Malayalam
കാര്‍ത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്, നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയുടെ ആരോപണത്തിന് പിന്നാലെ അമീറിനെ പിന്തുണച്ച് സമുദ്രക്കനി
കാര്‍ത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്, നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയുടെ ആരോപണത്തിന് പിന്നാലെ അമീറിനെ പിന്തുണച്ച് സമുദ്രക്കനി
നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുടെ ആരോപണത്തില്‍ സംവിധായകന് അമീറിനെ പിന്തുണച്ച് സമുദ്രക്കനി. താനും സിനിമയുടെ ഭാഗമായിരുന്നെന്നും അമീറിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സമുദ്രക്കനി പറഞ്ഞു. കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രം ‘പരുത്തിവീരന്’ 2007ലാണ് റിലീസിനെത്തിയത്. സിനിമയുടെ മറവില്‍ അമീര്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു ജ്ഞാനവേല്‍ രാജയുടെ ആരോപണം.
‘അമീറിനെക്കുറിച്ച് താങ്കള്‍ പറഞ്ഞ വീഡിയോ ഞാന്‍ കണ്ടു. താങ്കള്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. താങ്കള്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. സിനിമയുടെ നിര്‍മ്മാണ വേളയില്‍ യൂണിറ്റിനും അമീറിനും ഒപ്പമുണ്ടായിരുന്നതിനാലും എല്ലാ പ്രശ്നങ്ങളും നേരിട്ടറിയുന്നതിനാലുമാണ് ഞാന്‍ ഇത് പറയുന്നത്.
അമീര്‍ ആണ് താങ്കളെ നിര്‍മ്മാതാവും കാര്‍ത്തിയെ നായകനുമാക്കിയത്. എന്നാല്‍ താങ്കള്‍ വിശ്വസ്തത പുലര്‍ത്തിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം ഞാന്‍ ഇടപെടാന്‍ മടിച്ചു. നേരിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്തവണ എനിക്ക് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല.’ സമുദ്രക്കനി പറഞ്ഞു.
സൂര്യയും ജ്ഞാനവേല്‍ രാജയും സിനിമയില്‍ നിന്ന് പിന്മാറിയെന്നും സ്വന്തം കരിയര്‍ തന്നെ പണയപ്പെടുത്തി എല്ലായിടത്തുനിന്നും കടം വാങ്ങി ചിത്രം ഒരുക്കിയത് അമീറാണെന്നുമാണ് സമുദ്രക്കനി പറഞ്ഞത്. ‘അറുപതിലധികം പേര് ചേര്‍ന്നാണ് ചിത്രത്തിന് പണം മുടക്കിയത്, പക്ഷേ അവസാനം നിങ്ങള്‍ നാണമില്ലാതെ നിര്‍മ്മാതാവ് എന്ന പദവി ഏറ്റെടുത്തു. ഈ വിഷയത്തിലുടനീളം കാര്‍ത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്,’ സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.
സമുദ്രക്കനിക്ക് പുറമെ നടനും സംവിധായകനുമായ ശശികുമാറും അമീറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. സിനിമയുടെ അവസാന ഭാഗം പൂര്‍ത്തിയാക്കാന്‍ താന്‍ പണം നല്‍കിയിരുന്നുവെന്നും ജ്ഞാനവേല്‍ രാജയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശശികുമാര്‍ പറഞ്ഞു.
