Malayalam
സിനിമപ്രവര്‍ത്തകരുടെ ആദ്യ സംഘടനയായ മാക്ട രൂപീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ശാന്തിവിള ദിനേശ്
സിനിമപ്രവര്‍ത്തകരുടെ ആദ്യ സംഘടനയായ മാക്ട രൂപീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ശാന്തിവിള ദിനേശ്
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ഗരുഡന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അതിഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിച്ചിരുന്നത്.
ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ചും മലയാള സിനിമപ്രവര്‍ത്തകരുടെ ആദ്യ സംഘടനയായ മാക്ട രൂപീകരിക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. സുരേഷ് ഗോപിയുമായി ഉണ്ടായ തര്‍ക്കമാണ് മാക്ട എന്ന സംഘടന ഉണ്ടാകാന്‍ കാരണമായതെന്ന് ഈ മേഖലയെക്കുറിച്ച് ധാരണയുള്ള പലര്‍ക്കും അറിയാമെങ്കിലും അതേക്കുറിച്ചുള്ള വിശമായ വിവരങ്ങളാണ് ശാന്തിവിള ദിനേശ് പങ്കുവെക്കുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി സൂപ്പര്‍താരമായി നില്‍ക്കുന്ന സമയത്താണ് സിറ്റി പോലീസ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം കൊച്ചിയില്‍ വരുന്നത്. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ വേണു ബി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിയെ വെടിവെച്ചിട്ട് ഒരു വീടിന്റെ രണ്ടാം നിലയില്‍ ഒളിവില്‍ കഴിയുന്ന നായകനായ സുരേഷ് ഗോപി, അയാളെ അന്വേഷിക്കുന്നു പൊലീസ് ഓഫീസറായ കക്ക രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഭൂരിഭാഗം സീനുകളും മുറിയില്‍ വെച്ചാണ് എന്ന് അറിഞ്ഞതോടെ സുരേഷ് ഗോപി അസ്വസ്ഥനായി. താരപകിട്ടിലേക്ക് കയറി വരുന്ന സമയം ആണല്ലോ. എടുത്ത ഒരു സീന്‍ മാറ്റി എടുക്കാന്‍ സംവിധായകന്‍ തയ്യാറായപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ സാധിക്കില്ലെന്ന വാശിയിലായിരുന്നു സുരേഷ് ഗോപി. ഉടക്കിന്റെ വിവരം അറിഞ്ഞാണ് കലൂര്‍ ഡെന്നീസ് സെറ്റിലേക്ക് എത്തുന്നത്.
‘ജോഷിയോ , ഐവി ശശിയോ, പിജി വിശ്വംഭരനോ , ഭരതനോ പറഞ്ഞാല്‍ എടുത്ത സീന്‍ റീ ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് നീ പറയുമോ, മര്യാദക്ക് പോയി ചെയ്യടോ’ എന്നായിരുന്നു കലൂര്‍ ഡെന്നീസ് പറഞ്ഞത്. അമര്‍ഷം കടിച്ച് പിടിച്ച് ആ സീന്‍ ചെയ്ത് വരുമ്പോള്‍ സ്വയം പറയുന്നത് പോലെ മോശമല്ലാത്ത ഒരു തെറി പറഞ്ഞിട്ട് സുരേഷ് ഗോപി പോയി. സിനിമ പൊളിഞ്ഞു പോകും എന്നാണ് അതിന്റെ അര്‍ത്ഥമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
നിര്‍മ്മാതാവായ പാലമറ്റം മജീദ് സുരേഷ് ഗോപി പറഞ്ഞ് പോയ ആ വാക്കുകള്‍ കേട്ടു. അദ്ദേഹം വിവരം കലൂര്‍ ഡെന്നിസിനെ അറിയിച്ചു. കലൂര്‍ ഡെന്നീസ് വന്ന് തെറി ചേര്‍ത്ത് നാടന്‍ ഭാഷയില്‍ അറഞ്ചം പുറഞ്ചം സുരേഷ് ഗോപിയെ പറഞ്ഞു. സിറ്റി പൊലീസ് തുടങ്ങുന്ന ദിവസം കര്‍പൂര ദീപം എന്ന സിനിമയ്ക്കുള്ള അഡ്വാന്‍സും സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നു.
ഇതിനിടയില്‍ ആരോ ഒരു പാര സുരേഷ് ഗോപിക്ക് മുന്നില്‍ വെച്ചു. ചിത്രത്തില്‍ ഉര്‍വ്വശിക്കാണ് പ്രാധാന്യം എന്നാണ് ആരോ പറഞ്ഞ് കൊടുത്തത്. ലൊക്കേഷനില്‍ വന്നപാടെ സീന്‍ നമ്പര്‍ 46 വായിക്കണം എന്നായിരുന്നു. ആ സീനില്‍ ഉര്‍വ്വശിയുടെ കഥാപാത്രം നിറഞ്ഞാടുകയായിരുന്നു. ഈ തിരക്കഥ മാറ്റണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. എന്നാല്‍ ഒരു വരി മാറ്റില്ലെന്നായിരുന്നു കലൂര്‍ ഡെന്നീസിന്റെയും സംവിധായകന്റെയും തീരുമാനം. ഇതോടെ സുരേഷ് ഗോപി ആ ചിത്രത്തില്‍ അഭിനയിക്കാതെ പോയി. നിര്‍മ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായെന്നും ശാന്തിവിള പറയുന്നു.
സുരേഷ് ഗോപിയുടെ ഈ നീക്കങ്ങള്‍ക്കെതിരെയായിട്ടാണ് ആദ്യമായി ഒരു സംഘടന എന്ന ആലോചനയുണ്ടാകുന്നത്. ആദ്യം തിരക്കഥാകൃത്തുകള്‍ക്ക് മാത്രമായി എന്നായിരുന്നു ആലോചന. വിവരം ഡെന്നീസ് ജോസഫിനേയും അറിയിച്ചു. ജോഷി സാറാണ് സംവിധായകരേയും ചേര്‍ക്കണമെന്ന് പറയുന്നത്. ജേസി സാറായിരുന്നു മാക്ടയുടെ ആദ്യ ചെയര്‍മാന്‍. ജോണ്‍ പോളായിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി. അവിടെ നിന്നാണ് സംഘടന വളരുന്നതെന്നും ശാന്തിവിള കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഇപ്പോള്‍ മകളുടെ വിവാഹത്തിരക്കുകളിലാണ് സുരേഷ് ഗോപി. ഈ മാസം 17 നാണ് താരത്തിന്റെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍വെച്ചാണ് വിവാഹം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിന് പങ്കെടുക്കും. തിരുവനന്തപുരത്ത് വെച്ച് വിവാഹസത്ക്കാരവും ഒരുക്കിയിട്ടുണ്ട്. പണ്ട് കല്യാണത്തിന് പോകുമ്പോള്‍ പെണ്‍കുട്ടിയെ അച്ഛനും അമ്മയും സന്തോഷത്തോടെ ഒരു ചെക്കന്റെ കൂടെ പറഞ്ഞയക്കുന്നതും ആ പെണ്‍കുട്ടി കരയുന്നതുമൊക്കെ കണ്ടിട്ടുണ്ട്.
ആ സമയത്ത് എനിക്ക് വൈരാഗ്യം തോന്നിയിട്ടുണ്ട്. എങ്ങനെ അച്ഛനും അമ്മയ്ക്കും ഇത് സാധിക്കുന്നു എന്നോര്‍ത്ത്. ഒരുത്തന്റെ കൈയിലേക്ക് കൈ വെച്ച് കൊടുത്ത് അയക്കുകയല്ലേ. അതിന് ഞാന്‍ എതിരായിരുന്നു. എന്നാല്‍ എന്റെ കല്യാണം കഴിഞ്ഞ ശേഷം ആ ചിന്ത മാറി. പെണ്‍കുട്ടിയെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ആണിന്റെ കൈയില്‍ ഏല്‍പ്പിച്ച് കൊടുക്കുന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെണ്‍കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കുന്നത് ധൈര്യമാണ്. താനും ആ മൊമന്റിനായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
