എന്റെ താടിയിൽ നരയുണ്ട്! പ്രായമായോ എന്ന് ചോദിക്കുന്നവരോട് സൂരജിന് പറയാനുള്ളത്? വീഡിയോ വൈറൽ
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. ഇപ്പോഴിതാ, ബിഗ് സ്ക്രീനിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് നടൻ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ ഒരു ചെറിയ വേഷത്തിൽ എത്തിയ സൂരജ് ഇപ്പോൾ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഷാജൂൺ കാര്യൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെയാണ് സൂരജ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സിനിമായാണ് തന്റെ സ്വപ്നമെന്ന് സൂരജ് പറഞ്ഞിട്ടുള്ളതാണ്.
തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളൊക്കെ സൂരജ് ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമയിൽ തനിക്കുണ്ടായ ദുരനുഭവവും നടൻ തുറന്നു പറഞ്ഞിരുന്നു. താനാണ് നായകൻ എന്നറിഞ്ഞപ്പോൾ നായികമാർ സിനിമയിൽ നിന്ന് പിന്മാറിയെന്നാണ് നടൻ പറഞ്ഞത്. സീരിയൽ താരമായ തന്റെ നായികയാവാനില്ല എന്നവർ പറഞ്ഞെന്നാണ് നടൻ പറഞ്ഞത്.
ഇപ്പോഴിതാ, താടി നരച്ചെന്ന് പറഞ്ഞ് തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൂരജ്. യൂട്യൂബ് ചാനലിലൂടെയാണ് നടൻ മറുപടി നൽകിയത്. വിശദമായി വായിക്കാം.
‘നരച്ച് പോയല്ലോ, പ്രായമായല്ലോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല. ടെസ്റ്റ്ട്യൂബ് ശിശുവല്ല. എന്റെ അമ്മ എന്നെ നൊന്ത് പ്രസവിച്ചതാണ്. പ്രായത്തിന് അനുസരിച്ച് പക്വത വരുന്നതിനാല്‍ ഒരുപാട് ടെന്‍ഷനൊക്കെ ഉണ്ട്. അതുകൊണ്ട് ശരീരത്തിന് പെട്ടെന്ന് തന്നെ നര ബാധിച്ചു. മനസിനല്ല, മനസ് ഇപ്പോഴും 18 ലാണ്. എനിക്കിപ്പോള്‍ 31 വയസ് കഴിഞ്ഞു. ഏപ്രില്‍ ആയാല്‍ 32 വയസാവും. ഈ പ്രായത്തില്‍ നര വരുമോ എന്ന് എനിക്ക് അറിയില്ല,’
‘ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്. ഒരു കലാകാരന് കളിമണ്ണാണെന്ന് ഷാജൂണ്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കോളേജ് പയ്യനായി അഭിനയിക്കാന്‍ പറഞ്ഞാല്‍ നര ഒക്കെ ഡൈ ചെയ്ത് ഞാനൊരു ചുള്ളന് ലുക്ക് വരുത്തും. ഈ സിനിമയുടെ സമയത്ത് ഞാന്‍ കുറച്ച് തടിച്ച ലുക്കിലാണുള്ളത്. ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ സിനിമയ്ക്ക് വേണ്ടി തടിച്ചതാണ് എന്ന് സാര്‍ പറയണേ എന്ന് ഞാന്‍ പറഞ്ഞിരുന്നു,’
‘ഒരു കാരണവശാലും ഞാന്‍ പറയില്ല. നീ അങ്ങനെ പറയുകയാണെങ്കില്‍ തിന്നിട്ട് തടിച്ചതാണെന്ന് ഞാന്‍ താഴെ വന്ന് കമന്റ് ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും അന്നതിന് മുട്ടുണ്ടായിട്ടില്ല. നന്നായി ഭക്ഷണം കഴിക്കാറുണ്ട്. നന്നായി ഭക്ഷണം കഴിക്കുന്നത് ഈ ഫീല്‍ഡില്‍ നില്‍ക്കുന്നവര്‍ക്ക് നല്ലതല്ലെന്ന് അറിയാം,’
‘ശരീമൊക്കെ നന്നായി നോക്കണം. താടി ഇടക്കിടക്ക് വടിച്ചെടുക്കേണ്ടി വരുന്നതിനാലാണ് ഈ നര ഇങ്ങനെ കാണുന്നത്. താടി കൃത്യമായി വന്നാല്‍ സെറ്റായിക്കോളും. മനുഷ്യരിലുണ്ടാവുന്ന സ്വഭാവികമായ മാറ്റമാണിത്. ഓരോ നരയും പിടിച്ച് കറുപ്പിക്കാന്‍ എനിക്ക് സമയമില്ല. മുന്‍പൊരിക്കല്‍ ഞാനൊരു കീറിയ ടീഷര്‍ട്ട് ഇട്ടിരുന്നു. കുളിക്കാറില്ലേ, നനക്കാറില്ലോ, എപ്പോഴും ഇട്ട ടീഷര്‍ട്ട് തന്നെ ഇടുന്നു എന്നൊക്കെ ആയിരുന്നു അന്നത്തെ വിമര്‍ശനങ്ങള്‍,’
‘എനിക്ക് കുറച്ച് പാന്റും ടീഷര്ട്ടേ ഉള്ളു. വാങ്ങാനുള്ള ബുദ്ധിമുട്ടല്ല. ഞാന്‍ അങ്ങനയേ ഉപയോഗിക്കാറുള്ളയിരുന്നു. കോടീശ്വരനായ ഒരു വ്യക്തിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം അങ്ങനെയൊരു ബനിയന് ഇട്ടു കണ്ടു. അവര്‍ക്കിത് ഉപയോഗിക്കാമെങ്കില്‍ എനിക്കും ഉള്ളത് വീണ്ടും ഇടാം. അന്ന് കളിയാക്കിയപ്പോള്‍ ഞാന്‍ ടീഷര്‍ട്ട് പൊതിഞ്ഞു വെച്ചു,’
‘സീരിയല്‍ വന്നപ്പോള്‍ ഞാന്‍ ഒരുദിവസം അതിട്ടു. അങ്ങനെ ലോകമെമ്പാടും കാണുന്ന ഒരു ചാനലിലൂടെ എല്ലാവരും അത് കണ്ടു. ഒന്നിനേയും കളിയാക്കരുത്. അങ്ങനെയാണ് ഞാന്‍ അന്നത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തത്,’ സൂരജ് പറഞ്ഞത്.
