Malayalam
വ്യക്തിത്വം മറന്ന് ഓച്ഛാനിച്ച് നിൽക്കുന്നവർക്കൊന്നും ആത്മാർത്ഥതയില്ല. കാര്യം കഴിഞ്ഞ് അവർ അവരുടെ വഴിക്ക് പോകും; സജി നന്ത്യാട്ട്
വ്യക്തിത്വം മറന്ന് ഓച്ഛാനിച്ച് നിൽക്കുന്നവർക്കൊന്നും ആത്മാർത്ഥതയില്ല. കാര്യം കഴിഞ്ഞ് അവർ അവരുടെ വഴിക്ക് പോകും; സജി നന്ത്യാട്ട്
താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി നിർമാതാവ് ജി സുരേഷ് കുമാർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. സുരേഷ് കുമാറിനെതിരെ പലരും രംഗത്തെത്തിയിരുന്നു. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതോടെ സംഭവം വലിയ വാർത്തയായിരുന്നു.
സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. സമരത്തിനെതിരെ നിരവധി പ്രമുഖർ സംസാരിക്കുന്നുണ്ട്. എന്നാൽ നിർമാതാക്കളുടെ സാഹചര്യം വളരെ മോശമാണെന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ വാദിക്കുന്നത്. താരങ്ങളുടെ അമിത പ്രതിഫലം, ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് സമരം. പ്രൊഡ്യൂസേർസ് അസോസിയേഷൻ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാറാണ് പത്രസമ്മേളനത്തിൽ ആദ്യം ഇക്കാര്യം അറിയിക്കുന്നത്.
പിന്നാലെ ജി സുരേഷ് കുമാറിനെ അഭിനേതാക്കളുൾപ്പെടെ രംഗത്ത് വന്നു. പലരും സുരേഷ് കുമാറിനെതിരെ ആയുധമാക്കിയത് മകൾ കീർത്തി സുരേഷിന്റെ പ്രതിഫലമാണ്. കോടികളാണ് കീർത്തി പ്രതിഫലമായി വാങ്ങുന്നതെന്നും അതേക്കുറിച്ച് സുരേഷ് കുമാറിന് ഒന്നും പറയാനില്ലേയെന്നും ചോദ്യം വന്നു. ഇപ്പോഴിതാ ഈ ആരോപണത്തിൽ പ്രതികരിക്കുകയാണ് നിർമാതാവ് സജി നന്ത്യാട്ട്. നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്ന താരമല്ല കീർത്തിയെന്ന് സജി നന്ത്യാട്ട് പറയുന്നു.
പ്രൊഡ്യൂസേർസ് അസോസിയേഷൻ അംഗമായ സജി നന്ത്യാട്ട് സിനിമാ സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. ജി സുരേഷ് കുമാറിന്റെ മകൾ സിനിമയിൽ വാങ്ങുന്ന പൈസയെത്രയാണെന്ന് നിങ്ങൾക്കറിയാമോ. അദ്ദേഹം മോളോട് പറഞ്ഞത് ഒരു പ്രൊഡ്യൂസറെയും വിഷമിപ്പിക്കരുത്, അമിതമായി പെെസ വാങ്ങരുത് എന്നാണ്. ഒരു സെറ്റിലും പ്രശ്നമില്ലാതെ അവരോട് ചേർന്ന് നിൽക്കുന്നു. പ്രൊഡ്യൂസറുടെ മനസ് നിറയുന്ന തരത്തിലാണ് പെരുമാറുന്നത്. കാരണം അച്ഛൻ പ്രൊഡ്യൂസറാണെന്ന് കീർത്തിക്ക് അറിയാം.
ഒരിക്കൽ വിശന്നവനേ വിശപ്പിന്റെ വില അറിയൂ. എന്റെ മക്കൾ നാളെ സിനിമയിൽ വന്നാൽ അവരൊരിക്കലും ഒരു പ്രെഡ്യൂസറെ ബുദ്ധിമുട്ടിക്കില്ല. കാരണം അവരുടെ പപ്പ ഇത് പോലൊരു പ്രൊഡ്യൂസറായിരുന്നെന്ന് അവർക്കറിയാം. കീർത്തി സുരേഷ് ഒരു പ്രൊഡ്യൂസറുടെയും കഴുത്തറുത്ത് പെെസ വാങ്ങിയിട്ടില്ലെന്നും സജി നന്ത്യാട്ട് ആവർത്തിച്ചു.
സിനിമാ സമരത്തെക്കുറിച്ച് പറയുമ്പോൾ അമ്മ സംഘടനയിലുള്ളവർ പറയുന്നത് തൊഴിലാളികൾ ബുദ്ധിമുട്ടും എന്നാണ്. എന്നാൽ കൊറോണ സമയത്ത് ഇവരാരെങ്കിലും അഞ്ച് പൈസ കൊടുത്തോ. ഇപ്പോൾ അവർ പാവപ്പെട്ട തൊഴിലാളികളെ കരുവാക്കുകയാണെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. കീർത്തി സുരേഷുൾപ്പെടെ അന്ന് ധനസഹായം നൽകിയിരുന്നെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. തനിക്ക് താരങ്ങളുടെ ഡേറ്റ് കിട്ടാത്തതിനെക്കുറിച്ചും സജി നന്ത്യാട്ട് സംസാരിച്ചു.
കൃത്യമായി പ്രതിഫലം കൊടുക്കുന്ന നിർമാതാവാണ് ഞാൻ. എന്നാൽ എനിക്ക് പോലും ഇന്ന് താരങ്ങളുടെ ഡേറ്റ് കിട്ടില്ല. ആരെയും സോപ്പിടാൻ പോകുന്നില്ല. ഡാേർ തുറന്ന് കൊടുക്കാൻ പോകുന്നില്ല. പ്രൗഡിയുള്ള പ്രൊഡ്യൂസർമാരാണ് ഞങ്ങളുടെ മുൻഗാമികൾ. താരങ്ങളെ കാണുമ്പോൾ ഓഛാനിച്ച് നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
വ്യക്തിത്വം മറന്ന് ഓച്ഛാനിച്ച് നിൽക്കുന്നവർക്കൊന്നും ആത്മാർത്ഥതയില്ല. കാര്യം കഴിഞ്ഞ് അവർ അവരുടെ വഴിക്ക് പോകും. ദിലീപിനെ അറിയാമല്ലോ. ദിലീപിന്റെ കൂടെ എത്ര പേരുണ്ടായിരുന്നു. അന്ന് ഒരാളുണ്ടായിരുന്നോ. ഇപ്പോൾ പൃഥ്വിരാജ് നന്നായിരിക്കുമ്പോൾ പൃഥ്വിരാജിന്റെ കൂടെ ആളെ കാണും. ഉണ്ണി മുകുന്ദനൊപ്പവും കാണും. ഒരാപത്ത് വന്നാൽ എല്ലാവരും അവർ ഉപേക്ഷിച്ച് പോകുമെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. ഒരു സിനിമ പോലും ചെയ്യാത്തവരാണ് തന്നെ വിമർശിക്കുന്നത്. സിനിമ നിർമിക്കുന്നത് നിസാര കാര്യമല്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
3 മൂന്ന് മുതൽ 4 കോടിയാണ് കീർത്തി ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. ഇതിനോട് സുരേഷ് കുമാറും പ്രതികരിച്ചിരുന്നു. മകൾക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല. കീർത്തിയോടും ഞാൻ പ്രതിഫലം കുറച്ചേ വാങ്ങിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതൽ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകൾക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീർത്തി മലയാളത്തിൽ വാങ്ങുന്നത്.
മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ. തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തിയേറ്ററുകളിൽ ആള് കയറുന്നുണ്ട്. എന്നാൽ മലയാളത്തിൽ നാല് മാസത്തിനിടെ ഇറങ്ങിയ എഴുപതിലധികം സിനിമകൾ വെറും രണ്ട് ചിത്രങ്ങൾ മാത്രമാണ് വിജയിച്ചത് എന്നും സുരേഷ് കുമാർ പറയുന്നു.
ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രംഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്. കീർത്തി സുരേഷ് മലയാളത്തിൽ അപൂർവങ്ങളിൽ അപൂർമായേ സിനിമ ചെയ്യാറുള്ളൂ. വൻ ബഡ്ജറ്റിൽ സിനിമകൾ വരുന്ന തമിഴിലും തെലുങ്കിലുമാണ് നടി സജീവം.
ഡെക്കാൻ ക്രോണിക്കലിന്റെ റിപ്പോർട്ട് പ്രകാരം കീർത്തി ആവശ്യപ്പെടുന്ന പ്രതിഫലം കൂടുതലാണെന്നും തുക കുറയ്ക്കണമെന്നും ടോളിവുഡിൽ നിന്ന് അഭിപ്രായം വന്നിരുന്നു. മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് കീർത്തി മറ്റു ഭാഷകളിൽ പ്രതിഫലം വാങ്ങുന്നത്, 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ട്, അതായത് ഇന്ത്യൻ രൂപ 30 കോടി ആയിരുന്നു.
സിനിമ മാത്രമല്ല കീർത്തിയുടെ വരുമാന സ്രോതസ്, വൻകിട കമ്പനികളുടെ ബ്രാൻഡ് കൂടിയാണ് കീർത്തി. റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി. ഇവരുമായി ചേർന്നുള്ള ഒരു പരസ്യത്തിന് 15 മുതൽ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്.
ഇതുകൂടാതെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീർത്തിക്കുണ്ട്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ മറ്റൊരു അപ്പാർട്മെന്റും കീത്തിക്കുണ്ടെന്നാണ് റിപ്പോർട്ട്.
ഇതുകൂടാതെ ആഡംബര കാറുകളും കീർത്തിക്ക് സ്വന്തമായുണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 ആണ് അതിൽ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കീർത്തിയ്ക്ക് സ്വന്തമായുണ്ട്.
നേരത്തെ, സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചുകൊണ്ട് മോഹൻലാലും എത്തിയിരുന്നു. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ട് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ഒരു സംഘടനയിലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ തനിക്ക് ഒരു തീരുമാനം ഒറ്റയ്ക്ക് എടുക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. കുറേ നാളായി ഇക്കാര്യം സംഘടനയിൽ ചർച്ച ചെയ്യുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനമെടുത്ത ശേഷം ഫെഫ്ക അടക്കമുളളവരുമായും ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് യോഗം ചേർന്നിരുന്നു. അതിന്റെ മിനുട്‌സും ഉണ്ട്.
അല്ലാതെ താനൊരു മണ്ടനൊന്നും അല്ലെന്നും സുരേഷ് കുമാർ തുറന്നടിച്ചു. കുറേ കാലമായി സിനിമ തുടങ്ങിയിട്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം താൻ കാണിക്കില്ല. തമാശ കളിക്കാനല്ല സിനിമയിലിരിക്കുന്നത്.
46 വർഷമായി സിനിമയിൽ ഉണ്ട്. ആന്റണിയെ താൻ കാണാൻ തുടങ്ങിയിട്ടും കുറേ വർഷങ്ങളായി. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം തൊട്ടേ അറിയാവുന്ന ആളാണ് ആന്റണി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ വിളിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താൻ. ആന്റോ ജോസഫ് മെയ് വരെ ലീവെടുത്തിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് ആ യോഗത്തിൽ അധ്യക്ഷനായത്.
ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാൻ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകൾ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോൾ പറയുന്നത്. അതിന്റെ അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ല.
സിനിമാ സമരം സംഘടനയെടുത്ത തീരുമാനമാണ്. അതിൽ നിന്ന് പിന്മാറില്ല. 100 കോടി ക്ലബ്ബെന്ന് ചുമ്മാ പറയുന്ന പരിപാടി എല്ലാവരും നിർത്തണം. അത് ആന്റണിയ്ക്കും ബാധകമാണ്. ചുമ്മാ അങ്ങനെ പറഞ്ഞാൽ പോരല്ലോ. അതിനുള്ള തെളിവ് കാണിക്കൂ എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു..
