എന്തെങ്കിലും ചെറിയ കാരണം മതി തൊട്ടാവാടിയെപ്പോലെ പിണങ്ങി ഒന്നും മിണ്ടാതെ നടക്കും, അതുപോലെ പെട്ടെന്ന് അടുക്കും; സുരേഷ് ഗോപിയെ കുറിച്ച് രഞ്ജി പണിക്കർ
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടനും സുരേഷ് ഗോപിയാകും. സുരേഷ് ഗോപിയുടെ മികച്ച ആക്ഷന്‍ ത്രില്ലറുകള്‍ പിറന്നിട്ടുള്ളത് രഞ്ജി പണിക്കരുടെ തൂലികയിലാണ്. തലസ്ഥാനം, കമ്മീഷണര്‍, ലേലം, പത്രം, ഭരത്ചന്ദ്രന്‍ ഐപിഎസ് അടക്കമുള്ള സിനിമകള്‍ ഇതില്‍ പെടുന്നു. സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ഓണലൈനില്‍ എഴുതിയ കുറിപ്പില്‍ രഞ്ജി പണിക്കര്‍ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ്.
ചിത്രഭൂമിയില്‍ ജേണലിസ്റ്റായി ജോലിചെയ്തിരുന്ന കാലത്ത് തുടങ്ങിയതാണ് സുരേഷ് ഗോപിയുമായുള്ള ബന്ധം. ആ ചങ്ങാത്തം ഇണക്കവും പിണക്കവും കലഹങ്ങളും ചേര്‍ന്നതായിരുന്നു. എന്തെങ്കിലും ചെറിയ കാരണം മതി തൊട്ടാവാടിയെപ്പോലെ പിണങ്ങി ഒന്നും മിണ്ടാതെ നടക്കും,
അതുപോലെ പെട്ടെന്ന് അടുക്കും. വളരെ ഇമോഷണലായിട്ടായിരുന്നു അവന്‍ എല്ലാ കാര്യവും കണ്ടത്. അതുകൊണ്ടുതന്നെ ആ ബന്ധത്തില്‍ ധാരാളം സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്, രഞ്ജി പണിക്കര്‍ പറയുന്നു.
ആ സൗഹൃദം ദൃഢമായ ആത്മബന്ധമായി മാറിയത് തലസ്ഥാനം എന്ന ചിത്രത്തിന്റെ കഥപറയാന്‍ ഇരുന്ന കാലത്താണ്. ഷാജി കൈലാസിനും തനിക്കും ഒരുപോലെ എടാ പോടാ ബന്ധമുള്ളയാള്‍. അവിടുന്നാണ് ആ കൂട്ടുകെട്ടില്‍ ഹിറ്റുകള്‍ പിറക്കാന്‍ തുടങ്ങിയത്. തലസ്ഥാനത്തിന് ശേഷം താന്‍ എഴുതിയ മൂന്നുചിത്രങ്ങള്‍ ഒഴികെ ബാക്കി എല്ലാ സിനിമയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും രഞ്ജി പണിക്കര്‍ ഓര്‍ത്തെടുക്കുന്നു.
