Malayalam
ഇത്രയും കാശ് കൊടുത്ത് എങ്ങനെയാണ് പള്‍സര്‍ സുനി പ്രമുഖരായ അഭിഭാഷകരെ എത്തിക്കുക? പിന്നില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നുന്നുണ്ട്; അന്വേഷണം വേണമെന്ന് രാഹുല്‍ ഈശ്വര്‍
ഇത്രയും കാശ് കൊടുത്ത് എങ്ങനെയാണ് പള്‍സര്‍ സുനി പ്രമുഖരായ അഭിഭാഷകരെ എത്തിക്കുക? പിന്നില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നുന്നുണ്ട്; അന്വേഷണം വേണമെന്ന് രാഹുല്‍ ഈശ്വര്‍
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച പ്രതി പള്‍സര്‍ സുനിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 6 വര്‍ഷമായി വിചാരണ തടവുകാരനായി തുടരുകായാണെന്നും വിചാരണ നീണ്ട് പോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.
പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാനായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായത്. ഇന്ദ്രാണി മുഖര്‍ജി കേസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് വേണ്ടി ഹാജാരായ അഭിഭാഷകയാണ് സന. എന്നാല്‍ ഒറ്റ സിറ്റിംഗിന് തന്നെ ലക്ഷങ്ങള്‍ വാങ്ങുന്ന സന എങ്ങനെ പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായി എന്ന ചോദ്യമാണ് ഉയരുന്നത്. സുനിയെ ഇറക്കാന്‍ സനയെ കൊണ്ടുവന്നതിന് പിന്നില്‍ ആരോ ഉണ്ടെന്ന സംശയം ഉണ്ടെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ ചര്‍ച്ചയിലാണ് പ്രതികരണം.
‘പള്‍സര്‍ സുനിക്ക് ഇതുപോലൊരു അഭിഭാഷകരെ നിയമിക്കാന്‍ സാധിക്കുന്നത് എന്നത് വലിയ ചോദ്യമാണ്. ഇത് ആരുടെ താത്പര്യമാണ് എന്നതും ചോദ്യമാണ്. പക്ഷേ ഇത് രണ്ടും ഒരുപോലെ ചോദിക്കാന്‍ പറ്റില്ല. ഒന്നുകില്‍ പള്‍സര്‍ സുനിയെ ഇറക്കേണ്ടത് ആരുടെ താത്പര്യമാണെന്ന് ചോദിക്കാം, സുനി ഇറങ്ങിയാല്‍ അയാള്‍ തന്നെ സുനിയെ തീര്‍ക്കുമെന്ന് പറയാം, ഇനി അല്ല സുനി തന്നെയാണ് കേസുമായി പോകുന്നതെന്ന് പറയാം.
ഇത്രയും കാശ് കൊടുത്ത് എങ്ങനെയാണ് പള്‍സര്‍ സുനി പ്രമുഖരായ അഭിഭാഷകരെ എത്തിക്കുക? പെട്ടെന്ന് കേള്‍ക്കുമ്പോള്‍ പിന്നില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നുന്നുണ്ട്. പള്‍സര്‍ സുനിക്ക് സാധാരണ നിലയില്‍ ഇത്രയും വലിയ ഒരു അഭിഭാഷകയെ അതും ഒരു വനിതയെ ഇതുപോലൊരു കേസില്‍ കൊണ്ടുവരിക എളുപ്പമല്ല.
പള്‍സര്‍ സുനിയെ ഇറക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് കണ്ടെത്തണം, എന്നാല്‍ അതിന് പിന്നില്‍ ദിലീപാണെന്ന നിലയ്ക്കുള്ള സംശയം ജനിപ്പിച്ചിട്ട് കാര്യമില്ല. സുനിയെ ഇറക്കാന്‍ ശ്രമിക്കുന്നതാരെന്ന കാര്യം പുറത്തുകൊണ്ടുവരണം. അതിന് പിന്നില്‍ ഒരിക്കലും ദിലീപ് ആകില്ലെന്ന് ഉറപ്പാണ്. ദിലീപിനെ കുടുക്കാന്‍ വേണ്ടിയുള്ള തന്ത്രമാണോയെന്ന് അന്വേഷിക്കണം’,എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം ചില കേസുകളില്‍ ഇത്തരത്തില്‍ പ്രമുഖ അഭിഭാഷകര്‍ ഹാജരാകുന്നതിന് പിന്നില്‍ ചില ബന്ധങ്ങളാണെന്നും അക്കാര്യത്തില്‍ പൈസ മാനദണ്ഡമാണെന്ന് കരുതുന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ ബിഎ ആളൂര്‍ പറഞ്ഞു. ഇവിടെ പള്‍സര്‍ സുനി എന്നല്ല ഏത് പ്രതിയും എങ്ങനെയാണ് തന്റെ കേസ് അഭിഭാഷകനെ ഏല്‍പ്പിച്ചതെന്നും അതിന് വേണ്ടി പണം കണ്ടെത്തിയതെന്നും അന്വേഷിക്കാനുള്ള യാതൊരു അധികാരവും സര്‍ക്കാരിന് ഇല്ല.
അങ്ങനെ അന്വേഷണം നടത്താമായിരുന്നുവെങ്കില്‍ ഇവിടെ ഒരു അഭിഭാഷകര്‍ക്കും ഫീസ് വാങ്ങി അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രതി ഇറങ്ങിയാല്‍ പ്രതിയുടെ ജീവിന് ഭീഷണിയാണെന്നാണ് പറയുന്നത്. അപ്പോള്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് ജയില്‍ മോചിതനായാലും പ്രതിയുടെ ജീവന് ഭീഷണി ഉണ്ടാകില്ലേ? പ്രതി എങ്ങനെ അഭിഭാഷകനെ നിയമിച്ചു ആരെ നിയമിച്ചു എത്ര പണം കൊടുത്തു എന്നതൊന്നും അന്വേഷിക്കല് അല്ല സംസ്ഥാനത്തിന്റെ ചുമതല.
സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നത് ഇരയ്ക്ക് നീതി ലഭ്യമാക്കുകയെന്നതാണ്. അതിന് ലക്ഷ്യങ്ങളും കോടികളും ഇറക്കി യോഗ്യതയുള്ള അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്തുകയെന്നതാണ്. ദിലീപ് എന്ന പ്രതിക്ക് വേണ്ടി അഭിഭാഷകരെ ഏര്‍പ്പെടുത്തുന്നത് ചിലപ്പോള്‍ ദിലീപ് പോലും ആയിരിക്കണമെന്നില്ല. ഇതൊക്കെ അന്വേഷിക്കണമെന്നാണോ?’, എന്നും ബി എ ആളൂര്‍ പറഞ്ഞു.
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് തന്നെയാണ് അഭിഭാഷകയായ അഡ്വ ടിബി മിനിയും പറയുന്നത്. ‘വിചാരണ പൂര്‍ത്തീകരിക്കാനായി. പള്‍സര്‍ സുനി പുറത്തിറങ്ങുന്നത് ജീവന് ഭീഷണി തന്നെയായിരിക്കും. ഒന്നുകില്‍ ബാലചന്ദ്രകുമാര്‍ അല്ലെങ്കില്‍ സുനി ഇവരില്‍ രണ്ട് പേരില്‍ ഒരാള്‍ ഇല്ലാതായാല്‍ കേസ് തീര്‍ന്നു. അതുകൊണ്ട് സുനിക്ക് വലിയ ഭീഷണി ഉണ്ടാകാാന് സാധ്യത ഉണ്ട്. ഇത്രയും വലിയ വക്കീല്‍ ഫീസ് ഒക്കെ നല്കി സുപ്രീം കോടതിയില്‍ പോകാനുള്ള ശമ്പളമൊക്കെ സുനിക്ക് ജയിലില്‍ നിന്ന് കിട്ടുന്നുണ്ടോയെന്ന് അറിയില്ല.
മിഠായി മേടിക്കാന്‍ കാശില്ലാത്ത സുനിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്നത് ആരാണ്? ഇതൊക്കെ ഗൗരവമായിട്ടുള്ള വിഷയമാണ്. സുനിക്ക് വേണ്ടി ആരോ പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സുനി പുറത്തിറങ്ങേണ്ടത് പല ഉദ്ദേശങ്ങളും ഉണ്ടാകും. സുനി ജീവനോടെ ഉണ്ടെങ്കില്‍ അല്ലേ കേസ് ഉണ്ടാകൂ. സുനി ഇതുവരെ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയിക്കേണ്ടതുണ്ടെങ്കില് സുനിയെ കൈയ്യില്‍ കിട്ടേണ്ടേ?
ഇരയുടെ കാര്യത്തില്‍ ഒരുപക്ഷേ ശമ്പളം പോലും വാങ്ങാതെ അഭിഭാഷകര്‍ ഹാജരാകും. ക്രിമിനലിനെ അഭിഭാഷകന് സഹായിക്കാന്‍ വരുമ്പോള്‍ അത് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യാം. ആ ബന്ധം എന്താണെന്നാണ് അറിയേണ്ടത്. പൈസ വേണ്ട മറ്റ് ബന്ധം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടേ? സര്‍ക്കാര്‍ ഇക്കാര്യം അന്വേഷണം.
ഞങ്ങള്‍ ഒരുപക്ഷത്ത് നില്ക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് സ്വാഭാവികമായും സംശയം വരാം. വലിയ സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലാത്ത, ജയിലില്‍ കഴിയുന്ന, വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും കണക്ഷന് ഉണ്ടാക്കാന്‍ കഴിയുന്നത്. പള്‍സര്‍ സുനിയാണ് പൈസ കൊടുത്തതെങ്കില്‍ അത് എങ്ങനെ ലഭിച്ചു എന്നത് അന്വേഷിക്കണം’, എന്നും അഡ്വ ടിബി മിനി പറഞ്ഞു.
