Malayalam
സ്വന്തം ജ്യേഷ്ഠന്‍ മരിച്ചിട്ട് ശ്രീനിവാസനോ മക്കളോ പോലും തിരിഞ്ഞു നോക്കിയില്ല, ഇനിയെന്ത് ന്യായം പറഞ്ഞാലും അത് ശരിയല്ല; ശാന്തിവിള ദിനേശ്
സ്വന്തം ജ്യേഷ്ഠന്‍ മരിച്ചിട്ട് ശ്രീനിവാസനോ മക്കളോ പോലും തിരിഞ്ഞു നോക്കിയില്ല, ഇനിയെന്ത് ന്യായം പറഞ്ഞാലും അത് ശരിയല്ല; ശാന്തിവിള ദിനേശ്
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ശ്രീനിവാസനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചപ്പോള്‍ ശ്രീനിവാസന്‍ കാണാന്‍ പോയില്ലെന്നാണ് ശാന്തിവിള ദിനേശ് ആരോപിക്കുന്നത്. ശ്രീനിവാസന്‍ മാത്രമല്ല മക്കളായ ധ്യാനും വിനീതും പോലും പോയില്ലെന്നാണ് ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്.
രണ്ടാഴ്ച മുമ്പൊരു വാര്‍ത്ത കണ്ടു, പികെ രവീന്ദ്രന്‍ അന്തരിച്ചുവെന്ന്. നമ്മുടെ നടന്‍ ശ്രീനിവാസന്റെ ജ്യേഷ്ഠനാണ്. ഉണ്ണി മാസ്റ്ററുടേയും പികെ ലക്ഷ്മിയുടേയും മകനാണ്. ഭാര്യ ഭാനുമതി, സന്ദീപ്, സുമിത്ത് എന്നീ രണ്ട് മക്കള്‍. സന്ദീപ് ചില തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസനെ കൂടാതെ വനജയും രാജഗോപാലുമാണ് സഹോദരങ്ങള്‍. ഒരുപാട് കാലമായി മദ്രാസിലാണ് താമസം. ഈ കഴിഞ്ഞ ജനുവരി 29 ന് അദ്ദേഹം മരിച്ചു.
ശ്രീനിവാസന്റെ വളര്‍ച്ചയില്‍ തുടക്കകാലത്ത് മോശമല്ലാത്ത സഹായങ്ങള്‍ ചെയ്ത മനുഷ്യനായിരുന്നു. ശ്രീനിവാസന്‍ എഴുതിയ ഗരീബി ഹട്ടാവോ എന്ന നാടകം പാര്‍ട്ടി നേതാവായ പാട്ടിയം ഗോപാലന്റെ കയ്യില്‍ കൊടുത്തത് രവീന്ദ്രനായിരുന്നു. ഉണ്ണി മാസ്റ്ററും ശ്രീനിവാസന്‍ ഒഴികെയുള്ള മക്കളെല്ലാം കമ്യൂണിസ്റ്റായിരുന്നു. ഇയാള്‍ ഇന്ന് ജനസംഘമോ മറ്റോ ആണ്. അതിനാല്‍ വിരുദ്ധ ചേരിയിലുള്ള ഇയാളെക്കൊണ്ട് എഴുതിയാല്‍ ശരിയാകുമോ എന്ന് ഗോപാലന്‍ ചോദിച്ചിരുന്നു. ഞാന്‍ ഏറ്റു, അവന്‍ നന്നായി എഴുതുമെന്ന് രവീന്ദ്രനാണ് പറഞ്ഞത്.
അവിടെ നിന്നൊക്കെ തെന്നിത്തെറിച്ചാണ് ശ്രീനിവാസന്‍ വേറെ ലോകത്തേക്ക് ഒക്കെ പോയത്. എനിക്ക് സങ്കടം തോന്നിയ കാര്യം, ഇനിയെത്ര വലിയ കലാകാരനെന്ന് ശ്രീനിവാസനെ പറഞ്ഞാലും അദ്ദേഹത്തിന്റെ ചേട്ടനല്ലേ മരിച്ചത്? അദ്ദേഹത്തിന് ഇപ്പോള്‍ അനാരോഗ്യമാണ്, ശരി. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷന് പോകാന്‍ അനാരോഗ്യം ഒരു പ്രശ്‌നമല്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായ ഹൃദയത്തിന്റെ നിര്‍മ്മാതാവ് വൈശാഖിന്റെ കല്യാണത്തിന് തിരുവനന്തപുരത്തേക്ക് വരാനും അദ്ദേഹത്തിന് അനാരോഗ്യം പ്രശ്‌നമായിരുന്നില്ല.
പക്ഷെ സ്വന്തം ജ്യേഷ്ഠന്‍ മരിച്ചിട്ട് അദ്ദേഹമോ അദ്ദേഹത്തിന്റെ മക്കളോ പോലും തിരിഞ്ഞു നോക്കിയില്ല. ഇനിയെന്ത് ന്യായം പറഞ്ഞാലും അത് ശരിയല്ല. മദ്രാസിലായിരുന്ന സമയത്ത് സിനിമയില്‍ തനിക്ക് എന്തെങ്കിലും ചെറിയ വേഷങ്ങളെങ്കിലും വാങ്ങി താടാ എന്ന് രവീന്ദ്രന്‍ പറഞ്ഞിട്ടും ശ്രീനിവാസന്‍ വാങ്ങിക്കൊടുത്തില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍ സന്ദീപിന് വിനീത് സംവിധാനം ചെയ്യുന്ന സിനിമകളില്‍ വേഷം വാങ്ങിക്കൊടുക്കാന്‍ പറഞ്ഞിട്ടും ചെയ്തു കൊടുത്തില്ല. വളരെ വിഷമത്തോടെ പികെ രവീന്ദ്രന്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
ശ്രീനിവാസന്‍ വളരെ ക്രിട്ടിക്കലായി ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ അനുജനെ ഒന്ന് കാണാന്‍ വരട്ടെ എന്ന് പറഞ്ഞപ്പോള്‍ കാണാന്‍ പറ്റില്ല, വരണ്ട എന്നാണ് വിമല ടീച്ചര്‍ പറഞ്ഞത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ വരണ്ടാ എന്ന് പറഞ്ഞയിടത്ത് ഇടിച്ചു കയറി വരാന്‍ ഞാനില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നല്ല മനുഷ്യനായിരുന്നു പികെ രവീന്ദ്രന്‍. വിശാലമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ധ്യാന്‍ പോലും തലശ്ശേരി വരെ പോകാന്‍ മനസ് കാണിച്ചില്ല.
കലാകാരന്മാര്‍ ആകുമ്പോഴെങ്കിലും മനസിത്തിരി വിശാലമാകണം. ശ്രീനിവാസനോ വിനീതോ ധ്യാനോ വിമല ടീച്ചറോ, ആരും തന്നെ പോയില്ല. എന്ത് ന്യായം പറഞ്ഞാലും മോശമായിപ്പോയി. സഹോദരനല്ലേ? സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഇടിച്ചുകയറി പോകാന്‍ ഒരു മടിയും കണ്ടില്ല. അതിലും അവശനായിരിക്കെയാണ് തിരുവനന്തപുരത്ത് കല്യാണത്തിന് വന്നത്. അതിനൊന്നും അനാരോഗ്യം ഒരു പ്രശ്‌നമായിരുന്നില്ല. എങ്കിലും എനിക്ക് ശ്രീനിവാസനെ ഒരുപാടിഷ്ടമാണ്. അദ്ദേഹം തിരികെ വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
