News
2 ബില്യണ്‍ ഡോളറാണ് എനിക്ക് നഷ്ടമായത്. എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു; അഡിഡാസ് കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പരിഹാസവുമായി കാനി വെസ്റ്റ്
2 ബില്യണ്‍ ഡോളറാണ് എനിക്ക് നഷ്ടമായത്. എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു; അഡിഡാസ് കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പരിഹാസവുമായി കാനി വെസ്റ്റ്
താനുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ അഡിഡാസ് അടക്കമുള്ള കമ്പനികള്‍ക്ക് നേരെ പരിഹാസവുമായി റാപ്പറും ഫാഷന്‍ ഡിസൈനറുമായ കാനി വെസ്റ്റ്. യഹൂദവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു അഡിഡാസ് അടക്കമുള്ള നിരവധി ബ്രാന്‍ഡുകള്‍ കാനി വെസ്റ്റുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
2 ബില്യണ്‍ ഡോളറാണ് എനിക്ക് നഷ്ടമായത്. എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നാണ് കാനി വെസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം. അഡിഡാസുമായുള്ള കരാര്‍ അവസാനിച്ചതോടെ കാനി വെസ്റ്റിന്റെ ആസ്തി 400 മില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.
യഹൂദ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് കാനി വെസ്റ്റിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് അദ്ദേഹത്തിന്റെ ചില ഓണ്‍ലൈന്‍ പോസ്റ്റുകള്‍ നീക്കം ചെയ്തു. മുന്‍പും ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാനി വെസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
അടുത്തിടെയുണ്ടായ ചില നീക്കങ്ങള്‍ തന്റെ ശതകോടീശ്വരന്‍ പദവി നഷ്ടമാക്കിയെന്നും കാനി പറയുന്നു. കാനി വെസ്റ്റിന്റെ യെസി ബ്രാന്‍ഡ് അഡിഡാസ് ഉപേക്ഷിച്ചിരുന്നു. രൂക്ഷമായ വിമര്‍ശനത്തോടെയായിരുന്നു ഇത്. എങ്കിലും ജൂതവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താനോ ഖേദം പ്രകടിപ്പിക്കാനോ കാനി തയ്യാറായിരുന്നില്ല. പണമല്ല താനെന്നും താനെന്താണെന്ന് ജനത്തിനറിയാമെന്നുമാണ് കാനി പറയുന്നത്.
ചൊവ്വാഴ്ചയാണ് അഡിഡാസ് കാനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. സമീപകാലങ്ങളില്‍ കാനി വെസ്റ്റിന്റെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ് എന്നും അവ കമ്പനിയുടെ വൈവിധ്യത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങളെ തകര്‍ക്കാന്‍ പോന്നവയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കമ്പനിയുടെ വരുമാനത്തില്‍ 248.90 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് അഡിഡാസ് നേരിടുന്നത്. ‘വൈറ്റ് ലൈവ്സ് മാറ്റര്‍’ എന്ന് എഴുതിയ ഷര്‍ട്ട് ധരിച്ചാണ് പാരീസ് ഫാഷന്‍ ഷോയില്‍ കാനി വെസ്റ്റ് പങ്കെടുത്തത്. ഇവിടെ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അഡിഡാസ് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നത്.
