Bollywood
സല്മാന് ഖാന് കൂറ് പാകിസ്ഥാനോട്, വെറുക്കപ്പെടാന്‍ പോലും അയാള്‍ അര്‍ഹനല്ല; നടനെതിരെ ഗായകന്
സല്മാന് ഖാന് കൂറ് പാകിസ്ഥാനോട്, വെറുക്കപ്പെടാന്‍ പോലും അയാള്‍ അര്‍ഹനല്ല; നടനെതിരെ ഗായകന്
നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ സല്മാന് ഖാനോടുള്ള വിദ്വേഷം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായകന് അഭിജിത് ഭട്ടാചാര്യ. സല്മാന് ഖാന് ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ പ്രതിയായതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചു സംസാരിച്ചു എന്നതിന്റെ പേരില്‍ അഭിജിത് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് അഭിജിത് ഭട്ടാചാര്യ.
താന്‍ സല്മാന് ഖാനെ പിന്തുണച്ചു സംസാരിച്ചിട്ടില്ലെന്ന് അഭിജിത് പറഞ്ഞു. വാസ്തവത്തില്‍ തന്റെ വെറുപ്പ് പോലും സല്മാന് അര്‍ഹിക്കുന്നില്ലെന്നും ഗായകന് തുറന്നടിച്ചു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
‘സല്മാന് ഖാന് ഒരു ദൈവമല്ല. അങ്ങനെയാണെന്ന് അയാള്‍ സ്വയം വിശ്വസിക്കുന്നു. സല്മാന് നിരവധി ഇന്ത്യന്‍ ഗായകരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി പാക്കിസ്ഥാന് ഗായകരെ പിന്തുണച്ചു. ശത്രു രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു മനുഷ്യനെ പിന്തുണച്ച് ഞാന്‍ സംസാരിക്കുമെന്ന് ആളുകള്‍ക്ക് എങ്ങനെ ചിന്തിക്കാനാകും?
പാകിസ്ഥാനോടുള്ള കൂറ് കാണിക്കാന്‍ വേണ്ടി ഇന്ത്യന്‍ കലാകാരന്മാരുടെ പേര് വെട്ടി പാക്കിസ്ഥാനികള്‍ക്ക് അവസരം കൊടുത്തയാളാണ് സല്മാന്. ഇതെല്ലാം അയാള്‍ ബോധപൂര്‍വം തന്നെ ചെയ്തതാണ്. വെറുക്കപ്പെടാന്‍ പോലും അയാള്‍ അര്‍ഹനാണെന്നു ഞാന്‍ കരുതുന്നില്ല’, എന്നും അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
സല്മാന് ചിത്രമായ ‘ടൈഗര്‍ 3’യില്‍ ഗാനം ആലപിച്ച അര്‍ജിത് സിങ്ങിനെയും അഭിജിത് ഭട്ടാചാര്യ വിമര്‍ശിച്ചു. ‘സുല്‍ത്താന്‍’ എന്ന ചിത്രത്തില്‍ അര്‍ജിത്തിനു പകരം പാക്കിസ്ഥാനി ഗായകന് രഹത് ഫത്തേ അലി ഖാനെക്കൊണ്ടാണ് സല്മാന് പാട്ട് പാടിപ്പിച്ചതെന്നും ഇപ്പോള്‍ വീണ്ടും അര്‍ജിത്തിനെ തേടി വന്നിരിക്കുകയാണെന്നും അഭിജിത് കുറ്റപ്പെടുത്തി.
‘ഇത് ലജ്ജാകരമാണ്. രാജ്യത്തെ ഏറ്റവും വലിയ ഗായകനാണ് അര്‍ജിത് സിങ്. തനിക്ക് അവസരം നല്‍കണമെന്ന് അദ്ദേഹം ഒരിക്കലും സല്‍മാനോട് യാചിക്കാന്‍ പാടില്ലായിരുന്നു. പകരം പ്രതിഷേധം അറിയിക്കണമായിരുന്നു. അര്‍ജിത് ഒരു ബംഗാളി ആണോ എന്നുപോലും എനിക്ക് ഇടയ്ക്ക് സംശയം തോന്നാറുണ്ട്’,എന്നും അഭജിത് ഭട്ടാചാര്യ പറഞ്ഞു.
