News
32 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും രേവതിയും ഒന്നിക്കുന്നു….!; ആശംസകളുമായി ആരാധകര്‍
32 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും രേവതിയും ഒന്നിക്കുന്നു….!; ആശംസകളുമായി ആരാധകര്‍
ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.
1983 ല്‍ ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മണ്‍ വാസനൈ എന്ന ചിത്രത്തില്‍ നായികയായി തുടക്കം കുറിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഭാരതിരാജയുടെ ‘മണ്‍വാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്‍ ഭരതന്‍ ആണ്. 1983 ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം. തേവര്‍ മകന്‍, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസല്‍, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ല്‍ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു.
‘കാറ്റത്തെക്കിളിക്കൂട്’ മുതല്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ രേവതി ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്.
അതേസമയം, സലാം വെങ്കി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് സംവിധായിക കൂടിയായ രേവതിയിപ്പോള്‍. കാജോള്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നടന്‍ ആമിര്‍ ഖാനും ചിത്രത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രേവതിയും കാജോളും സല്‍മാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് സീസണ്‍ 16 ല്‍ എത്തിയിരുന്നു. ഏറെ ആവേശത്തോടെയാണ് താരങ്ങളുടെ ഒത്തുകൂടല്‍ പ്രേക്ഷകര്‍ സ്വീകരിച്ചതും. ഇപ്പോഴിതാ സല്‍മാനും രേവതിയും ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ടൈഗര്‍ സീരിസിലെ ടൈഗര്‍ 3. ചിത്രത്തില്‍ സല്‍മാനൊപ്പം രേവതിയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. സല്‍മാന്‍ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സല്‍മാനും രേവതിയും ഒന്നിക്കാനൊരുങ്ങുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ലവ് എന്ന റൊമാന്റിക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനും രേവതിയും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷത്തിലും പ്രതീക്ഷയിലുമാണ് ആരാധകരും. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം തെലുങ്ക് സിനിമ പ്രേമയുടെ റീമേക്ക് ആയിരുന്നു ലവ്.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ടൈഗര്‍ 3 യുടെ ചിത്രീകരണം യുെ്രെകനില്‍ ആണ് നടക്കുക. അടുത്ത വര്‍ഷം ഈദ് റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തും. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി എത്തുക എന്നാണ് വിവരം. റിധി ഡോഗ്രയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വിവരം. മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക ആയെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
ആക്ഷന്‍ ചിത്രമായെത്തുന്ന ടൈഗര്‍ 3യില്‍ ഷാരുഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഏക് ത ടൈഗര്‍, ടൈഗര്‍ സിന്ദ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആണ് ടൈഗര്‍ 3 പുറത്തുവരുന്നത്. സുജാത എന്ന വീട്ടമ്മയുടേയും അവരുടെ മകന്‍ വെങ്കിയുടേയും കഥയാണ് സലാം വെങ്കിയില്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാനും കാജോളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാം വെങ്കി. ഡിസംബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്യുക.
