Malayalam
സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദ്ദിച്ചു; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് ആരോപണം
സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദ്ദിച്ചു; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് ആരോപണം
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ മകനും സുഹൃത്തുക്കളും സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം നടന്നത്.
തങ്ങളെ ആക്രമിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മർദനമേറ്റ യദു സായന്ത് പറഞ്ഞു. പൊതുസ്ഥലത്ത് വെച്ചാണ് തങ്ങളെ മർദിച്ചത്. സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മർദിച്ചതെന്ന് സന്തോഷ് കീഴാറ്റൂരും പറഞ്ഞു. ഫ്ലെക്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മർദനം നടന്നത്.
കുട്ടികളെ ഹെൽമെറ്റ് വെച്ച് മർദ്ദിച്ചു. അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു. താൻ കുട്ടികളെ കാണുമ്പോൾ അവരുടെ മൂക്കിൽ നിന്നുൾപ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ വസ്ത്രങ്ങളുൾപ്പെടെ വലിച്ചൂരിയ അവസ്ഥയിലായിരുന്നു.
നടന്നത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇത്തരം ആളുകൾ കുട്ടികളുടെ രാത്രി യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനാലാണ് കുട്ടികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതെന്നും നടൻ പറഞ്ഞു. പരിക്കേറ്റ കുട്ടികൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
