Actress
കാന്‍സറിന്റെ നാലാം സ്റ്റേജ്, രക്ഷപ്പെടാന്‍ 30 ശതമാനം മാത്രം സാധ്യത; ദുഃസ്വപ്നം പോലെയായിരുന്നു ആ ദിനങ്ങള്‍; തുറന്ന് പറഞ്ഞ് നടി സൊനാലി ബെന്ദ്രേ
കാന്‍സറിന്റെ നാലാം സ്റ്റേജ്, രക്ഷപ്പെടാന്‍ 30 ശതമാനം മാത്രം സാധ്യത; ദുഃസ്വപ്നം പോലെയായിരുന്നു ആ ദിനങ്ങള്‍; തുറന്ന് പറഞ്ഞ് നടി സൊനാലി ബെന്ദ്രേ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാലി ബെന്ദ്രേ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അര്‍ബുദബാധിതയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പിന്നീട് സോഷ്യല്‍ മീഡിയവഴി ചികിത്സാവിവരങ്ങളും മറ്റും നടി അറിയിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ രോഗമുക്തയായ ശേഷം ആ പഴയ നാളുകളെ ഓര്‍ത്തെടുത്തിരിക്കുകയാണ് നടി.
ഒരു ദുസ്വപ്നം എന്നാണ് തന്നെ ബാധിച്ച കാന്‍സറിനെ സൊനാലി വിശേഷിപ്പിച്ചത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി നടന്ന സംവാദപരിപാടിയിലാണ് താന്‍ അര്‍ബുദത്തെ അതിജീവിച്ചതിനേക്കുറിച്ച് സൊനാലി ബെന്ദ്രേ മനസുതുറന്നത്. കാന്‍സറാണെന്നറിഞ്ഞ നിമിഷം എന്തുകൊണ്ട് താന്‍ എന്നായിരുന്നു ആദ്യം തോന്നിയതെന്ന് സൊനാലി പറഞ്ഞു.
ഉറക്കമുണരുമ്പോള്‍ രോഗം ഒരു ദുസ്വപ്നം മാത്രമാണെന്ന് പ്രതീക്ഷപുലര്‍ത്തിയിരുന്നു. ഇങ്ങനെയൊന്ന് തനിക്കും സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സൊനാലി പറഞ്ഞു. അപ്പോഴാണ് ഞാന്‍ വിചാരിച്ച രീതി മാറാന്‍ തുടങ്ങിയത്. ‘എന്തുകൊണ്ട് ഞാന്‍’ എന്നതിനുപകരം, ‘എന്തുകൊണ്ട് എനിക്കും ആയിക്കൂടാ’ എന്ന് ഞാന്‍ ചോദിക്കാന്‍ തുടങ്ങി, ഇത് എന്റെ സഹോദരിക്കോ മകനോ സംഭവിക്കാത്തത് നല്ല ഒരു കാര്യമായി എനിക്കുതോന്നി.
ഇതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ടെന്ന് എനിക്ക് മനസിലായി. മികച്ച ആശുപത്രികളിലേക്ക് പോകാനും ചികിത്സ നടത്താനുള്ള സാഹചര്യവും എനിക്കുണ്ടായിരുന്നു. ‘എന്തുകൊണ്ട് എനിക്കും ആയിക്കൂടാ’ എന്ന ചോദ്യം സ്വയം ചോദിച്ചപ്പോള്‍ത്തന്നെ രോഗം ഭേദമാവാന്‍ തുടങ്ങിയിരുന്നു.’ എന്നും സൊനാലി ചൂണ്ടിക്കാട്ടി.
2018ലാണ് താരത്തിന് അര്‍ബുദം സ്ഥിരികരിച്ചത്. തുടര്‍ന്ന് അമേരിക്കയിലാണ് അവര്‍ ചികിത്സതേടിയത്. ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്കായെത്തിയപ്പോള് കാന്‍സറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംവിധായകന് ഗോള്‍ഡി ഭേല്‍ ആണ് സൊനാലിയുടെ ഭര്‍ത്താവ്. ദ ബ്രോക്കണ്‍ ന്യൂസ് എന്ന വെബ് സീരീസാണ് സൊനാലി ഒടുവില്‍ അഭിനയിച്ചത്. ഈ വരുന്ന മെയ് മാസത്തില്‍ പരമ്പര സീ ഫൈവിലൂടെ പ്രദര്‍ശനം ആരംഭിക്കും.
