Malayalam
രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്
രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്
സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവു. ടിവി5 നടത്തിയ ഒരു തത്സമയ ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു ശ്രീനിവാസ റാവുവിന്റെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെ ആര്‍ജിവി ശ്രീനിവാസ റാവുവിനെതിരെ ആന്ധ്രാപ്രദേശ് പൊലീസില്‍ പരാതി നല്കി.
‘രാം ഗോപാല്‍ വര്‍മ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കും’ എന്നാണ് ശ്രീനിവാസ റാവു പറയുന്നത്. ‘ദയവായി നിങ്ങളുടെ വാക്കുകള്‍ പിന്‍വലിക്കൂ’ എന്ന് അവതാരകന് പറയുന്നതും ക്ലിപ്പിലുണ്ട്. ഈ വീഡിയോ ക്ലിപ്പുകള്‍ ആര്‍ജിവി തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്.
ആര്‍ജിവി ഏറ്റവും പുതിയ ചിത്രം ‘വ്യൂഹ’ത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പ്രസ്താവന. ആര്‍ജിവിയെ ചുട്ടുകൊല്ലും എന്നും ശ്രീനിവാസ റാവു പറയുന്നുണ്ട്. ‘ഒരു ന്യൂനപക്ഷ സമുദായത്തെ കുറിച്ച് ഇതു പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അയാളെ വീട്ടില്‍ വെച്ച് ചുട്ടുകൊല്ലും.’
‘ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ എപ്പോഴും ചീത്ത പറയുന്നതിനാല്‍ രാം ഗോപാല്‍ വര്‍മ്മയെ സ്വതന്ത്രനായി വിഹരിക്കാന്‍ അനുവദിക്കരുത്. ഞാനും ചിരഞ്ജീവിയുടെ ആരാധകനാണ്, ഞാന്‍ പ്രതിഷേധിക്കുന്നു’ എന്നും ടിഡിപി നേതാവ് പറയുന്നുണ്ട്.
‘വ്യൂഹം’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷ് രംഗത്ത് എത്തിയിരുന്നു. ഇന്ന്, ഡിസംബര്‍ 29ന് ആണ് ചിത്രത്തിന്റെ റിലീസ്. 2024 തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന് മോഹന്റെ പ്രചരണത്തിന്റെ ഭാഗമാണ് ചിത്രം എന്നാണ് ഉയരുന്ന ആരോപണം.
