Actor
അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു, അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി; സലിംകുമാര്‍
അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു, അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി; സലിംകുമാര്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മലയാളികള്‍ എല്ലാ കാലത്തും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല നര്‍മ്മരംഗങ്ങള്‍ സലിം കുമാര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പുലിവാല്‍ കല്ല്യാണത്തിലെ മണവാളന്‍, കല്ല്യാണ രാമനിലെ പ്യാരി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ സലീം കുമാര്‍ എന്ന പേര് തനിക്ക് എങ്ങനെയാണ് വന്നതെന്ന് പറയുകയാണ് താരം. ഈ പേരുള്ളതുകൊണ്ട് അഞ്ചാം ക്ലാസ് വരെ താന്‍ മുസ്ലിം ആയാണ് അറിയപ്പെട്ടത് എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന് തന്റെ ജീവിതത്തില്‍ ഒരു ബന്ധമുണ്ടെന്നും സലിം കുമാര്‍ പറയുന്നു.
‘സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദ്ദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി. സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്റെ പേര് സലീം. അതുപോലെ ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി.
അങ്ങനെയാണ് എനിക്ക് സലീം എന്ന പേര് ഇടുന്നത്. പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലീം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല.
അവിടെ വച്ച് അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി.’ എന്നാണ് അഭിമുഖത്തില്‍ സലിം കുമാര്‍ പറഞ്ഞത്.
