News
ആര്‍എസ്എസിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ വായിച്ച് താന്‍ പലതവണ കരഞ്ഞു; എസ്എസ് രാജമൗലി
ആര്‍എസ്എസിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ വായിച്ച് താന്‍ പലതവണ കരഞ്ഞു; എസ്എസ് രാജമൗലി
നിരവധി ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് എസ്എസ് രാജമൗലി. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തെത്തിയ ആര്‍ആര്‍ആറിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടി, അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായി നില്‍ക്കുകയാണ് അദ്ദേഹം.
1200 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രാജമൗലിയുടെ അച്ഛന് വിജയേന്ദ്ര പ്രസാദാണ്. ഇപ്പോള്‍ ആര്‍എസ്എസ്സിനെക്കുറിച്ച് ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഈ തിരക്കഥയെക്കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ആര്‍എസ്എസിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ വായിച്ച് താന്‍ പലതവണ കരഞ്ഞു എന്നാണ് രാജമൗലി പറയുന്നത്. എന്നാല്‍ തനിക്ക് ആര്‍എസ്എസ് ചരിത്രത്തേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് തുറന്നു പറച്ചില്.
‘എനിക്ക് ആര്‍എസ്എസിനെ കുറിച്ച് അത്ര അറിവില്ല. സംഘടനയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ കൃത്യമായ വിശ്വാസങ്ങള്‍ എന്തൊക്കെയാണ്, അവര്‍ എങ്ങനെ വികസിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്റെ അച്ഛന്റെ സ്ക്രിപ്റ്റ് വായിച്ചു. അത് അങ്ങേയറ്റം വികാരഭരിതമാണ്.
ആ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ പലതവണ കരഞ്ഞു. തിരക്കഥ എന്നെ കരയിച്ചു, പക്ഷേ എന്റെ പ്രതികരണത്തിന് കഥയുടെ ചരിത്ര ഭാഗവുമായി ഒരു ബന്ധവുമില്ല. ഞാന്‍ വായിച്ച തിരക്കഥ വളരെ വൈകാരികവും വളരെ മികച്ചതുമാണ്, പക്ഷേ അത് സമൂഹത്തെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നതെന്ന് എനിക്കറിയില്ല എന്നും രാജമൗലി പറഞ്ഞു.
ഈ തിരക്കഥ താന്‍ സംവിധാനം ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും രാജമൗലി പറഞ്ഞു. അച്ഛന് ആര്‍ക്കുവേണ്ടിയാണ് തിരക്കഥ എഴുതുന്നത് എന്ന് അറിയില്ല. പക്ഷേ ഈ കഥ സംവിധാനം ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം അത് വളരെ മനോഹരവും, മാനുഷികവും, വൈകാരികവുമായ ഒരു കഥയാണ്. എന്നാല്‍ തിരക്കഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പില്ല. അത് നെഗറ്റീവ് അല്ലെങ്കില്‍ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാന്‍ പറയുന്നില്ല എന്നും രാജമൗലി പറഞ്ഞു.
