News
പിഷാരടി എന്തുകൊണ്ട് ബിജെപിയെ വിമര്‍ശിക്കുന്നില്ല; വൈറലായി നടന്റെ പ്രതികരണം
പിഷാരടി എന്തുകൊണ്ട് ബിജെപിയെ വിമര്‍ശിക്കുന്നില്ല; വൈറലായി നടന്റെ പ്രതികരണം
മലയാളികള്‍ക്ക് സുപരിചിതനാണ് രമേശ് പിഷാരടി. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള നടന്‍ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വേദികളിലും സജീവമായിരുന്നു. ഭാരത് ജോഡോ യാത്രയിലും രമേശ് പിഷാരടി ഭാഗമായി. അടുത്തിടെ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുന്ന വേളയില്‍ പിഷാരടി തന്റെ സരസമായ ശൈലിയില്‍ കൂടുതലും വിമര്‍ശിച്ചത് ഇടതുപക്ഷത്തെയായിരുന്നു.
ഈ വേളയില്‍ സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്ന പ്രധാന ചോദ്യമാണ്, പിഷാരടി എന്തുകൊണ്ട് ബിജെപിയെ വിമര്‍ശിക്കുന്നില്ല എന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിഷാരടി ഇക്കാര്യത്തിലുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ”ഭാരത് ജോഡോ യാത്രയുടെ ഭാഗമായി താനും നടന്നിരുന്നു. ഈ വേളയില്‍ ചിലര്‍ ചോദിച്ചത്, കേരളത്തില്‍ ബിജെപിയില്ലല്ലോ പിന്നെന്തിന് കേരളത്തില്‍ നടക്കുന്നു എന്നാണ്. വടക്കേ ഇന്ത്യയില്‍ പോയി നടക്കൂ എന്നായിരുന്നു പരിഹാസം…
പിന്നീട് ഞാന്‍ പ്രസംഗിക്കുന്ന വേളയില്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലല്ലോ. ഇവര്‍ തന്നെയല്ലേ ബിജെപി ഇവിടെ ഇല്ലല്ലോ, ഇതിനെ കുറിച്ച് ഒന്നും പറയേണ്ടല്ലോ എന്ന് ചോദിച്ചത്. ആ പരിപാടിയുടെ പോസ്റ്ററില്‍ പോലും തന്റെ പടം ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് എന്നെ ക്ഷണിച്ചത്. 10 മിനിട്ട് നര്‍മം പറയുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. വളരെ ആലോചിച്ച് എഴുതി തയ്യാറാക്കി പ്രസംഗിച്ചതല്ല…
ജോഡോ യാത്രയെ ബേക്കറി യാത്ര, തീറ്റ യാത്ര എന്നൊക്കെ പരിഹസിച്ചിരുന്നു ചിലര്‍. ജോഡോ യാത്ര ഇടതുപക്ഷത്തിന് എതിരായിരുന്നില്ല. എന്നിട്ടും ഇടതുപക്ഷം വിമര്‍ശിച്ചു. യാത്രയില്‍ പങ്കെടുത്തവര്‍ വഴിയരികിലെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതും ട്രോളിയിരുന്നു. ഇക്കാര്യം ഞാന്‍ നേതാക്കളോട് ചോദിക്കുകയും ചെയ്തു…
നേരത്തെ ഒരു സ്ഥലത്ത് ഭക്ഷണത്തിന് എത്തുമെന്ന് അറിയിച്ചാല്‍ വളരെ നേരത്തെ സെക്യൂരിറ്റി അറേഞ്ച് വേണ്ടിവരും. അതുകൊണ്ടാണ് പെട്ടെന്ന് ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്ന രീതി സ്വീകരിച്ചത്. ഭാരത് ജോഡോ യാത്ര വലിയ മൂവ്‌മെന്റ് ആയിരുന്നു. അതിനെ ഇവിടെ പരിഹസിച്ചു” എന്നും രമേഷ് പിഷാരടി പറഞ്ഞു.
എല്ലായിടത്തും ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. സീറ്റുകള്‍ കുറയുമ്പോള്‍ പ്രതിപക്ഷത്തിന് ഇടപെടാന്‍ സാധിക്കുന്നതിന് പരിമിതിയുണ്ടാകും. ഇടതുപക്ഷത്തിന് ഇനിയും തുടര്‍ഭരണം കിട്ടുമോ എന്ന് പറയാന്‍ സാധിക്കില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ നടത്തുന്ന നവകേരള സദസ് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും പിഷാരടി പ്രതികരിച്ചു.
