‘അത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു; എന്നോട് ഷൂട്ടിംഗ് മതിയാക്കി മുംബൈയിലേക്ക് പോകാൻ പറഞ്ഞു; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല; ദുരനുഭവം പങ്കുവെച്ച് അദിതി ഗോവിത്രികർ
By
2001-ൽ മിസിസ് വേൾഡ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായ അദിതി 1999 ൽ പുറത്തിറങ്ങിയ തമ്മുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടായിരുന്നു സിനിമാലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2005 ൽ പുറത്തിറജിയ പഹേലി എന്ന ചിത്രത്തിന് വേണ്ടി 79-ാമത് അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും കൂടാതെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കാനും താരത്തിന് സാധിച്ചു.
നിരവധി താരങ്ങൾ ഇതിനോടകം തന്നെ സിനിമ മേഖലയിൽ നിന്നുണ്ടായിട്ടുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി നിലനിൽക്കുന്ന പ്രശ്നം കൂടിയായിരുന്നു ഇത്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്.
ഇന്നത്തെ മുൻനിര നായികമാർ പലർക്കും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുകയും , മീടൂ മൂവ്മെന്റിന് പിന്നാലെ പലരും തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയാൻ തുടങ്ങുകയും ചെയ്തിരുന്നു. കൂടാതെ സിനിമയിൽ അവസരത്തിനായി തങ്ങൾക്കൊപ്പം കിടക്ക പങ്കിടാൻ ക്ഷണിച്ച നിരവധി അഭിനേതാക്കളെയും സംവിധായകരെയും നിർമ്മാതാക്കളെയും കുറിച്ചൊക്കെ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ബോളിവുഡിൽ നിന്ന് നടന്മാർ അടക്കം ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അദിതി ഗോവിത്രികർ. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് തന്റെ അനുഭവത്തെക്കുറിച്ച് താരം സംസാരിച്ചത്.
‘ഞാൻ ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരിക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു. ആ സമയത്ത് ഒരു മനുഷ്യന്റെ പെരുമാറ്റം വളരെ വിചിത്രമായി തോന്നി. എന്നാൽ ആ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. അയാൾ എന്നോട് എന്തോ ചോദിച്ചു. അയാളോട് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ ചിരിച്ചുകൊണ്ട് മൈൻഡ് ചെയ്യാതെ നടന്നുനീങ്ങി. നിങ്ങൾ മണ്ടനാണോ എന്നും ചോദിച്ചു,’
‘അത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ എന്നോട് ഷൂട്ടിംഗ് മതിയാക്കി, പാക്ക് ചെയ്ത് മുംബൈയിലേക്ക് പൊക്കോളാൻ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കാരണം, അയാൾ അങ്ങനെയുള്ള ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. മുംബൈയിൽ വന്ന ശേഷം അയാൾ എന്നെ മീറ്റിംഗിന് വിളിച്ചു. ഷൂട്ടിംഗ് തീരാൻ മൂന്ന് നാല് ദിവസം മാത്രമേയുള്ളൂ. അന്ന് തനിക്ക് വേണ്ടത് എന്താണെന്ന് അയാൾ നേരിട്ട് പറഞ്ഞു,’
‘കിടക്ക പങ്കിടണമെന്ന അയാളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അന്ന് പറഞ്ഞതിന്റെ അർത്ഥമൊക്കെ എനിക്ക് അന്ന് മനസിലായി. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നിൽക്കാൻ എനിക്ക് കഴിയില്ല, അത്തരത്തിൽ സഹകരിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു. അയാൾ എന്നെ ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി,’ എന്നും അദിതി വ്യക്തമാക്കി.