Malayalam
ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷ് കുമാറിന്, ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല; രംഗത്തെത്തി സഹോദരന്റെ ഭാര്യ
ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷ് കുമാറിന്, ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല; രംഗത്തെത്തി സഹോദരന്റെ ഭാര്യ
ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വർഷങ്ങൾക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തിൽ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. അവസാന നാളുകളിൽ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു.
ഇപ്പോഴിതാ കേരള ഗതാഗതമന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വിജയലക്ഷ്മി ഗണേശിനെതിരെ സംസാരിക്കുന്നത്.
ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയിൽ ശ്രീവിദ്യ പവർ ഓഫ് അറ്റോർണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കൾ വിൽപത്രത്തിൽ ഇല്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നൽകണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല.
രണ്ട് ജോലിക്കാർക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാർക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്നും നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ട്രസ്റ്റ്. ചികിത്സയുടെ വിവരങ്ങൾ ബന്ധുക്കളിൽ നിന്നു മറച്ചു വച്ച ഗണേഷ്, വക്കീൽ നോട്ടിസ് അയച്ചതിനു ശേഷമാണ് വിൽപത്രത്തിന്റെ വിശദാംശങ്ങൾ പോലും നൽകിയത്.
സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്നു ചൂണ്ടിക്കാട്ടി 2012ൽ ശ്രീവിദ്യയുടെ ബന്ധുക്കൾ കെ.ബി.ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.. നൃത്തരംഗത്തു മികവു കാട്ടുന്നവർക്കായി കലാക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കണമെന്നു നിർദേശിച്ചിരുന്നുവെങ്കിലും ആറു വർഷമായിട്ടും നടപടിയില്ല. സഹോദരന്റെ മക്കൾക്കായി വകയിരുത്തിയ 10 ലക്ഷം രൂപയും നൽകിയിട്ടില്ല.
തുടർന്ന് സഹോദരൻ 2015ലും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. വീട്, കാർ, സംസ്ഥാനത്തു വിവിധ ഇടങ്ങളിലെ സ്വത്ത്, എൽഐസി പോളിസികൾ എന്നിവയാണ് ഗണേഷ് കൈക്കലാക്കിയത്. ശ്രീവിദ്യയുടെ യഥാർഥ വിൽപത്ര പ്രകാരം കൂടുതൽ സ്വത്തു കാണേണ്ടതാണ്. ചെന്നൈ മഹാബലിപുരത്തെ വീട് വലിയ തുകയ്ക്കു വിറ്റതിനു ശേഷം പലയിടങ്ങളിൽ അവർ നിക്ഷേപം നടത്തിയിരുന്നു.
ഒരേയൊരു സഹോദരൻ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഗണേഷ് കുമാർ തങ്ങളിൽനിന്നു മറച്ചുവെച്ചു. ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസിൽ 2006 ഓഗസ്റ്റ് 17ന് ശ്രീവിദ്യ റജിസ്റ്റർ ചെയ്ത വിൽപത്രത്തിലാണു മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങളുള്ളത്. ട്രസ്റ്റ് രൂപീകരിച്ച ശേഷം പാവപ്പെട്ട വിദ്യാർഥികൾക്കു ധനസഹായം നൽകണം, സംഗീത- നൃത്ത സ്‌കൂൾ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആൺമക്കൾക്കു നൽകണം എന്നീ കാര്യങ്ങളാണു വിൽപത്രത്തിലുള്ളത്.
വിൽപത്ര പ്രകാരം നടപ്പാക്കേണ്ട ചുമതല കെ.ബി. ഗണേഷ്‌കുമാറിനാണ്. എന്നാൽ വിൽപത്രം ഗണേഷ് പാടേ അട്ടിമറിച്ചതായി ശങ്കര രാമൻ ആരോപിച്ചു. അതേസമയം എംഎൽഎ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിൽപ്പത്രം തന്റെ പേരിൽ എഴുതിവച്ചതെന്നും ശ്രീവിദ്യയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയിൽ ഗണേഷ്‌കുമാർ വ്യക്തമാക്കിയിരുന്നു.
