തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യേ മായ ചേസവേ. തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു യേ മായ ചേസവേ.
2010-ൽ റിലീസായ ചിത്രം 15 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററിലെത്തുകയാണ്. ജൂലൈ 18-നാണ് ചിത്രം റി റിലീസ് ചെയ്യുന്നത്. താരത്തിന്റെ മുൻ ഭർത്താവ് നാഗ ചൈതന്യയായിരുന്നു നായകൻ. ഈ സിനിമയ്ക്ക് ശേഷമാണ് ഇവർ പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. റീറിലീസ് വേളയിൽ സാമന്തയും നാഗ ചൈതന്യയും പ്രൊമോഷന് ഒരുമിച്ച് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ഇതിനെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് നടി. ഇല്ല, ഞാൻ ആർക്കൊപ്പവും യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. സത്യത്തിൽ ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല.
എവിടുന്നാണ് ഈ കഥകൾ വരുന്നതെന്ന് അറിയില്ല. ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ പ്രേക്ഷകരുടെ കാഴ്ചപാടിലൂടെ ഒരാൾക്ക് ജീവിക്കാനാകില്ലല്ലോ എന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.
2021 ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്. തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച ഈ വിവാഹമോചനം, ഇരുവരുടെയും നാലാം വിവാഹ വാർഷികത്തോട് അടുത്ത സമയത്തായിരുന്നു. സാമന്തയുമായി വേർപിരിഞ്ഞ ശേഷം നാഗചൈതന്യ പിന്നീട് തെന്നിന്ത്യൻ താരം ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരുന്നു.