Social Media
ജയിലിന് പുറത്തിറങ്ങിയ പൾസർ സുനിയെ പൂമാലയിട്ടും മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ
ജയിലിന് പുറത്തിറങ്ങിയ പൾസർ സുനിയെ പൂമാലയിട്ടും മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസമായിരുന്നു ജയിലിൽ നിന്ന് പുറത്തെത്തിയത്. ഏഴരവർഷത്തിന് ശേഷം പുറത്തെത്തിയ പൾസർ സുനിയെ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൂമാലയിട്ടാണ് സ്വീകരിച്ചത്. മുദ്രാവാക്യം വിളിക്കുകയും പൂക്കൾ വിതറുകയും ചെയ്തു.
എന്നാൽ പുറത്തിറങ്ങിയ സുനി ആരോടും പ്രതികരിക്കാൻ നിൽക്കാതെ കാറിൽ കയറി പോയി. പൾസർ സുനിയെ ഏഴരവർഷമായി വിചാരണ തടവുകാരനായി ജയിലിലിട്ടത് അന്യായമാണെന്ന് ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധകൾ പറഞ്ഞത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം.
ഇവിടെ അങ്ങനെയല്ല, ഒരു ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ ഏഴര വർഷമായി ജയിലിലിട്ടു. അതും റിമാൻഡ് തടവുകാരനായി സബ്ജയിലിലാണ് അദ്ദേഹം കഴിഞ്ഞത്. കുറ്റം ചെയ്ത ഒരുപാട് സ്ത്രീകളെ പുറത്ത് വിടുന്നുണ്ട്. ഷാരോണിനെ കൊലപ്പെടുത്തിയ കഷായം ഗ്രീഷ്മ എത്ര നാൾ ജയിലിൽ കിടന്നു.
ഇവിടെ ആണിന് ഒരു നീതി, പെണ്ണിന് ഒരു നീതി എന്ന് പറയുന്നത് ശരിയല്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കേസ് തീർക്കുകയാണ് വേണ്ടത്. അതിന് ആരും തയ്യാറാവുന്നില്ല. ഇനിയും വർഷങ്ങൾ നീണ്ടുപോവാനാണ് സാധ്യത. ഇപ്പോൾ സുപ്രീംകോടതിയാണ് പൾസർ സുനിക്ക് ജാമ്യം നൽകാൻ നിർദേശിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം കർശന ജാമ്യ വ്യവസ്ഥകളോടെയാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ.