Malayalam
അമ്മയിൽ രാഷ്ട്രീയം കലർത്തില്ല, പുറത്ത് പോയവർ പുറത്ത് തന്നെ, വ്യക്തികളെക്കാൾ വലുതാണ് സംഘടന; തലമുറ മാറ്റം അനിവാര്യമെന്ന് സിദ്ദിഖ്
അമ്മയിൽ രാഷ്ട്രീയം കലർത്തില്ല, പുറത്ത് പോയവർ പുറത്ത് തന്നെ, വ്യക്തികളെക്കാൾ വലുതാണ് സംഘടന; തലമുറ മാറ്റം അനിവാര്യമെന്ന് സിദ്ദിഖ്
കഴിഞ്ഞ മാസം 30 ന് ആയിരുന്നു മലയാള താര സംഘടനയായ അമ്മയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നത്. മോഹൻലാൽ വീണ്ടും പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായി സിദ്ദീഖും ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡന്റുമാരായും ബാബു രാജ് ജോയിന്റ്സെക്രട്ടറിയായും ഉണ്ണി മുകുന്ദൻ ട്രഷററായി എതിരില്ലാതെയും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഇതിന് ശേഷം നൽകിയൊു അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അമ്മയിൽ രാഷ്ട്രീയം കലർത്തില്ലെന്നും തന്റെ യു ഡി എഫ് ചായ്‌വ് അമ്മയുടെ പ്രവർത്തനങ്ങളിൽ കാണിക്കില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. അമ്മയിൽ പ്രശ്‌നം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടാണ് എന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
ഒരിക്കലും ഇന്നസെന്റ് ചേട്ടനെ പറ്റി അങ്ങനെ ഒരു ആക്ഷേപം പറഞ്ഞിട്ടില്ല. മുകേഷ്, ഗണേഷൻ, ജഗദീഷ് എല്ലാവരും നമ്മുടെ സംഘടനയിൽ ഉള്ളവരാണ്. അവർക്കെല്ലാം വ്യത്യസ്തമായ രാഷ്ട്രീയമുള്ളവരാണ്. അമ്മയിൽ ഒരു പ്രശ്‌നം വരുമ്പോൾ എല്ലാവരും അമ്മയുടെ പ്രശ്‌നമായിട്ട് കാണുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ആൾക്കാരാണ്.
അമ്മയിൽ രാഷ്ട്രീയം കലർത്താൻ ഒരാളും ശ്രമിച്ചതായിട്ട് എനിക്ക് അറിയില്ല. അമ്മയുടെ ജനറൽ സെക്രട്ടറിയായി ഞാൻ വരുമ്പോൾ ഞാനെന്തിനാണ് എന്റെ യുഡിഎഫ് മുഖം ഉപയോഗപ്പെടുത്തേണ്ടത്. സ്വന്തം രാഷ്ട്രീയം ഒളിച്ച് കടത്തുന്നവരല്ല സംഘടനയിലുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമ്മയിൽ നിന്ന് ചില അംഗങ്ങൾ പുറത്ത് പോയ സംഭവത്തെ കുറിച്ചും സിദ്ദിഖ് പറഞ്ഞു. അമ്മയിൽ നിന്ന് പുറത്ത് പോയ അംഗങ്ങൾ പുറത്ത് തന്നെയാണ്. അവരെ തിരിച്ച് സംഘടനയിലേക്ക് കൊണ്ടുവരിക എന്നത് സംഘടനയുടെ ബാധ്യതയല്ല.
അവർക്ക് തിരികെ സംഘടനയിലേക്ക് വരണം എന്ന് ആഗ്രഹമുണ്ടെങ്കിൽ സംഘടന തീർച്ചയായിട്ടും തുറന്ന മനസോടെ സ്വീകരിക്കും. വ്യക്തികളെക്കാൾ വലുതാണ് സംഘടന. എന്നാൽ സംഘടനയിൽ നിന്നും പുറത്തുപോയവർ ശത്രുക്കൾ അല്ലാ എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സംവരണം ഏർപ്പെടുത്തി അമ്മയുടെ ബൈലോ ഉടൻ ഭേദഗതി ചെയ്യും. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവർ ഭരണസമിതിയിൽ വരണമെന്നാണ് നിലപാടെന്നും സിദ്ദിഖ് പറഞ്ഞു. രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി നടി ജോമോളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ഐകകണ്‌ഠ്യേനയാണ് ജോമോളെ തിരഞ്ഞെടുത്തത്.