Social Media
ആടുജീവിതം ലൊക്കേഷനിലേക്ക് നേരിട്ടെത്തി എ.ആര് റഹ്മാന്; സംവിധായകനും ടീമിനുമൊപ്പമുള്ള വീഡിയോ വൈറല്‍
ആടുജീവിതം ലൊക്കേഷനിലേക്ക് നേരിട്ടെത്തി എ.ആര് റഹ്മാന്; സംവിധായകനും ടീമിനുമൊപ്പമുള്ള വീഡിയോ വൈറല്‍
ആടുജീവിതം സിനിമയുടെ ചിത്രീകരണം കാണാന്‍ ജോര്‍ദാനിലെ ലൊക്കേഷനിലെത്തിയ എ. ആര്. റഹ്മാന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. അല്‍ജീരിയയിലെ ചിത്രീകരണത്തിന് ശേഷമാണ് ടീം ജോര്‍ദാനില്‍ എത്തിയത്.
എ.ആര്. റഹ്മാനോടൊപ്പമുള്ള ഫോട്ടോകള്‍ സംവിധായകന് ബ്ലെസി ഐപ്പ് തോമസ് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. ‘മരുഭൂമിയുടെ സംഗീതം തേടി’ എന്ന കുറിപ്പോടെയായിരുന്നു ബ്ലെസി ഐപ്പ് തോമസ് അന്ന് റഹ്മാനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘രണ്ട് ദിവസത്തേക്ക് ഫോണും ഇന്റര്‍നെറ്റും ഇല്ല, കുറെ ഒട്ടകങ്ങളും ആടും മാത്രം കൂട്ടിന്…’ എന്ന കുറിപ്പോടെ റഹ്മാനും ചിത്രീകരണ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എ. ആര്. റഹ്മാന് മലയാളത്തില്‍ സംഗീതം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ആടുജീവിതത്തിനുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ – സംഗീത് ശിവന് ടീമിന്റെ ‘യോദ്ധ’ എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി എ.ആര്. റഹ്മാന് മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്.
കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ ആയിരുന്നു. അല്‍ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങള്‍ കേരളത്തിലെ പത്തനംതിട്ടയില്‍ ഏതാനും രംഗങ്ങള്‍ ചിത്രീകരണം തുടര്‍ന്നിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ല്‍ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തില്‍ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യന്‍ ചിത്രം അപൂര്‍വമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങള്‍ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
ബെന്യാമിന്റെ അന്തര്‍ദേശിയ തലത്തില്‍ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക.
