Actress
സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് അന്തരിച്ചു
സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് അന്തരിച്ചു
നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. നടി തന്നെയാണ് തന്റെ പിതാവിന്റെ വിയോഗ വാർത്ത അറിയിച്ചത്. സോഷ്യൽ മീഡിയ വഴി പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു നടി വിവരം അറിയിച്ചത്.
“അച്ഛാ, ഞങ്ങൾ വീണ്ടും കണ്ടുമുട്ടും” -എന്ന വികാരനിർഭരമായ കുറിപ്പാണ് സാമന്ത തൻറെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു തകർന്ന ഹാർട്ട് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.തനിക്ക് വലിയ ആത്മവിശ്വാസം നൽകിയ വ്യക്തിയായിരുന്നു തന്റെ പിതാവെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ജോസഫ് പ്രഭു-നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. സാമന്തയുടെ സാമൂഹ്യ മാധ്യമത്തിൽ പിതാവ് അപൂർവമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. തെലുങ്ക് ആംഗ്ലോ ഇന്ത്യനായിരുന്നു ജോസഫ് പ്രഭു.
സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നൽകിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയിൽ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം അറിയിച്ചു.
നടൻ നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വിവാഹമോചനം പോലുള്ള പ്രധാന സന്ദർഭങ്ങളിൽ നടിയ്ക്ക് ഏറെ പിന്തുണ നൽകിയിരുന്നത് പിതാവ് ജോസഫ് പ്രഭു തന്നെയായിരുന്നു. നടിയുടെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മകൾക്കുള്ള പിന്തുണയും കരുതലും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.