Actor
‘ഈ അടുത്തായി മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ്; ഷാജി കൈലാസ്
‘ഈ അടുത്തായി മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ്; ഷാജി കൈലാസ്
നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കോംബോയാണ് മോഹന്‍ലാല്‍- ഷാജി കൈലാസ്. എലോണ്‍ ആണ് ഷാജി കൈലാസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
മികച്ച പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞില്ലാ എന്നാണ് വിവരം. ഇപ്പോഴിതാ അടുത്തകാലത്തായി നടന് മോഹന്‍ലാല്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് പറയുകയാണ് സംവിധായകന് ഷാജി കൈലാസ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
‘ഈ അടുത്തായി മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്നാണ് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നുണ്ട്. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’.
സിനിമയെ ടാര്‍ഗെറ്റ് ചെയ്താണ് വിമര്‍ശിക്കുന്നത് എന്നും അവ ബാധിക്കുന്നത് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കുടുംബങ്ങളെയാണെന്നും ഷാജി കൈലാസ് പറഞ്ഞു. ‘പണ്ട് പല മാസികകളും സിനിമ മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോദിവസവുമാണ് നടക്കുന്നത്. നമുക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല.
എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. അവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ എളുപ്പമായി വിമര്‍ശിക്കാം. ടാര്‍ഗെറ്റഡ് ആയിട്ടാണ് വിമര്‍ശനങ്ങള്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ജനുവരി 16 നായിരുന്നു എലോണിന്റെ റിലീസ്. റിലീസ് അവധി ദിനത്തില്‍ ആയിട്ട് കൂടി കേരളത്തിലെ തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചില്ല. ഇന്ത്യയില്‍ നിന്ന് വെറും 45 ലക്ഷം മാത്രമാണ് ആദ്യദിനം എലോണ്‍ കളക്ട് ചെയ്തത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 53 ലക്ഷം മാത്രമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
റിലീസ് ദിവസം വെറും 27.51 ശതമാനം മാത്രമായിരുന്നു എലോണിന്റെ കേരളത്തിലെ ഒക്യുപ്പന്‍സി. എവിടെയും ഹൗസ് ഫുള്‍ ഷോകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ഒരു ദിവസം പോലും സിനിമയ്ക്ക് ഒരു കോടി കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ ഒരു കോടിയാകാന്‍ മൂന്ന് ദിവസം വേണ്ടിവന്നു എന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
