News
തന്റെ തല വെട്ടുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ ഡിജിപിക്ക് പരാതി നല്കി രാം ഗോപാല്‍ വര്‍മ്മ
തന്റെ തല വെട്ടുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ ഡിജിപിക്ക് പരാതി നല്കി രാം ഗോപാല്‍ വര്‍മ്മ
തെലുങ്ക് ആക്ടിവിസ്റ്റും ടിഡിപി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനല്‍ വാര്‍ത്താ അവതാരകനുമെതിരെ ആന്ധ്രപ്രദേശ് ഡിജിപിക്ക് പരാതി നല്കി ചലച്ചിത്ര സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ശ്രീനിവാസ റാവുവിനെതിരെ ചൊവ്വാഴ്ച ഓണ്‍ലൈനിലും ബുധനാഴ്ച നേരിട്ടും ആന്ധ്രാപ്രദേശ് പോലീസില്‍ രാം ഗോപാല്‍ വര്‍മ്മ പരാതി നല്‍കുകയായിരുന്നു.
ടിവി 5 നടത്തിയ ഒരു ലൈവ് ടെലിവിഷന്‍ സംവാദത്തില്‍ സംവിധായകന്റെ തല വെട്ടുന്നവര്‍ക്ക് കോളിക്കാപ്പുടി ശ്രീനിവാസ റാവു ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ക്ലിപ്പുകള്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ആര്‍ജിവി തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച ക്ലിപ്പുകളില്‍ , കോളിക്കപ്പുടി ശ്രീനിവാസ റാവു രാം ഗോപാല്‍ വര്‍മ്മയുടെ വരാനിരിക്കുന്ന ചിത്രമായ വ്യൂഹത്തെ വിമര്‍ശിക്കുന്നതും ‘രാം ഗോപാല്‍ വര്‍മ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കും’ എന്ന് പറയുന്നതും കേള്‍ക്കാം.
ദയവായി നിങ്ങളുടെ വാക്കുകള്‍ പിന്‍വലിക്കുക എന്ന് അവതാരകന് നിര്ബന്ധിക്കുമ്പോള് അയാള്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. ആന്ധ്രാപ്രദേശിലെ രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വ്യൂഹം എന്ന സിനിമയുടെ ചര്‍ച്ചയ്ക്കിടെയാണ് ഈ വിവാദ അഭിപ്രായപ്രകടനം.ിതങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ എപ്പോഴും ചീത്ത പറയുന്നതിനാല്‍ ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും ആരാധകര്‍ ആര്‍ജിവിയെ ഈ സംസ്ഥാനത്ത് എവിടെയും സ്വതന്ത്രനായി വിഹരിക്കാന്‍ അനുവദിക്കരുത് എന്നും ശ്രീനിവാസറാവു പറയുന്നുണ്ട്.
ഈ ക്ലിപ്പുകള്‍ പങ്കുവെച്ചുകൊണ്ട് തന്റെ ട്വീറ്റുകള്‍ ഔദ്യോഗിക പരാതിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ എക്സ് അക്കൗണ്ടില്‍ ആര്‍ജിവി ആന്ധ്രാപ്രദേശ് പോലീസിനെ ടാഗ് ചെയ്യുകയായിരുന്നു.
“പ്രിയപ്പെട്ട @APPOLICE100, ഈ കോളിക്കപ്പുടി ശ്രീനിവാസറാവു എന്നെ കൊല്ലാൻ ₹ 1 കോടിയുടെ കരാർ നൽകി, ടിവി 5 ചാനലിലെ സാംബ എന്ന അവതാരകൻ കരാർ കൊലപാതക ആഹ്വനം 3 തവണ ആവർത്തിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ദയവായി ഇത് എന്റെ ഔദ്യോഗിക പരാതിയായി പരിഗണിക്കുക.
“മറ്റുള്ളവരെ പ്രകോപിപ്പിക്കാനും എന്നെ ഉപദ്രവിക്കാനും പ്രേരിപ്പിക്കുന്ന ടിവി ചാനൽ മാനേജ്മെന്റിന്റെ പങ്ക് ദൃശ്യമാണ്. മാനേജിംഗ് ഡയറക്ടറുടെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെയും പങ്ക് കണ്ടെത്താൻ ഈ പ്രശ്നം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്, ” ആര്‍ജിവി പറഞ്ഞു.
ബുധനാഴ്ച വിജയവാഡയിലെ ഡിജിപി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. പരാതി നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ജഗന് മോഹന്‍ റെഡ്ഡിയെ അനുകൂലിക്കുന്നതും ടി ഡി പി , ജനസേന ഏന്നീ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും വിമര്‍ശിക്കുന്നതുമായ വര്‍മ്മയുടെ വരാനിരിക്കുന്ന ചിത്രമായ ‘വ്യൂഹം’ ത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറി ഉണ്ടായത്.
സിനിമയ്ക്കെതിരെ തന്റെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചതിന് നായിഡു, മകന് നാരാ ലോകേഷ്, പവന് കല്യാണ്‍ എന്നിവരെ വര്‍മ്മ നേരത്തെ വിമര്‍ശിച്ചിരുന്നു. ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ് തിങ്കളാഴ്ച ഹൈദരാബാദില്‍ ടിഡിപി , ജനസേന അനുഭാവികള്‍ വര്‍മ്മയുടെ കോലം കത്തിച്ചു. മുന്‍ എപി മുഖ്യമന്ത്രി വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വിവാദ ചിത്രത്തിന്റെ ഉള്ളടക്കം.
