Malayalam
അമ്മയുടെ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്ന് ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരെ, എന്തോ മനസിൽ വെച്ചിട്ടാണ് മല്ലിക ചേച്ചി ഇതൊക്കെ പറയുന്നത്; ശാന്തിവിള ദിനേശ്
അമ്മയുടെ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്ന് ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരെ, എന്തോ മനസിൽ വെച്ചിട്ടാണ് മല്ലിക ചേച്ചി ഇതൊക്കെ പറയുന്നത്; ശാന്തിവിള ദിനേശ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരസംഘടനയായ അമ്മയ്ക്കെതിരെ നടി മല്ലിക സുകുമാരൻ രംഗത്തെത്തിയത്. അമ്മയിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും അമ്മയ്ക്കുള്ളിൽ പല തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും പരാമർശിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. നടിയെ ആക്രമിച്ച കേസ് എവിടെ വരെ എത്തിയെന്നു സർക്കാർ പറയണം. അതിജീവിതയായ ആ പെൺകുട്ടിയ്ക്ക് നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകൾ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും.
ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്നു സർക്കാർ പറയണം. എന്നിട്ടുവേണം അവർ ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറയാൻ. മോശം പെരുമാറ്റമുണ്ടായാൽ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടതെന്നുമാണ് നടി പറഞ്ഞത്. തിരുവനന്തപുരത്ത് ഒരു പുസ്തക പ്രകാശത്തിന് വന്നപ്പോഴായിരുന്നു പ്രതികരണം.
എന്നാൽ ഇപ്പോഴിതാ മല്ലിക സുകുമാരന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്ലിക ചേച്ചി ഒരു കാര്യം പറഞ്ഞാൽ അതിന് പിന്നിൽ ദൂരവ്യാപകമായ എന്തോ നടക്കാൻ പോകുന്നുവെന്ന് തോന്നാം. മുൻകാല സംഭവങ്ങൾ അതാണ് പ്രേരിപ്പിക്കുന്നത്.
അടുത്തിടെ സ്താനാർഭുതവുമായി ബന്ധപ്പെട്ട ഒരു പുസ്തക പ്രകാശനത്തിനിടെ പോയപ്പോൾ കാൻസറിനെ കുറിച്ചൊക്കെ സംസാരിക്കുന്നതിന് പകരം അമ്മ എന്ന സംഘടനയെ കുറിച്ചാണ് മല്ലിക ചേച്ചി സംസാരിച്ചത്. എന്തോ മനസിൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് നമ്മൾ ആലോചിക്കണം. അമ്മയുടെ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്ന് ഉണ്ടെങ്കിൽ അത് അവർക്ക് തുറന്ന് പറഞ്ഞാൽ പോരെ.
കർക്കശക്കാരനായ പൃഥ്വിരാജ് അമ്മയുടെ പ്രസിഡന്റാകുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷെ എന്റെ മകൻ പ്രസിഡന്റാകാൻ താത്പര്യമുണ്ടെന്ന് പറയുന്നതിന് പകരം അവർ പറഞ്ഞത് സംഘടനയിൽ പല കുഴപ്പങ്ങളും നടന്നിട്ടുണ്ട് അത് മോഹൻലാലിനും അറിയാം എന്നാണ്. അമ്മയ്ക്കുള്ളിൽ പലരും തങ്ങളുടെ ഇഷ്ടങ്ങൾ നടത്താൻ ആണ് ശ്രമിച്ചിട്ടുള്ളത് എന്നും ആരോപിച്ചു.
അല്ലേലും ഓരോരുത്തരും അവരവരുടെ ഇഷ്ടം നോക്കാനല്ലേ ശ്രമിക്കൂ. മല്ലിക ചേച്ചി അമ്മയുടെ പ്രസിഡന്റായിരുന്നെങ്കിൽ ജഗതി ശ്രീകുമാറിന്റെ ചികിത്സയ്ക്ക് സംഘടന കുറച്ച് പണം കൊടുക്കാൻ തീരുമാനിച്ചാൽ അനുവദിക്കുമോ, ഇല്ല. കൈനീട്ടം എന്ന സംഘടന കൊടുക്കുന്ന സഹായം അർഹതപ്പെട്ട പലർക്കും കിട്ടുന്നില്ലെന്നാണ് അവരുടെ ആദ്യ ആരോപണം. ആരെയാണ് മാറ്റി നിർത്തിയത് എന്ന് പറഞ്ഞിട്ടില്ല. സംഘടനയുടെ തലപ്പത്തുള്ളവരെ ഇരുട്ടത്ത് നിർത്തുകയാണ്.
അതിജീവിതയായ നടിക്കെതിരെ അക്രമണം നടന്നെന്ന് നൂറ് ശതമാനം സത്യമാണെന്നാണ് മല്ലിക ചേച്ചി പറയുന്നത്. അന്ന് പൃഥ്വിരാജ് എടുത്ത നിലപാടിനെ തുടർന്നാണല്ലോ ദിലീപിനെ പുറത്താക്കുന്നത്. ഇതൊന്നും ദിലീപ് മറന്നാലും മറ്റാരും മറക്കില്ല. സംഘടന പിളരാതിരിക്കാനാണ് ദിലീപ് രാജിവെച്ചത്.
കേസിൽ 7 വർഷം പിന്നിട്ടിട്ടും എന്ത് നടപടിയാണ് ഉണ്ടായതെന്നാണ് അവർ ചോദിക്കുന്നത്. കേസിൽ വിധി പറയാൻ പോകുന്നതൊന്നും അവർ അറിഞ്ഞില്ലേ. കേസിൽ ദിലീപിനെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല. ദിലീപിനെ തൂക്കിക്കൊല്ലണമെന്ന് നിങ്ങളൊക്കെ വിചാരിച്ചാൽ പോലും അതുകൊണ്ട് നടക്കില്ല. ദിലീപിനെ ശിക്ഷിക്കാനുള്ള ഒരു തെളിവും കോടതിയിൽ കിട്ടിയിട്ടില്ലെന്നാണ് എനിക്ക് അറിയാൻ സാധിച്ചത്.
എന്തായാലും ഇതൊക്കെ മല്ലിക ചേച്ചി പറയുന്നത് എന്തോ മനസിൽ വെച്ചിട്ടാണെന്ന് സംശയിക്കേണ്ടി വരും. അല്ലെങ്കിൽ അമ്മയെ പറ്റിയും മലയാള സിനിമയെ പറ്റിയൊക്കെ എന്തിനാണ് പറഞ്ഞത്. വരും ദിവസങ്ങളിൽ പശു വാല് പൊക്കുന്നത് പോലെ ചേച്ചി എന്തിന് ഇതൊക്കെ പറഞ്ഞെന്ന് മനസിലാകും എന്നും ശാന്തിവിള ദിനേശ് പറയുന്നു.