മിനിസ്‌ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. ചിത്രത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ ‘പൈങ്കിളി’യായി പറന്ന് വന്ന് കുടുംബപ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ ശ്രുതി രജനീകാന്ത് എന്ന ആലപ്പുഴക്കാരിയ്ക്ക് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വെയ്ക്കാറുണ്ട്. അഭിനയം കൂടാതെ മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച ശ്രുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
അവസരം കിട്ടാൻവേണ്ടി പെൺമക്കളെ ഒരു രാത്രി ലൊക്കേഷനിൽ നിർത്താമെന്ന് പറയുന്ന അമ്മമാർ വരെ ഇവിടെയുണ്ടെന്നാണ് ശ്രുതി രജനീകാന്ത് പറയുന്നത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് കേസുകളുണ്ടെന്നും തെളിവുകൾ വരെ തന്റെ പക്കലുണ്ടെന്നും ശ്രുതി പറഞ്ഞു.
ആണുങ്ങളെ മാത്രം കുറ്റം പറയാൻ കഴിയില്ല. പെൺകുട്ടികളുടെ അമ്മമാർ തന്നെ ഇതിനായി മുന്നിട്ടിറങ്ങാറുണ്ട്. ഒരു രാത്രി മകളെ ഇവിടെ നിർത്തിയിട്ട് പോകാം. അവർക്ക് അവസരം കൊടുത്താൽ മതിയെന്നൊക്കെ പറയുന്ന അമ്മമാർ ഇവിടെയുണ്ട്. എനിക്ക് വ്യക്തമായി അറിയാവുന്ന സംഭവങ്ങളുണ്ട്.
അങ്ങനെ ചെയ്തിട്ടും അവർക്ക് അവസരം കൊടുക്കാത്ത പല കേസുകളും എനിക്കറിയാം. അതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. പക്ഷേ, ഇതിനെ കുറച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴികൊടുത്തിട്ടുള്ള വ്യക്തി ഞാനല്ല. വളരെ മോശം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് ഉച്ചത്തിൽ വിളിച്ചതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.
എല്ലാത്തിനും ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്ത്രീകൾ കൂടി വിചാരിക്കണം. അങ്ങോട്ട് പോയി താൻ ഓക്കെയാണെന്ന് പറയുന്ന സ്ത്രീകളുമുണ്ടെന്നും ശ്രുതി പറഞ്ഞു. ശ്രുതിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് തന്നെ വഴിതുറന്നിട്ടിട്ടുണ്ട്.