News
32 വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത; വീണ്ടും വൈറല്‍
32 വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത; വീണ്ടും വൈറല്‍
നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത.് അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1991ല്‍ ദളപതിയുടെ റിലീസിന്റെ സമയത്താണ് രജനികാന്ത് ഈ കത്ത് എഴുതിയിരിക്കുന്നത്.
ദളപതിയുടെ പ്രീമിയര്‍ ഷോയ്ക്ക് മാധ്യമങ്ങളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് കത്ത്. 1991 നവംബര്‍ അഞ്ചിനാണ് ദളപതി റിലീസാവുന്നത്. മൂന്നാം തീയതിയാണ് അദ്ദേഹം സ്വന്തം ലെറ്റര്‍പാഡില്‍ ഈ കത്തെഴുതിയിരിക്കുന്നത്. എഗ്മോറിലെ ആര്ബര്ട്ടി തിയേറ്ററില്‍ നാലാം തീയതി വൈകീട്ട് ആറരയ്ക്ക് പുതിയ ചിത്രമായ ദളപതിയുടെ പ്രീമിയര്‍ നടത്തുന്നുണ്ടെന്നും പ്രദര്‍ശനത്തിന് ഏവരേയും ക്ഷണിക്കുന്നുവെന്നുമാണ് കത്തിലെ ഉള്ളടക്കം.
1991 ദീപാവലി റിലീസായാണ് മണിരത്നത്തിന്റെ സംവിധാനത്തില്‍ ദളപതി തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം.
അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ. ജയന്, ചാരുഹാസന് എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്. രജനികാന്തും മണിരത്നവും ഒന്നിച്ച ഒരേയൊരു ചിത്രവും ദളപതിയാണ്.
നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്, തമന്ന എന്നിവരാണ് പ്രധാനവേഷങ്ങളില്‍. ജയ് ഭീമിലൂടെ ശ്രദ്ധേയനായ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നാലെ വരുന്നത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും രജനിയെത്തുന്നുണ്ട്.
