അന്ന് മമ്മൂക്ക തന്ന ഉപദേശമാണ് ഞാന്‍ ഇന്നും പിന്തുടരുന്നത്; യമുന റാണി
പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാണ് നടി യമുന റാണി. ടെലിവിഷൻ സീരിയലിലൂടെയാണ് യമുന കൂടുതൽ പ്രേക്ഷകർക്കിടയിൽ ജനപ്രിയയായത്. മീശമാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് യമുനയെ കൂടുതൽ കണ്ടത്.
ഈയ്യടുത്ത് ഞാനും എന്റാളും എന്ന പരിപാടിയിലും യമുന പങ്കെടുത്തിരുന്നു. ഭര്‍ത്താവിനൊപ്പമായിരുന്നു യമുന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ഷോയിലൂടെ യമുനയും ഭര്‍ത്താവ് ദേവനും ആരാധകരുടെ പ്രിയങ്കരരായി മാറുകയായിരുന്നു. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ് തുറക്കുകയാണ് യമുന റാണി ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ
ഇന്നത്തെ പോലെ തന്നെ അന്നും ആളുകള്‍ ചോദിക്കും. നേരിട്ടും അല്ലാതേയും ചോദിക്കും. എങ്ങനെ നില്ക്കാം എന്നുള്ളത് നമ്മളുടെ തീരുമാനമാണ്. ഞാന്‍ എന്റെ അനുഭവമാണ് പറയുന്നത്. നമ്മള് ഏത് വഴി തിരഞ്ഞെടുത്ത് സിനിമയില്‍ വരണമെന്നത് നമ്മളുടെ തീരുമാനമാണ്. മമ്മൂക്കയുടെ കൂടെയായിരുന്നു ആദ്യത്തെ സിനിമ. സ്റ്റാലിന് ശിവദാസ്, ആദ്യത്തെ ഷോട്ടും മമ്മൂക്കയുടെ കൂടെയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു തന്ന കാര്യം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.സിനിമ എന്നത് ഒരു വലിയ ഇന്‍ഡസ്ട്രിയാണ്.
അവിടെ നമ്മള് എങ്ങനെ മുന്നോട്ട് പോകണം എന്നത് നമ്മള് തീരുമാനിക്കുന്നതാണ്, എന്നത് മമ്മൂക്കയാണ് പറഞ്ഞു തന്നത്. ഞാന്‍ ഇന്നും അതാണ് പിന്തുടരുന്നത്. നമ്മളെ ഒരാള്‍ ചായ കുടിക്കാനോ കോഫി കുടിക്കാനോ ഡിന്നറിനോ വിളിച്ചാല്‍ പോകണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. ചായ കുടിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അത് നമ്മളുടെ തീരുമാനമാണ്. ആരും നിര്‍ബന്ധിച്ച് കൊണ്ടു പോകില്ലെന്നാണ് യമുന പറയുന്നത്.
അതേസമയം ഗിരീഷ് പുത്തഞ്ചേരി സൂപ്പര്‍ ഹിറ്റായി മാറിയ പിന്നേയും പിന്നേയും എന്ന പാട്ടെഴുതിയതിന് പിന്നില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചും അഭിമുഖത്തില്‍ യമുന സംസാരിക്കുന്നുണ്ട്. പാട്ടിന്റെ തുടക്കത്തിലെ വരികള്‍ക്ക് പിന്നിലെ കാരണം താനാണെന്നാണ് യമുന തുറന്ന് പറയുന്നത്. .അന്ന് സിനിമയിലേക്ക് വന്നിരുന്നില്ല. സീരയില്‍ ചെയ്യുകയായിരുന്നു. മധുമോഹന് സാറിന്റെ സീരിയലില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു. കോഴിക്കോട് ഹോട്ടല്‍ മഹാറാണിയില്‍ താമസിക്കുകയായിരുന്നു. ഏത് റൂമില്‍ നിന്നും ഇറങ്ങിയാലും മറ്റു റൂമിലുള്ളവര്‍ക്ക് കാണാന്‍ സാധിക്കും.
ഞാന്‍ രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങും. അങ്ങനെ ഒരു ദിവസം ഇറങ്ങിയപ്പോള്‍ ഒരാളെ ഇരുട്ടത്ത് കണ്ടു. മുഖം കണ്ടില്ലെങ്കിലും നമ്മളെയാണ് നോക്കുന്നതെന്ന് മനസിലായി.രണ്ട് മൂന്ന് ദിവസം ഇത് തന്നെ സംഭവിച്ചതോടെ നടപ്പ് നിര്‍ത്തി. പിന്നെ എന്നെ വിളിച്ചിട്ട് എന്താണ് നടക്കാത്തത് എന്ന് ചോദിച്ചു. ഡാഡിയും എന്നോട് ചോദിച്ചു എന്താണ് നടക്കാത്തതെന്ന് ഞാന്‍ ഒരാള്‍ എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഡാഡി അതേക്കുറിച്ച് റിസപ്ഷനില്‍ ചോദിച്ചു. അപ്പോള്‍ അവരാണ് പറഞ്ഞത് അയ്യോ അങ്കിളേ അത് ഗിരീഷ് പുത്തന്ചേരിയായിരിക്കുമെന്ന്. അദ്ദേഹം പാട്ടെഴുതാന്‍ എടുത്ത റൂമാണതെന്നും അവര്‍ പറഞ്ഞുവെന്നാണ് യമുന തുറന്ന് പറയുന്നത്.
പുള്ളി പാട്ടെഴുതാന്‍ ഇരിക്കുന്ന സമയമാണ് അത്. അപ്പോഴാണ് ഞങ്ങള്‍ അദ്ദേഹമായിരുന്നു അതെന്ന് അറിയുന്നത്. പിന്നെ അദ്ദേഹവുമായി സംസാരിച്ചു. ഞാനൊരു പാട്ട് എങ്ങനെ തുടങ്ങണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നുവെന്നാണ് ഗിരീഷേട്ടന് പറഞ്ഞത്. അപ്പോഴാണ് ഞാന്‍ വാതില്‍ തുറന്ന് ഇറങ്ങുന്നത് കണ്ടത്. അങ്ങനെ ആ പാട്ടുമായൊരു ബന്ധമായി. പാട്ട് ഹിറ്റായപ്പോള്‍ എനിക്കും ഒരുപാട് സന്തോഷമായി. പിന്നീട് പാട്ടിന് അവാര്‍ഡ് കിട്ടിയപ്പോള്‍ വാങ്ങാന്‍ കയറും മുമ്പ് ഗിരീഷേട്ടന് വിളിച്ചിട്ട് ഇത് നിനക്ക് ഡെഡിക്കേറ്റ് ചെയ്യുകയാണെന്നും പറഞ്ഞുവെന്നും യമുന റാണി പറയുന്നു
