News
‘പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപ’; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടി
‘പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപ’; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടി
അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് റിഷബ് ഷെട്ടി. 2022ല്‍ പുറത്തിറങ്ങിയ ‘കാന്താര’യിലൂടെ റിഷബിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയും വലുതാണ്. ഒരു സിനിമ പ്രവര്‍ത്തകന്‍ എന്നതിലുപരി വിനോദ വ്യവസായത്തിന്റെ ഭാഗമായി തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലും റിഷബ് മറ്റ് നടന്മാരേക്കാള്‍ മുന്നിലാണ്. സിനിമയില്‍ നടക്കുന്ന പൈറസിക്കെതിരെ സര്‍ക്കാരിന് പിന്തുണയറിയിക്കുകയാണ് ഇപ്പോള്‍ റിഷബ്.
‘പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപയാണ്. അതുകൊണ്ടുതന്നെ സിനിമ പൈറസി തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതില്‍ പിന്തുണയറിയിക്കുന്നു’, എന്നാണ് താരം പറഞ്ഞിരിക്കുന്നത്. നിരവധി സിനിമകളാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ എച്ച് ഡി ക്വാളിറ്റിയോടെ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം തമിഴ് ചിത്രം ലിയോ രണ്ടാമതും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ഇത് സിനിമയുടെ നിര്‍മ്മാതാക്കള്‍ മുതല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് വരെയുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.
അതേസമയം, പൈറസി പ്രശ്‌നം തടയാന്‍ ലക്ഷ്യമിട്ട് കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പൈറേറ്റഡ് കണ്ടന്റ് നീക്കം ചെയ്യാന്‍ ശേഷിയുള്ള സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. പാര്‍ലമെന്റില്‍ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്‍ 2023ന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഒരു നല്ല ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊര്‍ജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറയുന്നത്.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബ്, ടെലിഗ്രാം ചാനലുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങി എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും നോഡല്‍ ഓഫീസറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റര്‍നെറ്റ് ലിങ്കുകള്‍ നീക്കം ചെയ്യണമെന്നാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ പത്രകുറിപ്പ് പറയുന്നത്.
