Malayalam
അത്ഭുതദ്വീപിലൂടെ ശ്രദ്ധേയനായ ശിവൻ മൂന്നാർ അന്തരിച്ചു
അത്ഭുതദ്വീപിലൂടെ ശ്രദ്ധേയനായ ശിവൻ മൂന്നാർ അന്തരിച്ചു
വിനയന്റെ സംവിധാനത്തിൽ പുറത്തെത്തിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ശിവൻ മൂന്നാർ അന്തരിച്ചു. 45 വയസായിരുന്നു. മസ്‌തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിനയനാണ് മരണം വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നടൻ ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലി അർപ്പിച്ചു. അത്ഭുതദ്വീപിൽ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്‌ത ശിവൻ മൂന്നാർ ..വിട പറഞ്ഞു… പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ- എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.
അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാർ ഇക്കാനഗർ സ്വദേശിയാണ് ശിവൻ. ഭാര്യ രാജി, മക്കൾ, സൂര്യദേവ്, സൂര്യകൃഷ്‌ണ. സുടല- സെൽവി ദമ്പതികളുടെ മകനാണു ശിവൻ. പൊതുപരിപാടികളുടെ അനൗൺസർ കൂടിയായിരുന്നു ശിവൻ.
പൊക്കം കുറഞ്ഞ മനുഷ്യരെ ഉൾപ്പെടുത്തി നിർമിച്ച സിനിമയ്‌ക്ക് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ 300-ഓളം കൊച്ചു മനുഷ്യരാണ് അഭിനയിച്ചത്. കുറച്ച് നാളുകൾക്ക് മുമ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പുതിയ ചിത്രം ആനന്ദ് ശ്രീബാലയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും വിനയൻ പറഞ്ഞിരുന്നു.
സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. അത്ഭുതദ്വീപ് 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 2005-ലാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും ഉണ്ടാകുമെന്നാണ് വിവരം. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും അണിയറയിൽ ഉണ്ടാകും.
