അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കണ്‍ട്രിഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളുമായുള്ള ചലച്ചിത്ര സഹകരണത്തിന്റെ ഭാഗമായി മലയാളത്തിലെ സമീപകാലത്തെ മികച്ച സിനിമകള്‍ ഉള്‍പ്പെടുത്തി ക്യൂബയില്‍ ചലച്ചിത്രമേളയും നടത്താന്‍ ധാരണയായി.
‘എല്‍ ബെന്നി’, ‘ഇന്നസെന്‍സ്’, ‘മാര്‍ത്തി ദ ഐ ഓഫ് ദ കാനറി’, ‘ദ മേയര്‍’, ‘സിറ്റി ഇന്‍ റെഡ്’, ‘വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ്’ എന്നീ ചിത്രങ്ങളാണ് തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയിലെ അതിഥികളാണ്.
തിരുവനന്തപുരം സന്ദര്‍ശിച്ച ക്യൂബന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടര്‍(ഫെസ്റ്റിവല്‍) എച്ച്. ഷാജി എന്നിവര്‍ ചര്‍ച്ച നടത്തി. ചെയര്മാന് രഞ്ജിത്തുമായി അംബാസഡര്‍ ഫോണിലൂടെ ആശയവിനിമയം നടത്തി.
ഹവാന അന്താരാഷ്ട്രമേളയും ഐ.എഫ്.എഫ്.കെ.യും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളുടെ ഭാഗമായാണ് മലയാള ചലച്ചിത്രമേള ക്യൂബയില്‍ സംഘടിപ്പിക്കാനുള്ള സന്നദ്ധത അലെഹാന്ദ്രോ സിമാന്‍കാസ് മരീന്‍ അറിയിച്ചത്.