News
ഇപ്പോള്‍ 10 വയസ്സ് മുതല്‍ ആര്‍ത്തവം വന്നു തുടങ്ങും; ‘ആര്‍ത്തവാവധി’യില്‍ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ; കുറിപ്പുമായി സീമ ജി നായര്‍
ഇപ്പോള്‍ 10 വയസ്സ് മുതല്‍ ആര്‍ത്തവം വന്നു തുടങ്ങും; ‘ആര്‍ത്തവാവധി’യില്‍ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ; കുറിപ്പുമായി സീമ ജി നായര്‍
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്ക്കുന്ന താരം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്പ്പന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെയാണ് സീമ ജി നായരെ പ്രേക്ഷകര്‍ അടുത്തറിയുന്നത്.
ട്യൂമര്‍ ശരണ്യ പിടികൂടിയപ്പോള്‍ താരത്തിന്റെ അവസാന നിമിഷം വരെയും അതിനു ശേഷം ശരണ്യയ്ക്ക് അമ്മയ്ക്കൊപ്പവും കരുത്തായി നില്‍ക്കുന്നത് സീമയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം;
ശുഭദിനം.. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ‘ആര്‍ത്തവാവധി’ അനുവദിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ കണ്ടു.. വളരെ നല്ല ഒരു തീരുമാനം ആണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.. ആര്‍ത്തവ സമയത്ത് ഭൂരിഭാഗം സ്ത്രീകള്‍ക്കും ഉണ്ടാവുന്ന ശാരീരിക മാനസിക അവസ്ഥകള്‍ ഭീകരം ആയിരിക്കും.. ആ വേദനകള്‍ താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്.
ഛര്‍ദില്‍, തലവേദന, നടുവ് വേദന ഇങ്ങനെ ഒരു നീണ്ട വേദനകളുടെ അനുഭവം പലര്‍ക്കും ഉണ്ടാകും.. ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്ന കേസുകള്‍ വരെ കണ്ടിട്ടുണ്ട്.. പക്ഷെ എന്റെ ഒരു ചെറിയ അഭിപ്രായത്തില്‍ കോളേജുകളിയെയും സര്‍വ്വകലാശാലകളിലെയും കുട്ടികള്‍ കുറച്ചും കൂടി മെച്വര്‍ഡ് ആണ്. വേദനകള്‍ സഹിക്കാന്‍ ഒരു പരിധി വരെ അവര്‍ പ്രാപ്തരായിരിക്കും.
അവരെ പരിഗണിക്കുമ്പോള്‍ നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമോ ? ഇപ്പോള്‍ 10 വയസ്സ് മുതല്‍ ആര്‍ത്തവം വന്നു തുടങ്ങുന്നുണ്ട്.. ആര്‍ത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികള്‍ക്ക് അത് വന്നു തുടങ്ങും.. പണ്ടൊക്കെ 14/15 വയസ്സില്‍ ആവും ഇതൊക്കെ വരുക.
10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തില്‍ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാന്‍ പറഞ്ഞു വന്നത് സ്കൂള്‍ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങള്‍ക്കൊക്കെ എങ്ങനെ ഈ വേദനകള്‍ താങ്ങാന്‍ പറ്റും.
സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങള്‍ കൊണ്ടുവന്ന എല്ലാവര്ക്കും എന്റെ അഭിവാദ്യങ്ങള്‍.. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുമെന്ന് വിശ്വസിക്കുന്നു.. ഇതിന്റെ സാങ്കേതിക വശങ്ങള് എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. എല്ലാവര്ക്കും നന്മകള് നേരുന്നു.
