News
അവാര്‍ഡിന് വേണ്ടിയല്ല താന്‍ പണത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്; തുറന്ന് പറഞ്ഞ് എസ്എസ് രാജമൗലി
അവാര്‍ഡിന് വേണ്ടിയല്ല താന്‍ പണത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്; തുറന്ന് പറഞ്ഞ് എസ്എസ് രാജമൗലി
നിരവധി ആരാധകരുള്ള ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. തന്റെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ അവാര്‍ഡിന് വേണ്ടിയല്ല താന്‍ പണത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നതെന്ന് പറയുകയാണ് എസ്എസ് രാജമൗലി.
ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെയുള്ള വമ്പന്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ബാഫ്റ്റയില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ ഇക്കാര്യം തന്നെ അത്ര അലട്ടുന്ന ഒന്നല്ല എന്നാണ് രാജമൗലി പറയുന്നത്. താന്‍ സിനിമ ഉണ്ടാക്കുന്നത് പണത്തിന് വേണ്ടിയാണെന്നും ബഹുമതികള്‍ക്ക് വേണ്ടിയല്ല എന്നുമാണ് രാജമൗലി പറഞ്ഞത്.
പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നത്. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ സിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോള്‍ വളരെയധികം സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്‌കാരങ്ങള്‍ എന്നാണ് രാജമൗലി ഒരു അഭിമുഖത്തില്‍ പറയുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നിര്‍ദേശം ആര്‍ആര്‍ആറിന് പകരം ‘ചെല്ലോ ഷോ’ ആയതിനെ കുറിച്ചും രാജമൗലി പ്രതികരിച്ചു. ആര്‍ആര്‍ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതില്‍ വിഷമമുണ്ട്. പക്ഷേ തന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോര്‍ത്ത് പരിതപിച്ചിരിക്കില്ല.
സംഭവിക്കേണ്ടത് സംഭവിച്ചു. എന്നിരുന്നാലും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ചെല്ലോ ഷോയും ഒരു ഇന്ത്യന്‍ സിനിമയാണല്ലോ എന്ന കാര്യത്തില്‍ സന്തോഷമുണ്ട് എന്നാണ് രാജമൗലി പറയുന്നത്. ആഗോള ബോക്‌സോഫീസില്‍ 1200 കോടി നേടിയ സിനിമയാണ് ആര്‍ആര്‍ആര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ ചിത്രത്തെ പുകഴ്ത്തി പ്രശംസകള്‍ എത്തിയിരുന്നു.
