Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിൽ യാതൊരു അതിശയോക്തിയും ഇല്ലെന്ന് ശ്രീജിത്ത് പെരുമന
നടി ആക്രമിക്കപ്പെട്ട കേസ്; സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിൽ യാതൊരു അതിശയോക്തിയും ഇല്ലെന്ന് ശ്രീജിത്ത് പെരുമന
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
ഇപ്പോഴിതാ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിൽ യാതൊരു അതിശയോക്തിയും ഇല്ലെന്ന് പറയുയാണ് പ്രമുഖ അഭിഭാഷകനായ ശ്രീജിത്ത് പെരുമന. 2018 ലാണ് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഡി ജി പിക്കും മുഖ്യമന്ത്രിക്കും അപേക്ഷ നൽകുന്നത്. അതിന് ശേഷം ഹൈക്കോടതിയിലേക്ക് പോകുന്നു. അന്ന് ഹർജി പരിഗണിച്ച കോടതി കേസിൽ ഏത് അന്വേഷണം വേണമെന്ന് ഒരു പ്രതിക്ക് എങ്ങനെ ആവശ്യപ്പെടാനാകുമെന്ന് ചോദിച്ചു. ആ പറഞ്ഞതിൽ കാര്യമുണ്ടെന്നും ശ്രീജിത് പെരുമന പറയുന്നു.
ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ലെന്നാണ് യഥാർത്ഥ്യം. എങ്കിലും സമൂഹവും മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചു, കുറ്റക്കാരനെന്ന് വിധിച്ചു, കരിയർ നശിപ്പിച്ചു എന്നീ സാഹചര്യങ്ങളിലാണ് എട്ടാം പ്രതി സി ബി ഐ അന്വേഷണം എന്ന ആവശ്യം ദിലീപ് ഉയർത്തുന്നത്. ഇത് നിലനിൽക്കാൻ പോകുന്ന ഒരു കാര്യം അല്ലെന്ന് സ്വാഭാവികമായും ഞങ്ങൾക്ക് അന്ന് തന്നെ അറിയാമായിരുന്നു.
സിംഗിൾ ബെഞ്ച് ഹർജി തള്ളിയപ്പോൾ ഡിവിഷൻ ബെഞ്ചിലേക്ക് പോയി. അതിന് ശേഷം നാല് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തീരുമാനമാകുന്നത്. കേസിലെ പ്രോസിക്യൂഷൻ വിചാരണ പൂർണ്ണമായും കഴിഞ്ഞെന്നും പ്രതിഭാഗത്തിന്റെ ശേഷിക്കുന്ന വിചാരണ ഏപ്രിൽ 11 ന് അകം തീർക്കണമെന്ന നിർദേശമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളുന്നത്. അതുകൊണ്ട് തന്നെ ഇതിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും ശ്രീജിത് പെരുമന പറയുന്നു.
പൊതുസമൂഹത്തിന് മുന്നിൽ ദിലീപിനെ കുറ്റവാളിയായി നിലനിർത്തുകയെന്ന ഒരു ലോബിയുടെ ആവശ്യത്തിലേക്ക് പല ആളുകളും വന്നുചേർന്നു. മാധ്യമങ്ങളും അതിന്റെ ഭാഗമായി. ദിലീപിന്റെ കുടുംബത്തെ, കുട്ടിയെ വെച്ച് പോലും ഇല്ലാക്കഥകൾ മെനഞ്ഞിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അദ്ദേഹം ഏതെങ്കിലും രീതിയിൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കോടതി തീരുമാനിക്കുകയാണെങ്കിൽ നമ്മൾ എല്ലാവരും അതിനെ സ്വാഗതം ചെയ്യും.
ഇവിടെ ആരും അതിജീവിതയ്ക്ക് എതിരായി നിൽക്കുന്നവർ അല്ല. എല്ലാവരും അവരോടൊപ്പം നിൽക്കുന്നവരാണ്. അതിന് അപ്പുറത്തേക്ക് ഒന്നാം പ്രതിയെ മഹാനായ വ്യക്തിയാക്കുന്നതിന് അംഗീകരിക്കാനാകില്ല. ജാമ്യത്തിൽ ഇരിക്കുന്ന ഒന്നാം പ്രതി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തുന്നത് കണ്ടു. എന്നാൽ പിറ്റേ ദിവസം വന്ന വാർത്ത എന്താണ്, അതിജീവിതയെ കുടുംബം ആ മാധ്യമത്തേയും പൾസർ സുനിയേയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുന്നുവെന്നാണ്.
എങ്ങനെയാണ് ഈ ഘട്ടത്തിൽ അതിജീവിതയുടെ കുടുംബത്തിന് ഒന്നാം പ്രതിയായ പൾസർ സുനിയേയും അത് റിപ്പോർട്ട് ചെയ്ത മാധ്യമത്തേയും അഭിനന്ദിക്കാൻ സാധിക്കുക. അത്തരത്തിൽ വളരെ ഹീനമായ ഒരു തലത്തിലേക്ക് ഈ ഒരു വിഷയത്തെ കൊണ്ടുപോയിട്ടുണ്ട്. കേസിലെ വിധി ഉടൻ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ഇപ്പോൾ തള്ളിയതെന്നും ശ്രീജിത് പെരുമന പറയുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമീപിക്കാൻ ഇനിയും ദിലീപിന് സമയമുണ്ട്. അതിന് ആർക്കാണ് തടസ്സം നിൽക്കാൻ സാധിക്കുക. ആരാണ് കുറ്റക്കാരെന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. ഒരു പുകമറ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്ത. ഈ കേസുമായി ബന്ധപ്പെട്ട് ആ മാധ്യമത്തിനെതിരെ നേരത്തെ ഒരു എഫ് ഐ ആർ പോലും ഉണ്ടായിട്ടുണ്ട്. എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡസനോളം അപേക്ഷ നൽകിയിട്ടും ഒരു ഫലവും ഉണ്ടായില്ല. അദ്ദേഹം ഇപ്പോഴും പുറത്താണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ശ്രീജിത്ത് പെരുമന പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ചും പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നതിനെക്കുറിച്ചും അന്വേഷിക്കാൻ കൊച്ചി പോലീസ് കമ്മീഷണർക്ക് സംസ്ഥാന ഡി ജി പി നിർദേശിച്ചതായി പറയുയാണ് പ്രമുഖ അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന. സ്റ്റിംഗ് ഓപ്പറേഷൻ എന്ന പേരിൽ റിപ്പോർട്ടർ ചാനലുമായി ചേർന്ന് പൾസർ സുനി നടത്തിയ അഭിമുഖത്തെക്കുറിച്ചും, പൾസർ സുനി ജാമ്യവ്യവസ്ഥകൾ എല്ലാം ലംഘിച്ചതിനെ സംബന്ധിച്ചും അന്വേഷണം നടത്തി നടപടിയെടുക്കാനാണ് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് കൊച്ചി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതിന് ഹോട്ടലിൽ അക്രമമുണ്ടാക്കിയതിന് കുറുപ്പുംപടി പോലീസ് മറ്റൊരു എഫ് ഐ ആറും സുനിക്കെതിരെ ജാമ്യത്തിലിരിക്കെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതിനാൽ ജാമ്യം റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇൻ ക്യാമറ പ്രോസീഡിങ്‌സ് നടക്കുന്ന /ഗാഗ് ഓർഡറുള്ള ബലാത്സംഗ കേസിൽ ഹൈക്കോടതി മുന്നറിയിപ്പ് ഇതിനു മുൻപ് റിപ്പോർട്ടർ ചാനലിന് നൽകിയിട്ടും, നികേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ നടത്തിയ ഗൂഡാലോചന അന്വേഷിക്കപ്പെടേണ്ടതാണെന്നും ശ്രീജത് പെരുമന പറയുന്നു.
സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥകളിൽ ഭൂരിപക്ഷവും റിപ്പോർട്ടർ ചാനലുമായി ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ പൾസർ സുനി ലംഘിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടറോടും, ഡയറക്ട്ടർ ജനറൽ പ്രോസിക്കൂഷനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ക്വട്ടേഷൻ കൊടുത്തെങ്കിൽ തന്നെ കാശ് കൊടുക്കാതെ പൾസർ സുനിയെ പിണക്കാൻ മാത്രം മണ്ടനാണോ ദിലീപെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.
പൾസറിന്റെ വെളിപ്പെടുത്തൽ വിശുദ്ധ വേദവാക്യമായി സോഷ്യൽമീഡിയയെ ധൃതംഗ പുളകിതമാകുന്ന കാലം. ‘റേപ്പിസ്റ്റാണെങ്കിലെന്താ തങ്കപ്പെട്ട ഒരു വലിയ മനസ്സുണ്ട് സുനിയണ്ണന്” എന്നാണ് പുരോഗമന സിഹങ്ങളുടെ അഭിപ്രായം.
ആരാണ് ഈ തങ്കപ്പെട്ട മനുഷ്യൻ
ഇനി ആരാണ് ഈ തങ്കപ്പെട്ട മനുഷ്യൻ എന്ന് നോക്കാം. എറണാകുളം പെരുമ്പാവൂർ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകൻ പേര് സുനിൽ കുമാർ. ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനിൽ കുമാർ കൂടുതലും മോഷ്ടിച്ചിരുന്നത് ബജാജ് പൾസർ ബൈക്കുകളായിരുന്നതിനാലാണ് “പൾസർ സുനി ” എന്ന പേര് വന്നത്.മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛൻ സുരേന്ദ്രൻ പറയുന്നു. 28 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 21 വ്യാജ സിംകാർഡുകളും , 23 ഫോണുകളുമുണ്ട്.
പട്ടാപ്പകൽ ബസ്സിൽ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവർച്ച നടത്താൻ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി. പ്രയാപൂർത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട് ജുവനൈൽ ഹോമുകളിൽ കിടന്നിട്ടുണ്ട്. പിടിച്ചുപറി, മോഷണം, ക്വട്ടേഷൻ പ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളിൽ സുനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അഞ്ച് വർഷം മുമ്പ് മലയാളത്തിലെ മുൻനിര നിർമ്മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റമായ ജി സുരേഷ് കുമാറിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി. സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി. റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതർക്കങ്ങൾ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പൾസർ സുനിയെ സിനിമ മേഖലയിൽ പ്രവർത്തിച്ചു.
ചലച്ചിത്രമേഖലയിലുള്ളവർക്ക് ലൈംഗിക ആവശ്യങ്ങൾക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവർത്തിച്ചു. സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടിൽ എത്തിയിട്ടില്ല, 15 വർഷമായി താൻ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛൻ സുരേന്ദ്രൻ പറയുന്നു. സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു. സിനിമയിൽ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.
മേൽ വിവരിച്ചത് പുറത്തുവന്ന വാർത്തകൾ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്.ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയിൽ വർഷങ്ങളായി പൾസർ സുനി എന്ന ക്രിമിനൽ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചയാൾ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹിയായുമൊക്കെ സിനിമയിൽ നിറഞ്ഞു നിന്നു ?
എം എൽ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവർ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവർത്തകർക്കുള്ള കടപ്പാട് ? ഈ സുനിൽകുമാറിനെയാണ് ഇന്ന് മലയാളികൾക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം എന്നും ശ്രീജിത്ത് പെരുമന പറഞ്ഞിരുന്നു.
