കോവളം ബീച്ചില്‍ ഷോര്‍ട്ട്സ് ഇട്ട് മാസ് ലുക്കില്‍ ‘തലൈവര്‍’; ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍; സത്യാവസ്ഥ!
കഴിഞ്ഞ ദിവസമായിരുന്നു തന്റെ പുതിയ ചിത്രമായ ‘തലൈവര്‍ 170’ എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന സ്റ്റൈല്‍ മന്നന്റെ ഫോട്ടോകളാണ് വൈറലായി മാറുന്നത്. കോവളം ബീച്ചില്‍ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കില്‍ നില്ക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് ചിത്രം പ്രചരിച്ചിരിക്കുന്നത്.
എന്നാല്‍ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങള്‍ ഇതുപോലെ നിര്‍മിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ രജനികാന്ത് ആണെന്നേ പറയൂ. എഐ ഇങ്ങനെ പോയാല്‍ കൈവിട്ടു പോകുമെന്ന് പറയുന്നവും ശരിക്കും രജനികാന്ത് ആണെന്ന് കരുതി അദ്ദേഹത്തെ പുകഴ്ത്തുന്നവരും കമന്റുകളുമായി എത്തുന്നുണ്ട്.
അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തലൈവര്‍ 170 എന്നു താല്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവര്‍ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. ‘ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സോഷ്യല്‍ മെസേജ് ഉള്ള എന്റര്‍ടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് െചന്നൈയില്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.
അമിതാഭ് ബച്ചന്, മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍,റിതിക സിങ്, ദുഷാര വിജയന്, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.
