എന്റെ ഭര്‍ത്താവിനോട് പറയാം ചര്‍ച്ചകള്‍ക്ക് ഒന്നും പോകാതെ കുഞ്ഞിനെ നോക്കി വീട്ടില്‍ ഇരിക്കാൻ …. പക്ഷെ’; ദീപ രാഹുല്‍ ഈശ്വര്‍ പറയുന്നു !
ചാനല്‍ ചര്‍ച്ചകളിലൂടെയായി മലയാളികള്‍ക്ക് പരിചിതനാണ് രാഹുല്‍ ഈശ്വര്‍. അവതാരകയായ ദീപയെയാണ് രാഹുല്‍ വിവാഹം ചെയ്തത്.ഇപ്പോഴിതാ ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന ആശയം ലോകത്തിന്റെ നാശത്തിനാണ് എന്ന് ദീപ രാഹുല്‍ ഈശ്വര്‍. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റല്‍ അടക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചക്കിടെ ആയിരുന്നു ദീപയുടെ പ്രതികരണം. സ്വന്തം കരിയര്‍ കളഞ്ഞിട്ട് സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നുവെന്ന വാദത്തോട് യോജിക്കാനില്ലെന്നും ദീപ പറഞ്ഞു.
സ്ത്രീയ്ക്ക് അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളും ഉണ്ട് എന്നത് പോലെ പുരുഷനും അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളുമുണ്ട്. പ്രകൃതി സൃഷ്ടിച്ച രീതിയില്‍ തന്നെ അതിനെ കാണണം എന്നും ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്ത്രീയെ പുരുഷന്റെ മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത് എന്നും അവര്‍
കൂട്ടിച്ചേര്‍ത്തു. ദീപ രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ…
നമ്മള്‍ ഒരു കാര്യത്തില്‍ മാത്രമായിട്ട് ഫോക്കസ് ചെയ്യുകയാണ്. അതായത് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു സമയം നിശ്ചയിച്ചിരിക്കുന്നു എന്നുള്ളതിനെ മാത്രം ഫോക്കസ് ചെയ്യുകയാണ്. എനിക്ക് പൂര്‍ണമായും യോജിപ്പാണ് സ്ത്രീയ്ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം വേണം എന്നതിനോട്. പുറത്തിറങ്ങിയ ഏതു മണിക്കൂറിലും നമുക്ക് നടക്കാന്‍ കഴിയണം എനിക്ക് ആ സ്വാതന്ത്ര്യം ആവശ്യമുണ്ട് എല്ലാവര്‍ക്കും ആവശ്യമുണ്ട്.
പക്ഷേ നമുക്ക് ഇപ്പോള്‍ സമൂഹത്തില്‍ അങ്ങനെ ഒരു സിറ്റുവേഷന്‍ അല്ല നിലനില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കണ്ണടച്ചുകൊണ്ട് നമ്മള്‍ ഈ കോളേജ് ഹോസ്റ്റലിന്റെ കാര്യം മാത്രം ചുറ്റിപ്പറ്റി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഫൂളിഷ്‌നെസ്സ് ആണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു പെണ്‍കുട്ടി 8 മണിക്ക് 9 മണിക്ക് കയറിവന്നാലും ആ സ്ത്രീ മറ്റെന്തോ കാര്യത്തിന് അതായത് മോശപ്പെട്ട കാര്യത്തിന് പോകുന്നു എന്ന് വിചാരിക്കുന്നു എന്നുള്ളതും വിചാരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
അങ്ങനെ വിചാരിക്കുന്നവരുണ്ട്. പക്ഷേ ഇത്ര നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ പിന്നില്‍ അത്തരം വിചാരങ്ങള്‍ അല്ല. നിയമങ്ങള്‍ തീര്‍ച്ചയായിട്ടും സ്ത്രീയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ. ആ കാര്യങ്ങളില്‍ നമ്മള്‍ റിവോള്‍ട്ട് ചെയ്തിട്ട് കാര്യമില്ല. നമ്മുടെ ചുറ്റുമുള്ള സമൂഹം അത്രയും പക്വതയുള്ളവര്‍ ആയിട്ടില്ല എന്നുള്ള സത്യം കണ്ണടച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമം എന്നുള്ളതില്‍ ഈ പാനലില്‍ ഉള്ള ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ പാടില്ല.
ഈയൊരു നിയമമുള്ളത് സ്ത്രീകളെ തളച്ചിടാന്‍ വേണ്ടിയല്ല. തീര്‍ച്ചയായും സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. നാളെ എനിക്കൊരു പെണ്‍കുട്ടിയുണ്ട് ആ പെണ്‍കുട്ടിയെ ഏതെങ്കിലും ഹോസ്റ്റലിലോ ബോര്‍ഡിങ്ങിലോ ആക്കണമെങ്കില്‍ ഒരു സമയപരിധിയും ഇല്ലാതെ ഒരു സുരക്ഷയും ഇല്ലാതെ കംപ്ലീറ്റ് ഫ്രീഡം ആക്കി വിടുന്ന ഹോസ്റ്റല്‍ ഞാന്‍ നോക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നില്ല നമ്മള്‍ അങ്ങനെ ചെയ്യുമെന്ന്.
നമ്മള്‍ എപ്പോഴും നോക്കുന്നത് നമ്മുടെ കുട്ടി സേഫ് ആയിട്ടുള്ള കൈകളില്‍ ആണോ എന്നാണ്. നിയമങ്ങളും ചട്ടങ്ങളും വളരെ പ്രധാനമാണ്. അതിന്റെ താല്പര്യം എന്താണ് എന്നുള്ളത് എല്ലാവരും മനസ്സിലാക്കുക. എനിക്കൊരു ആണ്‍കുട്ടിയാണ് എനിക്ക് പൂര്‍ണ്ണമായിട്ടും എന്റെ ഉത്തരവാദിത്വം അറിയാം. എന്റെ ആണ്‍കുട്ടി വളര്‍ന്നുവരുന്നത് നാളെ അവന് ചുറ്റുമുള്ള പെണ്‍കുട്ടികള്‍ക്ക് ഭയം കൊടുക്കുന്ന തരത്തില്‍ ആവരുത്. പൂര്‍ണ്ണമായിട്ടും സുരക്ഷിതയാക്കുന്ന ഒരു പുരുഷന്‍ ആയിട്ട് വളരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.ആ ഉത്തരവാദിത്വം എല്ലാ മാതാപിതാക്കളും ഏറ്റെടുത്ത് അതുപോലെ വളര്‍ന്നാല്‍ ഇന്നീ ചര്‍ച്ചയുടെ ആവശ്യം നമുക്കില്ല. നമ്മുടെ സമൂഹത്തിലെ സാഹചര്യം നോക്കി കഴിഞ്ഞാല്‍ കൂടുതല്‍ സംരക്ഷണം സ്ത്രീക്ക് തന്നെയാണ് ആവശ്യം.
സ്ത്രീക്ക് സ്ത്രീയുടെതായ സൗന്ദര്യമുണ്ട്. പുരുഷന് പുരുഷന്റെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. പുരുഷന് പുരുഷ സൗന്ദര്യവും ഉണ്ട്. ഒരു പുരുഷന്റെ ഹോസ്റ്റല്‍ ആണെങ്കില്‍ പുരുഷന്‍ മതില്‍ ചാടും അപ്പോള്‍ നാളെ സ്ത്രീകളും മതില്‍ ചാടണം എന്നാണോ പറയുന്നത്.ഒരു തുല്യതയ്ക്ക് വേണ്ടി സ്ത്രീയും നാളെ മതില്‍ ചാടട്ടെ. എല്ലാത്തിനും അതിന്റെതായ സൗന്ദര്യമുണ്ട്. പ്രകൃതി സൃഷ്ടിച്ച രീതിയുണ്ട്. അതിനെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കണം എന്നുള്ളതാണ് എന്റെ ആദ്യത്തെ പോയിന്റ്. ആറുമണിക്ക് എന്നെ കയറണം എന്നൊന്നും ഞാന്‍ പറയുന്നില്ല.
പക്ഷേ ഒരു കണ്ണ് വേണം. കരിയര്‍ കളഞ്ഞിട്ട് സ്ത്രീകള്‍ കുഞ്ഞുങ്ങളെ നോക്കുന്നു അങ്ങനെ കുറെ സ്ത്രീകള്‍ ബുദ്ധിമുട്ടാകുന്നു എന്നൊക്കെ പറയുന്നുണ്ട്. അതിലൊന്നും കാര്യമില്ല. ഞാനൊരു സ്ഥാപനത്തിലെ എച്ച്ആര്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്.ഒരുപാട് തവണ സ്ത്രീകളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അവരു തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. പക്ഷേ അതിന് നമ്മള്‍ മറ്റൊരു കണ്ണില്‍ കാണണം എന്നുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. സ്ത്രീയെ പുരുഷന് മുകളിലല്ലേ നമ്മള്‍ ശരിക്കും പ്ലേസ് ചെയ്യേണ്ടത്. നമുക്കങ്ങനെ എല്ലാം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് നമ്മള്‍ അങ്ങനെ മുകളില്‍ മുകളിലേക്ക് പോകുന്നത്. നമുക്ക് കരിയര്‍ കൊണ്ടുപോകാന്‍ പറ്റും കുഞ്ഞുങ്ങളെ നോക്കാന്‍ പറ്റും.
നാളെ എനിക്ക് എന്റെ ഭര്‍ത്താവിനോട് പറയാം ചര്‍ച്ചകള്‍ക്ക് ഒന്നും പോകാതെ കുഞ്ഞിനെ നോക്കി വീട്ടില്‍ ഇരിക്കു എന്ന്.പക്ഷേ എനിക്കുറപ്പാണ് ഞാന്‍ നോക്കുന്ന പോലെ അവനെ നോക്കാന്‍ ഒരു പുരുഷനും കഴിയില്ല എന്നുള്ളത്. ആ കോണ്‍ഫിഡന്‍സ് എല്ലാ സ്ത്രീക്കും വേണം. സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലാണ്. അതുകൊണ്ടാണല്ലോ സ്ത്രീയും പുരുഷനും രണ്ട് ജെന്‍ഡര്‍ ആവുന്നത്. അല്ലെങ്കില്‍ രണ്ടു ജെന്റര്‍ ആവശ്യമില്ലല്ലോ. ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന് പറയുന്നത് നമ്മുടെ മുഖത്ത് നമ്മള്‍ ഇടുന്ന ഒരു മാസ്‌ക്കാണ്. പുരുഷനെക്കൊണ്ട് പറ്റാത്തത് സ്ത്രീക്ക് ചെയ്യാം സ്ത്രീക്ക് പറ്റാത്തത് പുരുഷന്‍ ചെയ്യുക അങ്ങനെയാണ് വേണ്ടത്. ജെന്‍ഡര്‍ ഇക്വാലിറ്റി എന്നുള്ള കോണ്‍സെപ്റ്റ് ഈ ലോകത്തെ നാശത്തിലേക്ക് കൊണ്ടുപോകും
