തളർന്നു പോയ ശരീരത്തിന്റെ ഒരു ഭാഗം ചലിപ്പിച്ച് നടി ശരണ്യ…
By
ട്യൂമര്‍ ബാധിച്ച് അതീവ ഗുരുതരാസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടന്നത്. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്ധന്യാവസ്ഥയില് തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ശരണ്യയുടെ രോഗവിവരം സീരിയൽ നടി സീമാ ജി നായരുടെ ഇടപെടിലാണ് പുറംലോകം അറിഞ്ഞത്. നടി ശരണ്യയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സീമയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാൽ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാല്‍ പ്രതികരണം ഞങ്ങളെ ഞെട്ടിച്ചുവെന്ന് സീമ വെളിപ്പെടുത്തുന്നു.
വിഡിയോ ജനങ്ങളിലെത്തിച്ച മാധ്യമങ്ങളോടും സഹായഹസ്തം നീട്ടിയവരോടും സീമ നന്ദി പറഞ്ഞു. ട്യൂമർ ബാധിതയായ ശരണ്യ ഏഴാമത്തെ ഓപ്പറേഷന് വിധേയയാകുകയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശരണ്യയെ സഹായിക്കണമെന്നും ആവശ്യപ്പെട്ട സീമയുടെ അഭ്യര്‍ഥന വലിയ തോതില്‍ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ആദ്യ ഘട്ട ചികിത്സയ്ക്ക് സഹായിച്ചവരൊന്നും പിന്നീട് സഹായിച്ചില്ലെന്നും മുഖം ചുളിച്ചെന്നും അന്നത്തെ വിഡിയോയില്‍ സീമ പറഞ്ഞിരുന്നു. ‘മുംബൈ, അമേരിക്ക, ഒമാൻ എന്നിങ്ങനെ പല നാടുകളില്‍ നിന്നെല്ലാം സഹായ ഹസ്തങ്ങളെത്തുന്നുണ്ട്. സീരിയൽ സിനിമാ രംഗത്ത് നിന്നും ചിലർ വിളിക്കുകയും സഹായം ചെയ്യാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്.’–സീമ പറഞ്ഞു. ‘ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോൾ. പൂർണമായും തളർന്നു പോയ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി തിരിച്ചു കിട്ടി. തുടർ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയെങ്കിലും രോഗം ആവർത്തിക്കില്ലെന്ന് പറയാനാവില്ലെന്നും സീമ പറയുന്നു.
ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ വാടക വീടുകള്‍ മാറി മാറി കഴിയുന്ന ശരണ്യക്ക് ഒരു കൊച്ചു വീട് കൂടി വേണമെന്നും അതു തന്റെ സ്വപ്നം ആണെന്നും സീമ പറയുന്നു. രോഗബാധിതയായ കുട്ടിയെയും കൊണ്ട് വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയാൻ പറ്റില്ലെന്നും കൂട്ടിച്ചേർക്കുന്നു സീമ. അതിനാല്‍ തന്നെ തുടർ ചികിത്സയ്ക്കൊപ്പം ശരണ്യയ്ക്ക് കയറിക്കിടക്കാൻ ഒരു തണലുണ്ടാവേണ്ടത് അനിവാര്യമാണെന്നും അതിനും നല്ല മനസ്സുകൾ തനിക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സീമ പറയുന്നു.
saranya sasi
