന് കൈത്താങ്ങായി സുരേഷ് ഗോപി
ക്ഷേമ പെന്ഷന് നിര്‍ത്തലാക്കി; നിര്‍ധനനായ ഭിന്നശേഷിക്കാരന് കൈത്താങ്ങായി സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ സര്‍ക്കാര്‍ ക്ഷേമപെന്ഷന് വൈകിപ്പിക്കുന്ന ഭിന്നശേഷിക്കാരന് സഹായവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭിന്നശേഷിക്കാരനായ മണിദാസിന് സുരേഷ് ഗോപി സഹായം എത്തിക്കുകയായിരുന്നു.
കൊല്ലം പരവൂര്‍ സ്വദേശിയായ എസ്ആര്‍ മണിദാസിന് ഒരു ലക്ഷം രൂപയാണ് സുരേഷ്ഗോപി നല്‍കിയത്. ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപ കൂടി നല്കാന് തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇപ്പോള്‍ നല്‍കിയത് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള കൈത്താങ്ങാണ്. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരു ലക്ഷം രൂപ നല്‍കാനും താന്‍ തയ്യാറാണെന്ന് സുരേഷ്ഗോപി അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ഭിന്നശേഷിക്കാരനായ മണിദാസിന് സംസ്ഥാന സര്‍ക്കാര്‍ നല്കി വന്നിരുന്ന ക്ഷേമപെന്ഷന് നിറുത്തലാക്കിയത്. നിര്‍ധനരായ ഈ കുടുംബത്തിന് വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിലധികമുണ്ടെന്ന് കാണിച്ചായിരുന്നു പെന്ഷന് നിര്‍ത്തലാക്കിയത്. സര്‍ക്കാര്‍ സ്കൂളിലെ തയ്യല്‍ അധ്യാപികയായിരുന്ന മണിദാസിന്റെ അമ്മയ്ക്ക് ലഭിക്കുന്ന പെന്ഷന് മാത്രമാണ് കുടുംബത്തിന്റെ ആക ആശ്രയം.
ഇതുകൂടാതെ, മണിദാസിന് ലഭിച്ചിരുന്ന പെന്ഷന് നിറുത്തലാക്കിയതിന് പിന്നാലെ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ലഭിച്ചിരുന്ന പെന്ഷന് തുക മുഴുവന്‍ തിരികെ നല്‍കണമെന്നും ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. മണിദാസിന് മരുന്ന് വാങ്ങാനും ചികിത്സയ്ക്കും ചിലവഴിച്ചിരുന്നത് പെന്ഷന് തുകയായിരുന്നു. ഈ പെന്ഷന് നിറുത്തലാക്കിയതോടെ ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ കുടുംബം ആശങ്കയിലായി. ഈ സമയത്താണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
