Malayalam
കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് കൂടുതല്‍ നടപടിയുണ്ടാകില്ല; ഷൈനിന് അനുകൂലമായത് ഈ കാരണങ്ങള്‍
കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് കൂടുതല്‍ നടപടിയുണ്ടാകില്ല; ഷൈനിന് അനുകൂലമായത് ഈ കാരണങ്ങള്‍
വിമാനത്തിന്റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ലെന്ന് വിവരം. ഷൈന്‍ നല്‍കിയ വിശദീകരണവും പൈലറ്റിന്റെ നിലപാടുമാണ് രക്ഷയായത്. കോക് പിറ്റില്‍ കയറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം.
അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്‌ക്കെുടുത്ത അധികൃതര്‍ താരത്തെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ പൈലറ്റ് പരാതി നല്‍കാതിരുന്നതും ഷൈനിന് അനുകൂലമായി.
കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. ദുബായ് വിമാനത്താവളത്തിലാണ് അനിഷ്ട സംഭവം ഉണ്ടായത്. അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാരുടെ സീറ്റില്‍ ഇരിക്കാന്‍ നടന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റില്‍ ആണ് ഷൈന്‍ ടോം ചാക്കോ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. താരത്തിനെ ഇറക്കിയശേഷം മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.
കോക് പിറ്റില്‍ കയറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത എയര്‍ ഇന്ത്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കി. വിഷയത്തില്‍ പൈലറ്റ് പരാതി നല്‍കാതിരുന്നതാണ് ഷൈനിന് അനുകൂലമായ മറ്റൊരു ഘടകം. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചത്.
ഷൈനിന്റെ വിസയുടെ കാലാവധി തീര്‍ന്നതിനാല്‍ പുതിയ വിസിറ്റ് വീസയെടുത്ത ശേഷമാണ് താരത്തിന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ആയത്. ഇന്നലെ റിലീസായ ഭാരത സര്‍ക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷൈന്‍ ടോം ചാക്കോ ദുബായിലെത്തിയത്.
