Connect with us

ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന സമയത്ത് പ്രഗല്‍ഭനായ ഒരു വ്യക്തി എന്നോട് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; മഞ്ജരി

Malayalam

ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന സമയത്ത് പ്രഗല്‍ഭനായ ഒരു വ്യക്തി എന്നോട് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; മഞ്ജരി

ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന സമയത്ത് പ്രഗല്‍ഭനായ ഒരു വ്യക്തി എന്നോട് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; മഞ്ജരി

നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗായികയാണ് മഞ്ജരി. നിരവധി ആരാധകരാണ് മഞ്ജരിയിക്കുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ഈ ഗാനത്തിന് ഈണമിട്ടത് ഇളയാരാജ ആയിരുന്നു. പ്രഗല്‍ഭരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടക്കകാലത്ത് തന്നെ കഴിഞ്ഞ ഗായികയുമാണ് മഞ്ജരി. എന്നാല്‍ പില്‍ക്കാലത്ത് മഞ്ജരിക്ക് അവസരങ്ങള്‍ കുറഞ്ഞു.

ജനം ഏറ്റെടുത്ത ഗായികയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങളും ഇതിനിടെ വന്നു. തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണകള്‍ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നാണ് മഞ്ജരി പറയുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചും ഗായിക തുറന്ന് സംസാരിക്കുന്നുണ്ട്.

ഞാന്‍ മസ്‌കറ്റിലാണ് വളര്‍ന്നത്. അവിടെ സ്‌കൂള്‍ പഠന സമയത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധികം ഇടപഴകിയിട്ടില്ല. അങ്ങനെയാണ് വളര്‍ന്ന സാഹചര്യം. എന്റെ ഗുരുക്കന്‍മാരില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ് ദാസങ്കിള്‍. പോകുക, പാടുക, സംഗീതം മാത്രം നോക്കുക എന്നാണ് അദ്ദേഹം പറഞ്ഞ് തന്നത്. വീട്ടിലെ മുതിര്‍ന്നവരും പറഞ്ഞ് തന്നത് അങ്ങനെയാണ്. നാട്ടിലേക്ക് വന്നയുടനെ എനിക്ക് പാട്ട് വന്നു. എന്നാല്‍ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ കുറച്ച് സമയമെടുത്തെന്നും മഞ്ജരി പറയുന്നു.

മസ്‌കറ്റില്‍ നിന്നും നാട്ടിലെത്തിയപ്പോഴും ഒരുപാട് ചട്ടങ്ങള്‍ക്കുള്ളിലാണ് ജീവിച്ചത്. നാട്ടില്‍ കോളേജില്‍ ജോയിന്‍ ചെയ്യുന്ന സമയത്ത് ചുരിദാറേ ഇടാന്‍ പാടുള്ളൂ. രണ്ട് സൈഡിലും ദുപ്പട്ട പിന്‍ ചെയ്‌തേ നടക്കാന്‍ പാടുള്ളൂ എന്ന ചട്ടം വന്നു. എന്റെ ജീവിതത്തില്‍ മുഴുവന്‍ നിയമങ്ങളായിരുന്നു. സ്‌റ്റേജില്‍ പാടി തുടങ്ങിയ സമയത്ത് എനിക്ക് വന്ന മറ്റൊരു പേര് പുതച്ച് നടക്കുന്ന കുട്ടിയല്ലേ എന്നാണ്.

മറ്റുള്ളവര്‍ പറയുന്നത് അനുസരിച്ച് മാത്രമല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞത് കുറച്ച് നാള്‍ ബോംബെയിലേക്ക് താമസം മാറിയപ്പോഴാണ്. ഹിന്ദുസ്ഥാനി സംഗീത പഠനത്തിന് പോയതാണ്. അവിടെയുള്ള ആളുകളുടെ പട്ടിണിയും വീടുകളില്ലാത്ത അവസ്ഥയുമെല്ലാം കണ്ടപ്പോള്‍ എത്ര വലിയ അനുഗ്രഹമാണ് നമുക്ക് കിട്ടിയതെന്ന് ചിന്തിച്ചു. അവിടത്തെ ലൈഫ് സ്‌റ്റൈല്‍ എന്റെ ചിന്തകളെ മാറ്റി.

കുറച്ച് കൂടി ചിരിച്ച് കളിച്ച് സംസാരിക്കാം എന്ന രീതിയിലേക്ക് മാറി. പക്ഷെ അപ്പോഴേക്കും താന്‍ ഇരുപതുകളുടെ അവസാനത്തിലെത്തിയിരുന്നെന്നും മഞ്ജരി പറയുന്നു. ഇപ്പോള്‍ എന്നെ നിയന്ത്രിക്കുന്നത് സ്വന്തം തീരുമാനങ്ങളാണ്. ഇപ്പോള്‍ കുറച്ചൊക്കെ തന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നെന്നും മഞ്ജരി വ്യക്തമാക്കി. എനിക്ക് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്ത് ടീച്ചേഴ്‌സ് പ്രശംസിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ട് പോയി.

ആ സമയത്ത് എന്റെ അതേ പ്രായത്തിലുള്ള കുട്ടികളാണ് ഒപ്പം പഠിക്കുന്നത്. എന്നെ കൂടുതല്‍ പ്രശംസിച്ചപ്പോള്‍ എന്നോട് ആരും സംസാരിക്കാതായി. പഠിത്തം നിര്‍ത്തണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും മഞ്ജരി ഓര്‍ത്തു. കരിയറില്‍ തന്നെക്കുറിച്ച് വന്ന തെറ്റിദ്ധാരണകള്‍ക്ക് ഒരു ഉദാഹരണവും മഞ്ജരി ചൂണ്ടിക്കാട്ടി. മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അത് വല്ലാതെ അലട്ടിയിരുന്ന സമയമുണ്ട്.

അഹങ്കാരിയാണെന്ന് വിചാരിച്ച് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന സമയത്ത് പ്രഗല്‍ഭനായ ഒരു വ്യക്തി എന്നോട് വളരെ അഹങ്കാരിയല്ലേ എന്ന് ചോദിച്ചു. ഇരുപത്തിയഞ്ചോളം പ്രൊജക്ടുകള്‍ ഞാനില്ലാണ്ടാക്കിയെന്നും. നേരിട്ട് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞെട്ടി. മനസിനകത്ത് ഒരു വിഷമം തോന്നി. വേണമെന്ന് വെച്ച് ഒരാളുടെ കരിയര്‍ ഇല്ലാതാക്കുന്നത് വിഷമകരമാണെന്നും മഞ്ജരി ചൂണ്ടിക്കാട്ടി.

തന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെ കുറിച്ചും ഗായിക പറഞ്ഞിരുന്നു. ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളില്‍ പരാജയം ഉണ്ടായി എന്ന് ഞാന്‍ പറയില്ല. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. ചില തീരുമാനങ്ങള്‍ എടുക്കുമ്പോഴും എന്റെ കാഴ്ചപ്പാട് അത്രയും ശക്തമായിരുന്നു. പക്ഷെ അതില്‍ വിഷമം ഇല്ല. ആദ്യ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തില്‍ സങ്കടപ്പെടുന്നില്ലെന്നും മഞ്ജരി വ്യക്തമാക്കി.

ഒരു ജീവിത രീതി തെരഞ്ഞെടുത്ത് കഴിഞ്ഞ് അതില്‍ യോജിച്ച് പോകാന്‍ പറ്റാത്തപ്പോള്‍ അടുത്തൊരു തീരുമാനം എടുക്കാന്‍ പാകത്തിന് മനസ് നില്‍ക്കും. ചില ആളുകള്‍ക്ക് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ ഭയം ഉണ്ടാകും. സ്വയം കുറ്റപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടില്ല. അതേസമയം തീരുമാനങ്ങള്‍ സാവകാശം എടുക്കണമെന്ന് തിരിച്ചറിഞ്ഞെന്നും എടുത്ത് ചാട്ടം മാറിയെന്നും മഞ്ജരി വ്യക്തമാക്കി. രണ്ടാം വിവാഹത്തിന് ശേഷം ജീവിതത്തില്‍ മാറ്റം വന്നിട്ടില്ലെന്നും മഞ്ജരി വ്യക്തമാക്കി. മുമ്പത്തെ പോലെ തന്നെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകുന്നു. ഒരുപാട് പേര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണത്. പക്ഷെ തനിക്ക് അങ്ങനെയൊരു തടസം വന്നിട്ടില്ലെന്നും മഞ്ജരി വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top