Malayalam
ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്, എട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ശ്രുതി ലക്ഷ്മി
ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്, എട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ശ്രുതി ലക്ഷ്മി
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രുതി ലക്ഷ്മി. നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ശ്രുതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ പങ്കെടുത്തതിന് ശേഷമാണ് ശ്രുതിയ്ക്കും ആരാധകരുടെ പിന്‍ബലം കൂടിയത്. ബിഗ് ബോസ് ഷോ യിലേക്ക് പോയതിന് ശേഷം നടിയെ പറ്റി പലതരം വാര്‍ത്തകള്‍ വന്നിരുന്നു. അതെല്ലാം പുറത്തും അകത്തും ചര്‍ച്ചയാവുകയും ചെയ്തു.
ചിലപ്പോള്‍ ദാമ്പത്യം പോലും തകര്‍ന്നേക്കുമെന്ന അവസ്ഥയിലേക്കും സോഷ്യല്‍ മീഡിയ കാര്യങ്ങളെത്തിച്ചെങ്കിലും അതിനെയും മറികടന്ന് സന്തുഷ്ടയായി ജീവിക്കുകയാണ് നടി. ഏറ്റവും പുതിയതായി തന്റെയും ഭര്‍ത്താവ് അവിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭര്‍ത്താവിനൊപ്പം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നല്കിയ ക്യാപ്ഷനിലാണ് ഇന്ന് തങ്ങളുടെ വിവാഹ വാര്‍ഷികമാണെന്നും എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും നടി പങ്കുവെച്ചത്.
‘ഞങ്ങള്‍ക്കിന്ന് എട്ടാം വിവാഹ വാര്‍ഷികമാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. നിന്നോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനോളം പ്രപഞ്ചത്തില്‍ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. നമ്മള് പങ്കുവെക്കുന്ന ഈ സ്നേഹം ലോകത്തിലെ എല്ലാ ഭൗതിക അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണെങ്കിലും അതെല്ലാം എന്നും തുടര്‍ന്ന് കൊണ്ടേയിരിക്കും. ലവ് യു ലൈഫ് ലൈന്‍” എന്നാണ് ശ്രുതി അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.
ബിഗ്ഗ് ബോസ് ഷോയില്‍ വന്ന സമയത്ത് ശ്രുതി ഏറ്റവും അധികം സംസാരിച്ചത് ഭര്‍ത്താവ് അവിനെ കുറിച്ചായിരുന്നു. എന്നാല്‍ ബിഗ്ഗ് ബോസിന് അകത്തും പുറത്തുമുള്ള ചിലര്‍ ഷോയിലെ ശ്രുതിയുടെ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. റിനോഷ് ജോര്‍ജ്ജുമായുള്ള ശ്രുതിയുടെ സൗഹൃദം വലിയ രീതിയില്‍ നെഗറ്റീവ് പബ്ലിസിറ്റി നേടിയിരുന്നു. മത്സരിച്ച ജിഷ്ണു ജോഷി പോലും ഇതിനെ വളച്ചൊടിച്ചത് ശ്രുതിയ മാനസികമായി തകര്‍ക്കുകയും ചെയ്തു.
ഇന്റസ്ട്രിയിലുള്ളവരും പറഞ്ഞു ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഈ ബന്ധവും വിവാദവും ശ്രുതിയുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുമെന്ന് നടന് മനോജ് കുമാര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. മുന്‍ സീസണുകളില്‍ ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം പല താരങ്ങളുടെയും പ്രണയം ബ്രേക്കപ്പ് ആയിട്ടുണ്ട്. പലരും ബന്ധം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി. ഈയൊരു അവസ്ഥ ശ്രുതിയുടെ ദാമ്പത്യത്തിലും ഉണ്ടായേക്കുമെന്നായിരുന്നു പ്രചരണം. അതുപോലെ ശ്രുതിയ്ക്ക് സംഭവിയ്ക്കും എന്നടക്കം ചിലര്‍ പ്രെഡിക്ട് ചെയ്തു.
എന്നാല്‍ അത്തരം കിംവദന്തികള്‍ക്കൊന്നും ശ്രുതിയുടെയും അവിന്റെയും ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ ശ്രുതിയെ ഏറ്റവും അധികം പിന്തുണച്ചതും ചേര്‍ത്തു പിടിച്ചതും അവിന് തന്നെയാണ്. അവിന്റെ കൈ മുറുകെ പിടിക്കുമ്പോള്‍ ഈ ഗോസിപ്പുകളൊന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ല എന്ന് ശ്രുതിയും പ്രതികരിച്ചു. ആ വിവാദങ്ങള്‍ക്ക് ശേഷമുള്ള ശ്രുതിയുടെ ആദ്യത്തെ വിവാഹ വാര്‍ഷിക ആഘോഷമാണിത്. അത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. വിഷ്ണു ജോഷിയടക്കമുള്ളവര്‍ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. ഷഫ്ന നിസാം, സെറീന, വിഷ്ണു ജോഷി, ശ്വേത മേനോന്, തുടങ്ങി സിനിമയില്‍ നിന്നുള്ള താരങ്ങളും ബിഗ് ബോസ് താരങ്ങളും ദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്.
2016 ലാണ് ശ്രുതിയും എവിനും വിവാഹിതരാകുന്നത്. കണ്ട് ഇഷ്ടത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഒരിക്കല്‍ സ്വാസിക അവതാരകയായ റെഡ് കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോള്‍ ശ്രുതിയും എവിനും തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസുതുറക്കുകയുണ്ടായി. ആദ്യമായി കണ്ടുമുട്ടിയതും വിവാഹത്തിലേക്ക് എത്തിയതും ഒപ്പം രണ്ടുപേരുടെയും സ്വഭാവത്തെ കുറിച്ചുമൊക്കെ ഇവര്‍ സംസാരിച്ചിരുന്നു.
നിങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നോ എന്നതായിരുന്നു സ്വാസികയുടെ ആദ്യ ചോദ്യം, എങ്ങനെ വേണമെങ്കിലും അതിനെ പറയാമെന്നായിരുന്നു ശ്രുതിയുടെ മറുപടി. താനാണ് പ്രൊപ്പോസലുമായി സമീപിച്ചതെന്ന് എവിന്‍ പറഞ്ഞു. ‘ഡാന്സിലാണ് വീണു പോയത്. ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ പരസ്പരം അറിയാന്‍ വേണ്ടി ഞങ്ങള്‍ ഒരു വര്‍ഷം ഇങ്ങനെ നടന്നു. കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വളരെ സ്മൂത്തായി വിവാഹത്തിലേക്ക് എത്തി. വീട്ടുകാര്‍ക്കും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല’, എവിന്‍ വ്യക്തമാക്കി.
താന്‍ ആദ്യമായി കാണുമ്പോള്‍ വളരെ പാവമായിരുന്നു എവിനെന്നും അതാണ് തന്നെ ആകര്‍ഷിച്ചതെന്നും ശ്രുതി പറഞ്ഞു. ‘ആദ്യം കാണുമ്പോള്‍ വളരെ പാവമായിരുന്നു എവിന്‍. ഭയങ്കര സൈലന്റ് ആയൊരു വ്യക്തി. അതാണ് എന്നെ ആകര്‍ഷിച്ചത്. എന്റെ കൂടെ കൂടിയിട്ട് ആണോ എന്നറിയില്ല. ഇപ്പോള്‍ അതൊക്കെ മാറിയിട്ടുണ്ട്. എവിന്‍ ഒരു തങ്കക്കുടമാണ്. എന്റെ വീട്ടുകാര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം എവിനെയാണ്. ഈ കാണുന്നത് പോലെ തന്നെയാണ് എവിന്‍’, എന്നും ശ്രുതി പറഞ്ഞു.
