Malayalam
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് വാങ്ങുന്ന വേദിയിലാണ് ശ്രീലക്ഷ്മി ജനിച്ച സന്തോഷ വിവരം ചേട്ടൻ അറിയുന്നത്; ആർഎൽവി രാമകൃഷ്ണൻ
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് വാങ്ങുന്ന വേദിയിലാണ് ശ്രീലക്ഷ്മി ജനിച്ച സന്തോഷ വിവരം ചേട്ടൻ അറിയുന്നത്; ആർഎൽവി രാമകൃഷ്ണൻ
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9 വർഷങ്ങൾ പിന്നിട്ടു. ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ തുടരുകയാണ് മണി. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരനായി മണി ജീവിച്ചു. മലയാള സിനിമയിലെ ഓൾ റൗണ്ടർ. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും കലാഭവൻ മണിക്ക് വഴങ്ങിയിരുന്നു. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്
മണിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. സഹോദരങ്ങളെക്കുറിച്ചും തന്റെ ഭാര്യയെക്കുറിച്ചും, മകളെക്കുറിച്ചും എല്ലാം അദ്ദേഹം വാചാലനാവാറുണ്ടായിരുന്നു. മകളായ ശ്രീലക്ഷ്മിയെ ഡോക്ടറാക്കാനാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛന്റെ സ്വപ്‌നം സഫലമാക്കാനുള്ള ശ്രമത്തിലാണ് ശ്രീലക്ഷ്മി. എൻട്രൻസ് കോച്ചിംഗിന് പോയതും, അതിന് ശേഷം എംബിബിഎസ് അഡ്മിഷൻ എടുത്തതിന്റെയുമെല്ലാം വിശേഷങ്ങൾ വൈറലായിരുന്നു. ശ്രീലക്ഷ്മിയുടെ പിറന്നാളാണ് ഏപ്രിൽ രണ്ടിന്. പതിവ് തെറ്റിക്കാതെ ഇത്തവണയും ചെറിയച്ഛനായ ആർഎൽവി രാമകൃഷ്ണൻ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
ഇന്ന് ഏപ്രിൽ 2. ശ്രീലക്ഷ്മിയ്ക്ക് (അമ്മുവിന്) ജന്മദിനാശംസകൾ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് വാങ്ങുന്ന വേദിയിലാണ് ശ്രീലക്ഷ്മി ജനിച്ച സന്തോഷ വിവരം ചേട്ടൻ അറിയുന്നത്. അമ്മുവിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു എന്നായിരുന്നു കുറിപ്പ്. പോസ്റ്റിന് താഴെയായി നിരവധി പേരാണ് ശ്രീലക്ഷ്മിക്ക് ആശംസ അറിയിച്ച് എത്തിയത്. ഈ കുട്ടി ഇപ്പോള് എന്ത് ചെയ്യുന്നു, പുതിയ ഫോട്ടോസ് ഇടാമോ എന്നായിരുന്നു ചിലരുടെ ചോദ്യം.
ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറാകുന്നതിനിടയിലായിരുന്നു മണിയുടെ വിയോഗം. അച്ഛന് പഠിക്കാനുള്ള സാഹചര്യമില്ലായിരുന്നു. കോപ്പിയടിച്ചിട്ടും പത്താം ക്ലാസ് കടന്നുകിട്ടിയില്ല. മോൻ നന്നായി പഠിച്ച് ഡോക്ടറാവണം. ഇവിടെ അച്ഛനൊരു ആശുപത്രി പണിത് തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം എന്നായിരുന്നു മകളോട് അച്ഛൻ പറഞ്ഞത്. മോളേ എന്നല്ല മോനേ എന്നാണ് അച്ഛൻ തന്നെ വിളിക്കാറുള്ളതെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
അച്ഛൻ മരിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നായിരുന്നു മരിക്കും മുമ്പ് എന്നോട് അച്ഛൻ പറഞ്ഞത്. അച്ഛന് കൊടുത്ത ആ വാക്ക് പാലിക്കണം. ആൺകുട്ടികളെ പോലെ നല്ല ധൈര്യം വേണമെന്നും കാര്യപ്രാപ്തി വേണമെന്നും അച്ഛൻ പറയാറുണ്ടായിരുന്നു.
കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നെല്ലാം പറയുമായിരുന്നുവെന്നുമാണ് ഒരിക്കൽ മണിയെ കുറിച്ച് മകൾ പറഞ്ഞത്. മുമ്പ് പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ അച്ഛനൊപ്പം പാടുകയും ചെയ്തു ശ്രീലക്ഷ്മി. കലാഭവൻ മണിയുടെ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്.
നല്ല കാര്യപ്രാപ്തിയും തന്റേടവുമൊക്കെ വേണം. എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിയണം എന്നൊക്കെ പറയാറുണ്ടായിരുന്നു. എന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നൊക്കെയായിരുന്നു അന്ന് ചിന്തിച്ചത്. അച്ഛൻ എല്ലാം നേരത്തെ മനസിലാക്കിയിരുന്നത് കൊണ്ടാണോ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. വീട്ടിലെത്തിയാൽ പാട്ടും പാചകവുമൊക്കെയായി അച്ഛൻ ഞങ്ങളുടെ കൂടെത്തന്നെയുണ്ടാവുമായിരുന്നു.
അച്ഛൻ അറിയാതെയായിരുന്നു ഞാൻ മിമിക്രി ചെയ്ത് തുടങ്ങിയത്. ഞാൻ ഇങ്ങനെയൊക്കെ കാണിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സജഷൻസൊക്കെ പറഞ്ഞ് തന്നിരുന്നു. മണിയുടെ മകളാണ് എന്ന് പറയുമ്പോൾ എന്നോട് പാട്ട് പാടാമോ, മിമിക്രി കാണിക്കാമോ എന്നൊക്കെ ചോദിക്കാറുണ്ട്. അച്ഛനെ മനസിലോർത്താണ് ഞാൻ എല്ലാം ചെയ്യുന്നതെന്നും അന്നത്തെ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ ഉയർന്ന് വന്നിരുന്നു. ഇത്രയും വലിയ അസുഖങ്ങളൊക്കെ തനിക്കുണ്ടെന്ന് പോലും ഭാര്യയെ അറിയിക്കാതെ കൊണ്ട് നടക്കുകയായിരുന്നു മണി. ആരും വിഷമിക്കരുത് എന്നാഗ്രഹിക്കുന്ന സ്വഭാവക്കാരനായിരുന്നു മണിയെന്നാണ് നിമ്മി പറയുന്നത്. മകൾ ജനിക്കുന്ന സമയത്തുണ്ടായ സംഭവത്തെ കുറിച്ച് യൂടൂയ്ബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നിമ്മി പറഞ്‍ കാര്യങ്ങളും വൈറലായിരുന്നു.
ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനും എനിക്കും വിഷമമായ കാര്യം മകൾ ജനിക്കുന്ന സമയത്ത് ഉണ്ടായതാണ്. ഞാൻ ഗർഭിണിയായ ശേഷം പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോൾ മണിച്ചേട്ടൻ കൂടെ ഇല്ലായിരുന്നു. ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ആ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണമെന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. ഇല്ലെങ്കിൽ വല്ലാത്ത വിഷമമാവും.
അന്നൊരു അവാർഡ് ഫങ്ഷൻ നടക്കുന്നുണ്ട്. പോവുന്നതിന് മുൻപ് ഞാൻ പോവട്ടെ, നിനക്ക് വയ്യെങ്കിൽ ഞാൻ പോവില്ല. എത്ര വലിയ പരിപാടിയാണെങ്കിലും വേണ്ടെന്ന് വെക്കാം എന്നും മണിച്ചേട്ടൻ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് വയ്യായ്മയോ ക്ഷീണമോ ഒന്നും തോന്നിയില്ല. അത്രയും വലിയൊരു പ്രോഗ്രാം കൂടിയായത് കൊണ്ട് കുഴപ്പമില്ല പോയിക്കോളാനാണ് ഞാനും പറഞ്ഞത്.
പക്ഷേ വൈകിട്ട് ആയപ്പോഴെക്കും എനിക്ക് വേദന വരാൻ തുടങ്ങി. ആ സമയത്ത് മണിച്ചേട്ടനെ വിളിച്ചെങ്കിലും പ്രോഗ്രാമിന്റെ തിരക്ക് കാരണം കിട്ടിയില്ല. ഡെലിവറിയ്ക്ക് കയറ്റിയപ്പോഴും മണിച്ചേട്ടൻ അടുത്തില്ലല്ലോ എന്നതിന്റെ സങ്കടമുണ്ടായിരുന്നു. പിന്നെ മകൾ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. അതിന് ശേഷം മരിച്ച് പോയ ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്.
എനിക്ക് ബോധം വന്ന സമയത്ത് മകളെ കാണുന്നതിനെക്കാളും മണിച്ചേട്ടൻ വന്നോ എന്നാണ് അന്വേഷിക്കുന്നത്. അതെല്ലാം കഴിഞ്ഞ് മണിച്ചേട്ടൻ എത്തി. എന്നെ വന്ന് കാണുകയും മകളെ കാണുകയുമൊക്കെ ചെയ്തു. പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റുമൊക്കെ വേണ്ടെന്ന് വെച്ച് എന്റെ കൂടെ തന്നെ മണിച്ചേട്ടൻ ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദിവസം മാറിയപ്പോൾ തന്നെ ഇങ്ങനെ ഉണ്ടായല്ലോ എന്നോർത്ത് അദ്ദേഹത്തിന് വല്ലാത്ത വിഷമമായി. പിന്നെ മോളെ ഒക്കെ എടുത്തതിന് ശേഷമാണ് ആ വേദന മാറിയത്. ആ ഒരു കാര്യം മാത്രമാണ് ഞങ്ങൾ രണ്ട് പേർക്കും ഒത്തിരി വിഷമമായ സംഭവമെന്നും നിമ്മി പറയുന്നു.
എല്ലാവർക്കും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ആർക്ക് എന്ത് സഹായം ചെയ്താലും അത് ഞങ്ങളോട് പറയാറുണ്ട്. അദ്ദേഹം എന്ത് തന്നെ ചെയ്താലും അത് തന്നെയാണ് എന്റെയും ശരി. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ ഒരിക്കലും ഞാൻ അരുതെന്ന് പറഞ്ഞിട്ടില്ല.
കാരണം ഞാനും ഒരുപാട് കഷ്ടപ്പാടിൽ നിന്നും പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ് വന്നത്. മറ്റുള്ളവരെ സഹായിക്കുമ്പോഴായിരുന്നു അദ്ദേഹം ഒരു സന്തോഷവാനായിരുന്നത്. അത് കാണാനായിരുന്നു ഞങ്ങൾക്കും ഇഷ്ടം. എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകർച്ചയായിരുന്നുവെന്നുമെല്ലാം അദ്ദേഹത്തിന്റെ മരണശേഷം വാർത്തകൾ വന്നിരുന്നു. അത് ഏറെ വിഷമിപ്പിച്ചിരുന്നു. സത്യം എന്താണെന്ന് ഞങ്ങൾക്കും ദൈവത്തിനും അറിയാം. പറയുന്നവർക്ക് എന്തും പറയാമല്ലോ.
അദ്ദേഹം മരിച്ചു കിടന്നപ്പോൾ ഞാൻ കരഞ്ഞില്ല കരയുന്നത് കണ്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാമെല്ലാമായിരുന്ന ഒരാൾ മരിച്ചു കിടക്കുമ്പോൾ എങ്ങനെയാണ് ക്യാമറ നോക്കി ഒരു ഭാര്യയ്ക്ക് പോസ് ചെയ്യാൻ കഴിയുന്നത്. എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപ്പോയതെന്ന് അറിയില്ല. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷേ ആരെയും വീട്ടിൽ കൊണ്ടു വരാറില്ല. ആ സൗഹൃദത്തിന്റെ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് ചില കൂട്ടുക്കെട്ടുകൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്.
ഇത്രയും മാരകമായ കരൾ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നുമില്ല. ഒരു രോഗിയായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. മരണ ശേഷം പുറത്ത് വന്ന ചില വാർത്തകൾ കേട്ടാൽ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാൻ അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ പോസിറ്റീവ് വശങ്ങൾ മാത്രമേ എന്നും കാണാൻ ശ്രമിച്ചിട്ടുള്ളൂ. നെഗറ്റീവ് വശങ്ങളൊന്നും ത്‌നനെ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം നടക്കുമ്പോൾ പുറകേ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒപ്പം നടക്കാൻ പോലും ശ്രമിച്ചിരുന്നില്ല. വീണ്ടും വീണ്ടും മണിച്ചേട്ടനെ ഇങ്ങനെ കൊല്ലരുതെന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നാണ് നിമ്മി അപേക്ഷയായി പറഞ്ഞിരുന്നത്.
2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു.
തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല. ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്.
കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയിൽ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓർക്കാനും പറയാനും ചാലക്കുടിക്കാർക്കും സിനിമാ സുഹൃത്തുക്കൾക്കുമെല്ലാം നൂറ് നാവാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു മണിക്ക്. അഭിമുഖങ്ങളിൽ എല്ലാം തന്റെ ജീവിതം തുറന്ന പുസ്തകം പോലെ പങ്കുവച്ചിട്ടുണ്ട് അദ്ദേഹം.
