Malayalam
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ദിനം; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് താരങ്ങള്‍
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ദിനം; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് താരങ്ങള്‍
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് താരങ്ങള്‍. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു, ജിയോ ബേബി, കന്നി കുസൃതി, കമല്‍ കെ. എം, സൂരജ് സന്തോഷ്, ദിവ്യ പ്രഭ എന്നിവരാണ് ഭാരതത്തിലെ ജനങ്ങളായ നാം എന്ന് തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണ് പാര്‍വതി പോസ്റ്റ് പങ്കുവച്ചത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സിനിമാ രംഗത്ത് നിന്നും അമിതാഭ് ബച്ചന്‍, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്, ധനുഷ്, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, വിക്കി കൗശാല്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, രാം ചരണ്‍, രോഹിത് ഷെട്ടി, രണ്‍ദീപ് ഹൂഡ എന്നിവരെത്തിയിരുന്നു.
നടി കങ്കണ റണാവത്ത്, ജാക്കി ഷ്‌റോഫ് തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം തന്നെ ക്ഷേത്രത്തിലെത്തി അവിടുത്തെ ശൂചീകരണ ദൗത്യത്തിലും ഇരുവരും പങ്കാളികളായി. കേരളത്തില്‍നിന്ന് പി.ടി.ഉഷയടക്കം നാല്‍പ്പത് പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയില്‍നിന്നും പുറത്തുമായി ആകെ 8000 പേര്‍ക്കാണ് ചടങ്ങിലേക്കു ക്ഷണം ലഭിച്ചത്.
അതേസമയം രാം ലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.
