Movies
ലേറ്റായാലും സാരമില്ല, ലേറ്റസ്റ്റായി തന്നെ വരും!; പുഷ്പയുടെ റിലീസ് മാറ്റിവെച്ചു, പുതിയ തീയതി പുറത്ത്
ലേറ്റായാലും സാരമില്ല, ലേറ്റസ്റ്റായി തന്നെ വരും!; പുഷ്പയുടെ റിലീസ് മാറ്റിവെച്ചു, പുതിയ തീയതി പുറത്ത്
അല്ലു അര്‍ജുന്‍ ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 15 ന് ചിത്രം റിലീസിനെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഡിസംബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുറത്ത് വരുന്ന പുതിയ വിവരം. ഡിസംബര്‍ 6 ന് ആയിരിക്കും ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുക. നേരത്തെ, ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതിനാല്‍ തന്നെ റിലീസ് മാറ്റിവെയ്ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ആഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ചതിനാല്‍ എത്രയും വേഗം എഡിറ്റിംഗ് പരിപാടികള്‍ ചെയ്ത് തീര്‍ക്കാനുള്ള തന്ത്രപ്പാടിലായിരുന്നു പ്രവര്‍ത്തകര്‍.
എന്നാല്‍ എല്ലാ കാര്യങ്ങളും വളരെ മികച്ചത് ആക്കുന്നതിന് വേണ്ടി കുറച്ചധികം സമയം വേണ്ടി വരുമെന്നും അതിനാലാണ് റിലീസ് തീയതി മാറ്റിയതെന്നുമാണ് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ ആദ്യഭാഗം 2021 ഡിസംബര്‍ 17നാണ് റിലീസ് ചെയ്തത്. അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ഈ ചിത്രം മാറിയിരുന്നു. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം.
അതുകൊണ്ടു തന്നെ പുഷ്പ2 വും ഡിസംബറില്‍ റിലീസ് ചെയ്യാനാകും ഉദ്ദേശമെന്ന് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ടായിരുന്നു. അടുത്തിടെ ആദ്യഭാഗത്തിന്റെ എഡിറ്റാറായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതും ഏറെ വാര്‍ത്തയായിരുന്നു. റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും തിരക്കുകള്‍ മൂലം ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് പുഷ്പ 2വിന്റെയും സംവിധാനം. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യ ഭാഗത്തേത് പോലെ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ എത്തിച്ചുകൊണ്ടവസാനിച്ച പുഷ്പയുടെ തുടര്‍ച്ചയ്ക്കായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2വിലുള്ള പ്രതീക്ഷ വാനോളമാണ്.
